ചിലമ്പൊലി ഉയര്‍ന്നു; ഇനി കലയുടെ രാപ്പകലുകള്‍

By: Web Desk | Friday 7 December 2018 12:10 PM IST

സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ 59 കുട്ടികള്‍ ചേര്‍ന്ന് കലോത്സവദീപം തെളിയിക്കുന്നു

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ഉത്തരാസ്വയംവരവും മയൂര സന്ദേശവും കല്യാണ സൗഗന്ധികവുമെല്ലാം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ചിലമ്പൊലി ഉയര്‍ന്നു. ഇനി മൂന്നു നാളുകള്‍ കലയുടെ രാപ്പകലുകള്‍. 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ പ്രഢോജ്ജ്വല തുടക്കം. പ്രളയദുരന്തത്തില്‍ സകലതും നഷ്ടമായ ഒരു ജനതയുടെ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തിയാണ് കലാമത്സരങ്ങള്‍ക്ക് കൊടിയുയര്‍ന്നത്. പ്രധാനവേദിയായ ഉത്തരാസ്വയംവരത്തില്‍ 59ാം സ്‌കൂള്‍ കലോത്സവത്തെ അനുസ്മരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ അന്‍പത്തിയൊമ്പത് മണ്‍ചിരാതുകളാണ് തെളിയിച്ചത്. പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനം ആലപിച്ചു.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവം. പ്രളയകാലത്ത് ആയിരങ്ങള്‍ക്ക് അഭയമേകിയ ആലപ്പുഴ ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂളാണ് പ്രധാനവേദിയെന്നതും ശ്രദ്ധേയമാണ്. ആദ്യദിനത്തില്‍ 62 ഇനങ്ങളുടെ മത്സരങ്ങളാണ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപ്പീലുകളുടെ പ്രളയമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചവരെ ആകെ ലഭിച്ചത് 250 അപ്പീലുകള്‍ മാത്രം. സംഘാടക സമിതി ഓഫീസായ ആലപ്പുഴ മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തുടങ്ങിയവര്‍ വിവിധ വേദികള്‍ സന്ദര്‍ശിച്ചു. കേരളനടനം, മോഹനിയാട്ടം, തിരുവാതിര, നാടോടിനൃത്തം, ഒപ്പന, നാടകം, കഥകളി തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഉദ്ഘാടനദിവസം ആരംഭിച്ചത്. നാളെ കുച്ചിപ്പുടി, ഭരതനാട്യം, തിരുവാതിര, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങള്‍ നടക്കും. കലോത്സവത്തിന്റെ ആരംഭദിവസമായ ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴയില്‍ വന്‍തിരക്കായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങള്‍ കലോത്സവ വേദികളിലേയ്ക്ക് ഒഴുകിയെത്തി.

കേരളമെമ്പാടുമുള്ള പ്രതിഭകളുടെ ഒത്തുചേരലില്‍ കിഴക്കിന്റെ വെനീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെരുങ്ങി. കലാമത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരെയും ഊഷ്മളമായാണ് സംഘാടകര്‍ സ്വീകരിച്ചത്. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയ കലോത്സവമെന്ന പ്രത്യേകതയുമുണ്ട്. സ്വര്‍ണ്ണകപ്പും മറ്റ് സമ്മാനങ്ങളുമൊന്നുമില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഇത്തവണ നല്‍കുന്നത്. 158 ഇനങ്ങളിലായി 29 വേദികളില്‍ മത്സരങ്ങള്‍ നടക്കും. 1200 കുട്ടികളാണ് പങ്കെടുക്കുന്നത്. പുതിയതായി എട്ട് ഇനങ്ങള്‍കൂടി ഈ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.