October 4, 2022 Tuesday

Related news

October 4, 2022
October 2, 2022
October 1, 2022
October 1, 2022
September 29, 2022
September 28, 2022
September 28, 2022
September 24, 2022
September 17, 2022
September 17, 2022

കല്ലേരി സജീവന്റെ മരണം; കസ്റ്റഡി കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

Janayugom Webdesk
വടകര
August 7, 2022 9:17 pm

വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ (42) വിട്ടയച്ച ഉടൻ സ്റ്റേഷൻവളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എസ്ഐ എം നിജീഷിനും സിവിൽ പൊലീസ് ഓഫീസർ പ്രജീഷിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ജൂലൈ 21ന് രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ 22ന് പുലർച്ചെയാണ് മരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ അസ്വാഭാവികമരണത്തിനായിരുന്നു കേസ്. സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണ്. എന്നാൽ, അതിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ വൈകാരികമായ മാറ്റമാണെന്നും ഇതിന് വഴിയൊരുക്കിയത് മർദ്ദനമാണെന്നുമാണ് വിലയിരുത്തൽ.
മൊത്തം 11 പാടുകൾ സജീവന്റെ ശരീരത്തിലുണ്ട്. ഇതിൽ എട്ട് പരിക്കുകൾ മർദ്ദനത്തെത്തുടർന്ന് ഉണ്ടായതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പത്തെ 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണ് ഈ പരിക്കുകളെന്നും മൊഴിലഭിച്ചു. മർദ്ദനത്തിൽ സജീവന്റെ ഒരു പല്ല് ഇളകിയിട്ടുണ്ട്. സജീവനെ പൊലീസുകാർ മർദ്ദിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജുബൈറിന്റെ മൊഴിയുണ്ട്. ബഹളം കേട്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചു. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റും ഡോക്ടറുടെ മൊഴിയുമാണ് ക്രൈം ബ്രാഞ്ച് പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്നത്.
മൊത്തം 65 പേരിൽനിന്ന് മൊഴിയെടുത്തു. 12 ശാസ്ത്രീയതെളിവുകൾ ശേഖരിച്ചു. ശനിയാഴ്ച രാവിലെയാണ് പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആർ കോടതിയിൽ സമർപ്പിച്ചത്.
വടകര ആർഡിഒയ്ക്കും റിപ്പോർട്ട് നൽകി. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സസ്പെൻഷനിൽ കഴിയുന്ന എസ്ഐ നിജീഷ്, പ്രജീഷ് എന്നിവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ടി സജീവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവര്‍ ഒളിവിലാണ്.
നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് എസ്‌പി ടി മൊയ്തീൻകോയയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി ടി സജീവനാണ് കേസ് അന്വേഷിക്കുന്നത്. എസ്ഐ ഉൾപ്പെടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലുപേർ സസ്പെൻഷനിലാണ്. സംഭവത്തിന് പിന്നാലെ വടകര സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു.

Eng­lish Sum­ma­ry: Kalleri Sajeev’s death; Crime branch called it a cus­to­di­al murder

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.