കാലത്തിന്റെ ജീവചരിത്രം

Web Desk
Posted on August 10, 2019, 11:03 pm

വി വി കുമാര്‍

‘ഹൃദയരാഗങ്ങള്‍’ എന്ന തന്റെ ആത്മകഥയുടെ ആമുഖമായ ‘സത്യപ്രതിജ്ഞ’യില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ എഴുതുന്നു-
”ആത്മകഥയെഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാവുമോ? അപ്രിയമായവ മറച്ചുപിടിക്കേണ്ടിവരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും കഴിയില്ല. അത് ആത്മാവിന്റെ അനുശാസനങ്ങള്‍ക്ക് വിരോധമാണ്.”
എല്ലാ മനുഷ്യരെയും മാത്രമല്ല, സകലചരാചരങ്ങളെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നാമറിയുന്ന ജോര്‍ജ് ഓണക്കൂര്‍ എന്ന എഴുത്തുകാരന്‍. അതുകൊണ്ടുതന്നെ ഹൃദയരാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ കടന്നുപോകുമ്പോള്‍ അത് സ്‌നേഹത്തിന്റെ പുസ്തകമായാണ് നമുക്ക് അനുഭവപ്പെടുന്നത്.
കൂത്താട്ടുകുളത്തിനടുത്തെ ഓണക്കൂര്‍ എന്ന ഗ്രാമത്തെപ്പറ്റി ലോകത്തെമ്പാടുമുള്ള മലയാളി വായനക്കാര്‍ അറിയുന്നത് ജോര്‍ജ് ഓണക്കൂറിലൂടെയാണ്. നെല്‍പ്പാടങ്ങളും തോടും വരമ്പും കൈതക്കാടുകളും ഒക്കെയുളള തനി നാട്ടിന്‍പുറം. അവിടെ തന്റെ സഹപാഠിയായിരുന്ന ഭരണകൂട ഭീകരതയ്ക്കിരയായ പാമ്പാക്കുട അയ്യപ്പന്റെ ഓര്‍മയിലാണ് ജോര്‍ജ് ഓണക്കൂര്‍ ആദ്യ കഥയെഴുതുന്നത്. ‘കാരാഗൃഹത്തില്‍’ കൗമുദി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് അക്കഥ വന്നത്. അത് പിന്നീട് ‘ഇല്ലം’ എന്ന മനോഹരമായ നോവലായി വികസിച്ചു. ഇല്ലം സമര്‍പ്പിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികള്‍ക്കാണ്. ആത്മദുഃഖങ്ങളുടെ കുരിശുകള്‍ പേറി, നിസ്സഹായനായി പിടയുന്ന ഭദ്രന്‍ എന്ന യുവാവിന്റെ സങ്കീര്‍ണമായ ജീവിതം മാത്രമല്ല, ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും നിറഞ്ഞ നോവലാണ് ‘ഇല്ലം’.
”കരിഞ്ഞുണങ്ങിയ നെല്‍പ്പാടങ്ങള്‍ക്കപ്പുറം കരഭൂമിയില്‍ കരിമ്പനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മനസില്‍ നടുക്കമുണ്ടാക്കുന്ന ഭൂതകാല സ്മരണപോലെ. ചുടുകാറ്റാണ് വീശുന്നത്. തീവണ്ടിയുടെ കറുത്ത പുക അന്തരീക്ഷത്തില്‍ കാളിമ കലര്‍ത്തുന്നു.” (ഇല്ലം)
ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമായി ചെറുപ്രായത്തില്‍ത്തന്നെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായി വന്ന ജോര്‍ജ് പെട്ടെന്നുതന്നെ വിദ്യാര്‍ഥികളുടെ ആരാധനാപാത്രമായി. പോരാത്തതിന് ഉള്‍ക്കടല്‍ നോവലും സിനിമയും നല്‍കിയ പ്രശസ്തി. കോളജ് കാമ്പസില്‍ ഹരമായി മാറി ഉള്‍ക്കടല്‍ നോവലും അതിന്റെ സൃഷ്ടാവും. കലയിലും സാഹിത്യത്തിലും തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവനായിരുന്നു ജോര്‍ജ് ഓണക്കൂറെന്ന എഴുത്തുകാരനും അധ്യാപകനും. ഇതൊക്കെ മതി അക്കാലത്ത് ആരാധകരേയും അസൂയാലുക്കളേയും സൃഷ്ടിക്കാന്‍. അസൂയാലുക്കളുടെ പ്രേരണയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. പക്ഷേ അതേ കോളജില്‍ത്തന്നെ വകുപ്പ് അധ്യക്ഷനായി തിരിച്ചെത്തി എന്നതാണ് കൗതുകകരം. ഇടവേളയില്‍ ദീപികയുടെ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനത്തിലും തിളങ്ങി.
ജോര്‍ജിലെ യുവത്വത്തിന്റെ തീക്ഷ്ണത എഴുത്തിലും അധ്യാപനത്തിലും മാത്രമല്ല, സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. മാനേജ്‌മെന്റിനെതിരെയുളള സമരങ്ങളില്‍ മുന്നണിയില്‍ നിന്ന് പോരാടി. ദിവസങ്ങള്‍ നീണ്ട ഡയറക്ട് പേമെന്റ് സമരം. സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാനുള്ള തീരുമാനമുണ്ടാകുന്നു. സമര തീക്ഷ്ണതയോടൊപ്പം എഴുത്തുകാരന്റെയുള്ളില്‍ ഒരു നോവല്‍കൂടി പിറവിയെടുക്കുന്നു. ‘സമതലങ്ങള്‍ക്കപ്പുറം.’
”സമരത്തില്‍ വിഭ്രാന്തിപൂണ്ട മാനേജ്‌മെന്റ് അധ്യാപകരെ കായികമായി നേരിടുന്നതിന് കോളജ് സംരക്ഷണ സമിതി എന്ന പേരില്‍ ഗുണ്ടാസേനയെ രൂപവല്‍ക്കരിക്കുന്നു. അവര്‍ ഞങ്ങളുടെ വീടുകള്‍ ലക്ഷ്യമാക്കി പ്രകടനം നടത്തി. ഒരു രാത്രിയില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീടിന്റെ സമീപത്തുകൂടി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൂവി കുറേപ്പേര്‍ കടന്നുപോയി. കല്ലുകള്‍ വന്നുവീണ് വീടിന്റെ ഓടുകള്‍ തകര്‍ന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.”
സൗഹൃദവും ആദരവും തോന്നിയിട്ടുള്ള വ്യക്തികളെ അവതരിപ്പിക്കുമ്പോള്‍ അവരോടൊത്തുളള നിമിഷങ്ങളും സംഭവങ്ങളും കഥപോലെ പറഞ്ഞുപോകുന്നു എന്നതാണ് ഈ ആത്മകഥനത്തിന്റെ മറ്റൊരു സവിശേഷത.
”ജീവിതത്തില്‍ എത്രയോ മഹാത്മാക്കളെ പരിചയപ്പെട്ടു. അതിനിടയില്‍ നക്ഷത്രശോഭയോടെ തിളങ്ങുന്ന ഒരു മഹാവ്യക്തിത്വം, കേണല്‍ ഗോദവര്‍മ്മരാജ. പ്രീഡിഗ്രി ക്ലാസുകളിലെ പ്രവേശനം നടക്കുന്ന സമയം. പ്രിന്‍സിപ്പാള്‍ പണിക്കരച്ചന്‍ എന്നെ വിളിപ്പിച്ചു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രിന്‍സിനെ ചേര്‍ക്കാന്‍ കേണല്‍ ഗോദവര്‍മ്മ രാജ വരുന്നു. താഴെപ്പോയി അദ്ദേഹത്തെ സ്വീകരിച്ച് കൂട്ടിക്കൊണ്ടുവരണം. സന്തോഷത്തോടെ പോര്‍ട്ടിക്കോയില്‍ കാത്തുനിന്നു. ശംഖുമുദ്രയുളള കാറില്‍ കേണല്‍ രാജ വന്നിറങ്ങുന്നു. കൂടെ മകന്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ, ചെറിയകുട്ടി. അവരോടൊത്ത് പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി. അദ്ദേഹം ആദരപൂര്‍വം വിശിഷ്ടാതിഥിയെ വരവേറ്റു. ഇരിക്കാന്‍ ക്ഷണിച്ചു. കേണല്‍ രാജ ഇരുന്നുകഴിഞ്ഞപ്പോള്‍ പിന്നില്‍ നില്‍ക്കുന്ന മകനോട് പണിക്കരച്ചന്‍ പറഞ്ഞു-
‘യു ആള്‍സോ സീറ്റ്’
പ്രിന്‍സ് ഇരിക്കാനൊരുങ്ങുമ്പോള്‍ ഗോദവര്‍മ്മ രാജ തടഞ്ഞു.
”ഫാദര്‍ ഡു യു ഗിവ് ദിസ് പ്രിവിലേജ് റ്റു എനി അദര്‍ സ്റ്റുഡന്റ്.”
പ്രിന്‍സിപ്പാള്‍ ചിരിച്ചു. പ്രവേശനത്തിനു വരുന്ന കുട്ടികള്‍ക്ക് അങ്ങനെയൊരു സ്വീകരണം അപൂര്‍വം. അതു മനസിലാക്കിയ മഹാനായ അച്ഛന്റെ പ്രതികരണം-
‘ദെന്‍, ലെറ്റ് ഹിം സ്റ്റാന്റ്’
താന്‍ കൂടി പങ്കാളിയായ ഒരു സംഭവകഥയിലൂടെ ഒരു വ്യക്തിയുടെ മഹിമ മാത്രമല്ല, ഒരു കാലത്തിന്റെ സവിശേഷതയും ചരിത്രവും മാറിമറിയുന്ന സ്‌നേഹത്തിന്റെയും ആദരവിന്റെയും സങ്കല്‍പങ്ങള്‍ കൂടി ഹൃദയരാഗങ്ങള്‍ പറഞ്ഞുപോകുന്നുണ്ട് എന്നത് ഈ കൃതിയുടെ സവിശേഷതയാണ്.
സ്വജീവിതത്തിലെ പ്രണയനൂല്‍പ്പാലത്തിലൂടെ കടന്ന് ഉള്‍ക്കടലിലെത്തിയ കാമുകഹൃദയം. പരാജയപ്പെടാന്‍ വിധിക്കപ്പെട്ട കാമുകജന്മം. കുറച്ചുദൂരം നടന്ന് ബസില്‍ കയറിയാല്‍ കണ്‍സഷന്‍ ടിക്കറ്റില്‍ രണ്ടു രൂപ ലാഭിക്കാം. അത് നിര്‍ദ്ധനനായ അച്ഛന് സഹായകമാകും എന്നു കരുതിയ കുട്ടിക്ക് ബസിന്റെ ഫ്രീപാസ് നല്‍കാന്‍ ശ്രമിച്ച പെണ്‍കുട്ടി. അവള്‍ അതിലൂടെ പാവപ്പെട്ട സഹപാഠിയുടെ അവസ്ഥയില്‍ സഹതപിക്കുകയല്ല, ജോര്‍ജെന്ന ചെറുപ്പക്കാരനെ പ്രേമിക്കുകതന്നെയായിരുന്നു.
കോളജ് സാഹിത്യ സമാജം പ്രസിദ്ധപ്പെടുത്തിയ മാസികയില്‍ കഥ അച്ചടിച്ചു വന്ന അടുത്തദിവസം അജ്ഞാതയായ ഒരു പെണ്‍കുട്ടി പകര്‍ത്തിയെഴുതി കുറേ മുല്ലപ്പൂക്കളുമായി ഒരു കവറില്‍ അയച്ചുകൊടുത്തു. പിന്നെ ഇടയ്ക്കിടെ ഓര്‍മ പുതുക്കുംപോലെ ഓരോരോ കുറിപ്പുകള്‍. അവയില്‍ കീറ്റ്‌സിന്റെ കവിതാശകലവും ശലമോന്റെ ഉത്തമഗീതങ്ങളിലെ വരികളും. ഒടുവില്‍ പ്രണയിനിയാരെന്ന് തിരിച്ചറിയുന്ന സുന്ദരനിമിഷം ഒരു ചലച്ചിത്രത്തിലെന്ന പോലെ വായിച്ചുപോവുക-
”ആ ഉത്തരക്കടലാസ് അവന്റെ കൈയിലിരുന്ന് തിളങ്ങി. അക്ഷരങ്ങളില്‍ തീക്ഷ്ണമായ പ്രകാശം വ്യാപിച്ചു. അതിന്റെ ഉടമയെ ശ്രദ്ധിക്കുമ്പോള്‍ അവള്‍ മുഖം കുനിച്ച് കണ്ണുകള്‍ ഗൂഢസ്മിതത്തോടെ അവന്റെ നേര്‍ക്ക് തിരിക്കുകയായിരുന്നു. അത് അവള്‍ തന്നെയായിരുന്നു.”
മനോഹരമായ തലക്കെട്ടുകളോടെയാണ് ഓരോ അധ്യായവും തുടങ്ങുന്നതും. കൊടുങ്കാറ്റുകള്‍ ഒഴിഞ്ഞുപോകുന്നു, രക്ഷയുടെ വഴി, അവകാശസമരത്തിന്റെ ശേഷപത്രം, അന്ത്യമാം രംഗം തീര്‍ന്നു, നീലാകാശവും നക്ഷത്രങ്ങളും, പ്രണയ നദിയുടെ തീരം, ഞാന്‍ ഒരു വീട് എന്നിങ്ങനെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹരമായ തലക്കെട്ടുകള്‍. അതിലൂടെ നമ്മള്‍ ഇതുവരെ വായിച്ചിട്ടില്ലാത്ത അപൂര്‍വ ജീവിതക്കാഴ്ചകള്‍ തെളിയുന്നു. നന്മനിറഞ്ഞ അമ്മയില്‍ തുടങ്ങി ആകാശനീലിമയിലവസാനിക്കുമ്പോള്‍, അത് ജോര്‍ജ്ജ് ഓണക്കൂറിന്റെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായി മാറുന്നു. സാധാരണയില്‍ സാധാരണക്കാരായ മനുഷ്യര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, ഇന്ദിരാഗാന്ധിയെപ്പോലുള്ള ഉന്നത ശീര്‍ഷരായ രാഷ്ട്രീയ നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയൊക്കെ സ്‌നേഹത്തോടെ സ്പര്‍ശിച്ചുപോകുന്നുണ്ട് ഹൃദയരാഗങ്ങളില്‍.
കമ്മ്യൂണിസ്റ്റ് വേട്ട നടന്ന നാല്‍പതുകളില്‍ സ്വന്തം ഗ്രാമവും ബന്ധുക്കളും പലര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളവും തിരുമാറടിയും ഒക്കെ നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലം. ഓണക്കൂറിന്റെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ വടക്കുനിന്ന് ‘ഒരതിഥി’ എത്തിയിട്ടുണ്ടെന്ന് മണത്തറിഞ്ഞ പൊലീസ് വീടു വളഞ്ഞു.
”ആരാണിവിടെ പുതുതായി വന്ന ആള്‍?”
കാക്കിക്കുള്ളിലെ പിശാച് ചോദ്യം ചെയ്തു.
‘എന്റെ അളിയന്‍ പട്ടാളത്തില്‍ നിന്ന് മലമ്പനി പിടിച്ച്
വന്നിട്ടുണ്ട്. ദാ, അകത്തുകിടപ്പുണ്ട്. വന്നു നോക്ക്.’
ഗൃഹനാഥന്‍ കൂസലില്ലാതെ പറഞ്ഞു.
അടഞ്ഞുകിടന്ന ജനാലവലിച്ചു തുറന്ന് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചു. കരിമ്പടം പുതച്ച് ഒരാള്‍ കട്ടിലില്‍ കിടപ്പുണ്ട്. വിറച്ചു തുള്ളുകയാണ്. ഞരങ്ങുന്നുമുണ്ട്. ജനല്‍പ്പാളി വലിച്ചടച്ച് പൊലീസുകാര്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു. പകരുന്ന രോഗമാണ് കരുതല്‍ വേണം.”
അന്ന് തുള്ളല്‍പ്പനി അഭിനയിച്ച് കരിമ്പടത്തിനുള്ളില്‍ കഴിഞ്ഞ ‘അളിയന്‍’ സഖാവ് സി അച്യുതമേനോനായിരുന്നു.
അച്യുതമേനോന്‍ മാത്രമല്ല, ടി കെ രാമകൃഷ്ണനും ടി എം ജേക്കബും കെ കരുണാകരനും പികെവിയും ഉള്‍പ്പെടെ കേരള ചരിത്രത്തില്‍ ഇടം നേടിയ ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, സാധാരണക്കാരായ മനുഷ്യര്‍, ഒക്കെ നന്മയുടെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തി ഈ കൃതിയിലൂടെ ഉണര്‍ന്നു വരുന്നുണ്ട്. പി കേശവദേവ്, തകഴി, ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി സി കുട്ടിക്കൃഷ്ണന്‍, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട്, എം എം ബഷീര്‍, ഒഎന്‍വി എന്നീ മഹാരഥന്മാരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ അക്കാദമി, സര്‍വവിജ്ഞാന കോശ ഇന്‍സ്റ്റിറ്റിയൂട്ട്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എന്നീ സ്ഥാപന ചരിത്രങ്ങളിലൂടെ, ദൃഢമായ സൗഹൃദങ്ങളിലൂടെ ഗ്രാമീണ പഥങ്ങളിലൂടെയുള്ള ഹൃദയരാഗ സഞ്ചാരം ജോര്‍ജ് ഓണക്കൂറിന്റെ ആത്മകഥ മാത്രമല്ല, ഒരു നീണ്ട കാലത്തിന്റെ ജീവചരിത്രം കൂടിയാണ്.

വി വി കുമാര്‍
ടി സി 22/909
എആര്‍എ 61
സുരഭി
ആറ്റുകാല്‍, മണക്കാട് പി ഒ
തിരുവനന്തപുരം 695009