അരങ്ങിന് അഴകായി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ

By: Web Desk | Friday 7 December 2018 12:26 PM IST

ആലപ്പുഴ: മാപ്പിളപ്പാട്ടിന്റെ ഇശലിൽ മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ അരങ്ങു കീഴടക്കുന്നു. മലബാറിന്റെ തനത് കലാരൂപമായ ഒപ്പന മത്സരം നടക്കുന്ന കാണുവാനായി വേദി ആറ്  ആമിനയിൽ (ലജനത്തുൽ മുഹമ്മദിയ ഹൈസ്ക്കൂൾ)‌ കാണികളുടെ ഒഴുക്കാണ്. മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും വിവാഹ വർണ്ണനകളാണ് മാപ്പിളപ്പാട്ടിന്റെ ഇശലിൽ ഒപ്പന വേദിയിൽ നിന്നുയരുന്നത്.
ത്യശൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്ക്കൂളിന്റെ ഒപ്പനയോടെയാണ്   എച്ച് എസ് വിഭാഗം ഒപ്പന മത്സരത്തിന് തുടക്കമായത്. ” ഓതിടൈ ബിസ്മിഹംദുരത്ത് ബില്ലി ശുക്റ് അഹദിലായ്” എന്നു തുടങ്ങുന്ന ഗാനത്തിനാണ് മൊഞ്ചത്തിമാർ ചുവടുവച്ചത്. ഒപ്പന കലാകാരൻ നാസർ പറശ്ശിനിയാണ് പരിശീലകൻ. നാസറിന്റെ ശിക്ഷണണത്തിൽ ആറ് ജില്ലകളിൽ നിന്നായി 10 ടീമുകളാണ് മത്സരിക്കുന്നത്.
മത്സരാർത്ഥികൾ എത്താൻ വൈകിയതിനെ തുടർന്ന് 10.15 ഓടെയാണ് മത്സരം ആരംഭിച്ചത്.  രണ്ട് ക്ലസ്റ്ററുകളിലായി നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ട രജിസ്ട്രേഷൻ തുടരുകയാണ്. ഒന്നാം ക്ലസ്റ്ററിൽ അഞ്ച് ടീമുകളാണ് പങ്കെടുക്കുന്നത്.
പി ആർ  റിസിയ