കല്ലട ബസിലെ മര്‍ദ്ദനം; തെളിവെടുപ്പ് ഇന്ന്

Web Desk
Posted on April 28, 2019, 9:55 am

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ചിറക്കിവിട്ട സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പൊലീസ് കസ്റ്റഡ‍ിയിലുള്ള പ്രതികളെ  കല്ലടയുടെ വൈറ്റില ഓഫീസില്‍ എത്തിച്ചാകും തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ ഏഴ് പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. എന്നാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂര്‍ത്തിയാക്കാനാണ് അന്വേക്ഷണ സംഘം ശ്രമിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തേ സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഹാജരായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം.