Friday
22 Feb 2019

കാലത്തിന്റെ കണ്ണാടി 

By: Web Desk | Sunday 24 December 2017 1:37 AM IST

മുകുന്ദന്‍ പിള്ള 

തീയറ്ററിന്റെ സകലവിധ സമ്പ്രദായങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്, വിശാലമായ ചതുപ്പുനിലം. മുക്കാല്‍ ഭാഗവും താഴ്ന്നുപോയ രണ്ടു മുറിയും അടുക്കളയും തിണ്ണയുമുള്ള ഒരു സാധാരണ വീടും, അവിടേക്കു വരാനുള്ള ഏക മാര്‍ഗ്ഗമായ, എന്നാല്‍ ആര്‍ക്കും കടന്നുവരാന്‍ പാകമല്ലാത്തതുമായ ഒരു നടവരമ്പമാണ് പശ്ചാത്തലം. നിലവില്‍ നമ്മള്‍ മുന്നോട്ടു വച്ച ശാസ്ത്രീയ പുരോഗമനത്തിന്റെ ഭീകരമായ അവസ്ഥയെ ഒരു പ്രദേശം മുഴുവന്‍ ചതുപ്പുനിലമായി പോയതിന്റെ ഉത്തരവാദിത്വം നിലവിലെ സാമൂഹിക പരിസരം ഒരുക്കിയവര്‍ക്കാണെന്ന് പ്രഖ്യാപിക്കുന്ന ‘രണ്ടു മുറി അടുക്കള തിണ്ണ’ എന്ന നാടകം ഇനി വരാന്‍ പോകുന്ന കാലത്തിന്റെ അപകടങ്ങളെ  ഓര്‍മ്മപ്പെടുത്തുന്നതാണ്.

പോലീസ്,പട്ടാളം,ഫയര്‍ഫോഴ്‌സ്,തുടങ്ങിയ ഭരണകൂട സംവിധാനങ്ങള്‍ നിശബ്ദമാകുന്നിടത്ത് – സകല നിയന്ത്രണങ്ങളും വിട്ട് ഭ്രാന്തനെപ്പോലെ മേല്‍ക്കൂരയുടെ മുകളില്‍ കയറിയിരുന്ന് ‘എന്റെ സത്യാന്വേഷണ പരീക്ഷണ’ കഥ കാണാപ്പാഠം പഠിച്ച് കുട്ടികള്‍ക്ക് ഗാന്ധിമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്ന അറിവിന്റെ വായനശാലയായ തന്റെ പ്രിയ ജ്യേഷ്ഠന്‍ കൃഷ്ണനേയും, ഒരു ദേശം കളക്ടറാകാന്‍ പഠിപ്പിക്കുന്ന തന്റെ സഹോദരീപുത്രി ശ്രീപ്രിയയേയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നിടത്താണ് ‘രണ്ടു മുറി അടുക്കള തിണ്ണ’ എന്ന ദുരന്ത നാടകം ആരംഭിക്കുന്നത്. സ്വന്തമായി ഉപനയനം നടത്തി ബ്രാഹ്മണനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചന്ദ്രന്‍ മേല്‍ക്കൂരയിലിരുന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായതിന്റെ വര്‍ണ്ണന ആരംഭിക്കുന്നു. ഇവിടെ മനോരോഗം പകര്‍ച്ചവ്യാധിയാകുന്നതുപോലെ ചതുപ്പുനിലം പകര്‍ച്ചവ്യാധിയാണെന്ന് പറയുന്ന ചന്ദ്രന്‍ തന്നെ തിരുമേനി എന്നു വിളിക്കുന്നതില്‍ കുളിര് അനുഭവിക്കുകയാണ്.ജീവിതം മൊത്തത്തില്‍ താണുപോയതിന്റെ കണക്കെടുപ്പ് നടത്തുകയാണ് ആര്‍ഡിഒ എന്ന് സരസമായി പറയുന്ന ചന്ദ്രന്‍, സിലബസിലില്ലാത്തതാണ് സംഭവിച്ചതെന്നു ചന്ദ്രനോട് കയര്‍ക്കുന്ന ആര്‍ഡിഒ – ഇവിടെ പുരോഗമനം നിശ്ചലമായി നിന്നുകൊണ്ട് അതിന്റെ ദുരന്തം ഏറ്റുവാങ്ങുകയാണ്. ചതുപ്പുനിലമായ ഈ അവസ്ഥ കണ്ണുകാണുന്നവന്മാരെല്ലാം കൂടി ഉണ്ടാക്കിയ അവസ്ഥയാണെന്ന് നടവരമ്പിലൂടെ തപ്പിത്തടഞ്ഞ് മേല്‍ക്കൂരയിലേക്ക് വരുന്ന അന്ധന്‍ പറയുന്നിടത്ത് ‘ഒരു അന്തര്‍ദേശീയ അപകടമാണ് ‘ സംഭവിച്ചതെന്ന് മേല്‍ക്കൂരയിലിരുന്ന് ചന്ദ്രന്‍ പ്രഖ്യാപിക്കുന്നിടത്ത് ചതുപ്പു കണ്ട് പകച്ചു നില്‍ക്കുകയാണ് കൃഷ്ണന്റെ പ്രിയപ്പെട്ട സുഹൃത്ത് കുമാരന്‍.

നമ്മുടെ മണ്ണ് ചതുപ്പുനിലമായെടാ എന്ന് പറഞ്ഞ് നിലവിളിക്കുന്നിടത്ത് പരിസ്ഥിതിയുടെ രാഷ്ട്രീയം ബോദ്ധ്യപ്പെടുത്താന്‍ നാടകകൃത്ത് ശ്രമിക്കുന്നതില്‍ തങ്ങള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന സ്ഥലമാണെന്ന് നിലവിളിക്കുന്ന, താഴ്ന്നുപോയ ശ്രീപ്രിയയുടെ പ്രിയപ്പെട്ട കൂട്ടുകാരി സീതപ്പെണ്ണിന്റെ തേങ്ങലുമുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല എന്ന് ബോദ്ധ്യപ്പെടുത്തുന്ന ചന്ദ്രന്‍ നിലവിലുള്ള സകല ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് താന്‍ സ്വന്തമായി കണ്ടുപിടിച്ച മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ശവദാഹ കര്‍മ്മങ്ങള്‍ ചെയ്യുകയാണ്. ഇവിടെ ഒരു പ്രദേശം ചതുപ്പുനിലമായതല്ല തന്റെ പ്രശ്‌നം ,ഒരു കീഴ്ജാതിക്കാരന്‍ ബ്രാഹ്മണനായതാണ് എന്ന് ആക്രോശിക്കുന്ന യഥാര്‍ത്ഥ ബ്രാഹ്മണന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ വേവലാതികള്‍ സൂചിപ്പിക്കുകയാണ് സംവിധായകന്‍. മനുഷ്യന്‍ ബുദ്ധിയുള്ളവനാണ് അവന്‍ വന്യജീവിയൊന്നുമല്ല എന്നും നാടകം വിളിച്ചുപറയുന്നു.

സ്വന്തമായി ബ്രാഹ്മണനാകാന്‍ നിയമപരമായ എല്ലാവര്‍ക്കും അവകാശ മുണ്ടെന്ന് പ്രഖ്യാപിക്കുന്ന ചന്ദ്രന്‍, സംഭവിച്ചതിനെ കുറിച്ച് ഒരു സ്ഥിരതയു മില്ലാതെ മഹസ്സര്‍ തയ്യാറാക്കുന്ന സര്‍ക്കാര്‍ പ്രതിനിധി ആര്‍ഡിഒയെ പരിഹസിക്കുകയാണ്. ഒടുവില്‍ നിലയും നിയന്ത്രണവും വിട്ട് ചന്ദ്രന്‍, ‘മനുഷ്യന്‍ എവിടെപ്പോയി ഒളിച്ചാലും മനുഷ്യനിര്‍മ്മിതമായ ഈ ചതുപ്പുനിലം അവനെ പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കു’മെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പരിസ്ഥിതിയേയും പ്രപഞ്ചത്തേയും നാശത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ണുകാണു ന്നവരായ മനുഷ്യര്‍ക്ക് ചൂണ്ടിക്കാട്ടി തരുകയാണ്. സ്‌നേഹപൂര്‍വ്വം ജീവിക്കുന്നവര്‍ മാത്രം ജീവിച്ചാല്‍ മതി അല്ലെങ്കില്‍ ട്രെയിന്‍ ചങ്ങല പിടിച്ചു നിര്‍ത്തുന്നതുപോലെ ജീവിതം ഇവിടെ വച്ച് നിര്‍ത്താമെന്ന് പറഞ്ഞ് രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയ തന്റെ പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന ബോദ്ധ്യത്താല്‍ മേല്‍ക്കൂര ചതുപ്പിലേക്ക് ചവിട്ടിത്താഴ്ത്തി ചന്ദ്രന്‍ ഉറഞ്ഞുതുള്ളുകയാണ്. അങ്ങനെ ഒരു അരങ്ങിനെ മൊത്തത്തില്‍ രാഷ്ട്രീയമാക്കി ഒരു ദുരന്തത്തെ ദൃശ്യവല്‍ക്കരിക്കുകയാണ് രചയിതാവും സംവിധായകനുമായ കെ ആര്‍ രമേശ്. ‘രണ്ടുമുറി അടുക്കള തിണ്ണ’ നമ്മുടെ കാലത്തിന്റെ മുഖത്തിന് നേരേ പിടിച്ച കണ്ണാടിയാണ്.