ബലമായി അറസ്റ്റ് ചെയ്തേക്കുമെന്ന ഭയം; സുരേഷ് കല്ലട ഹാജരായി

Web Desk
Posted on April 25, 2019, 5:06 pm

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ചിറക്കിവിട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഉടമ സുരേഷ് കല്ലട ഹാജരായി.  തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇയാള്‍ രാവിലെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതോടെയാണ്  വൈകുന്നേരത്തോടെ സുരേഷ് കല്ലട ഹാജരായതെന്നാണ് സൂചന. പൊലീസ് സുരേഷിന്‍റെ മൊഴിയെടുക്കുകയാണ്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയിരുന്നില്ല.