July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഉന്നാവോകൾ ആവർത്തിക്കാതിരിക്കട്ടെ… കളരിയിലെ ആൺകോയ്മ പൊളിച്ചെഴുതി പെൺകരുത്ത്

Janayugom Webdesk
December 12, 2019

തിരുവനന്തപുരം: ” എനിക്ക് മാർഷൽ ആർട്സിനോടായിരുന്നു താൽപര്യം, മൂന്ന് വർഷം കരാട്ടെ പരിശീലിച്ചിട്ടുണ്ട്. പക്ഷേ അതിൽ നിന്നും മാറി പുതുതായി എന്തെങ്കിലും പഠിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കേരളത്തിൽ എത്തിയത്. കളരി പരിശീലനം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്, അത് മാർഷൽ ആർട്സ് ഫോമുകളിൽ നിന്ന് വ്യത്യസ്തമാണ്… ശരിക്കും ഇത്തരമൊരു പരിശീലനമാണ് ഞാൻ ആഗ്രഹിച്ചതും ” കേരളത്തിൽ കളരിപ്പയറ്റ് പരിശീലിക്കാനെത്തിയ കൽക്കട്ടക്കാരിയായ പന്ത്രണ്ടുകാരി ശുക്തി പറഞ്ഞു. ഒരു മാസമായി ശുക്തി കളരി അഭ്യസിക്കുകയാണ്. മുൻ കാലങ്ങളിലായിരുന്നെങ്കില്‍ 12 വയസുകാരി എന്തിനാണ് ഇത്ര ചെറുപ്രായത്തിലേ ആയോധനകല അഭ്യസിക്കാൻ ഇത്രയും ദൂരം കടന്നെത്തിയതെന്നറിയാൻ തെല്ലൊന്ന് ആകാംക്ഷ എല്ലാവർക്കും തോന്നിയേനെ. പക്ഷേ ഉന്നാവോകൾ ആവർത്തിക്കുന്ന വർത്തമാനകാല സ്ഥിതിയിൽ അത്തരം ആകാംക്ഷകൾക്ക് പ്രസക്തിയില്ല.

യുവതികൾക്കായുള്ള കളരി പരിശീലന പരിപാടിയില്‍ കളരി പഠിപ്പിക്കാനെത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഇപ്പോൾ ശുക്തി. ശുക്തിയെക്കൂടാതെ മറ്റ് രണ്ട് അതിഥികളുമുണ്ട്, മോണിക്കയും ജനീനയും. ഇരുവരും ജർമൻ സ്വദേശികളാണ്. കളരി സംഘത്തിനൊപ്പം കുറച്ചു നാളായി ഇവരും കൂടിയിട്ടുണ്ട്. 2018 ലെ പെൺപയറ്റ് എന്ന പരിശീലന പരിപാടിയിലും ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. യുവജനക്ഷേമബോർഡ് യുവതികൾക്കായി സംഘടിപ്പിക്കുന്ന ‘പെൺകരുത്ത്’ കളരി പരിശീലനം ശരിക്കും പെൺകരുത്തിന്റെ ഉണർത്തലാണ്. അരക്ഷിതത്വത്തിന്റെ കരിനിഴലുകളിൽ പെൺജീവിതങ്ങൾ തളച്ചിടപ്പെടുമ്പോൾ, അവർക്ക് മാനസികവും ശാരീരീകവുമായ ശക്തി പകരുന്നതിനും, സ്വയം രക്ഷയ്ക്കുമായി അവരെ പ്രാപ്തരാക്കുകയാണ്. അതിനായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ പൈതൃക കലയായ കളരിയാണ്. മാരുതി മർമ ചികിത്സാ കളരി സംഘത്തിലെ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് 750 ഓളം യുവതികൾക്ക് പരിശീലനം നൽകി വരുന്നത്.

ചുവടുകളും സ്വയം രക്ഷാ മാർഗങ്ങളുമാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. അജിത്ത് കുമാറിന്റെ സഹോദരി ഇന്ദിര കുമാരി ഉൾപ്പെടെ 18 വനിതകളാണ് 750 യുവതികളെയും പരിശീലിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇത്തരം പരിശീലന പരിപാടികൾ അത്യാവശ്യമാണെന്ന് പരിശീലകരിൽ ഒരാളായ രോഹിണി അഭിപ്രായപ്പെട്ടു. സ്വയം രക്ഷാ പാഠങ്ങള്‍ അത്യാവശ്യമായ സമൂഹികസ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ പേർ ഈ രംഗത്ത് എത്തണമെന്നും രോഹിണി പറഞ്ഞു. യുവതികളെ സമൂഹത്തിന്റെ മുന്നിലേക്ക് നയിക്കാൻ വരും വർഷങ്ങളിലും ഇത്തരം ക്യാമ്പെയിനുകളുടെ തുടർച്ചയുണ്ടാകുമെന്ന് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു പറഞ്ഞു. 19 ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സൂര്യകാന്തിയിൽ വച്ച് പരിശീലനം പൂർത്തിയാക്കുന്ന 750 പേരുടെ അഭ്യാസ പ്രകടനങ്ങളുടെയും സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.