24 April 2024, Wednesday

നൊമ്പരം കിലുങ്ങുന്ന മണിച്ചിലമ്പുകള്‍

കിര്‍മ്മീരവധം കഥകളിയില്‍ ലളിതയുടെ വേഷമിട്ട ആ പെണ്‍കുട്ടി ഇന്ന് മന്ത്രി
ദേവിക
വാതിൽപ്പഴുതിലൂടെ
January 9, 2023 4:15 am

മൂന്നു പതിറ്റാണ്ടിനപ്പുറമാണ്. എറണാകുളത്തു നടന്ന സ്കൂള്‍ യുവജനോത്സവകാലം. വെളുപ്പാന്‍കാലമായതോടെ കളിയരങ്ങുകള്‍ ശാന്തമായി. ആളൊഴിഞ്ഞ പന്തലില്‍ ഒരു പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ലുങ്കികള്‍ വിരിച്ച് ഉറക്കത്തിനൊരുങ്ങുന്നു. തിരുവനന്തപുരത്ത് കരമനയില്‍ നിന്ന് വന്ന കുട്ടി. നേരം വെളുക്കുമ്പോള്‍ തന്റെ വിലകുറഞ്ഞ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഭരതനാട്യത്തിന് വേദിയിലെത്തണം. നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങി നല്കിയ വിലകുറഞ്ഞ ചമയങ്ങള്‍. വേഷത്തിളക്കത്തിനും പ്രത്യേക മാര്‍ക്ക് ലഭിക്കുന്ന ഇനമാണ് ഭരതനാട്യം. എങ്കിലും കലയോടുള്ള ഒടുങ്ങാത്ത സ്നേഹവുമായെത്തിയതാണ് ആ കുട്ടി. അച്ഛന്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മ ഒരു പ്രഭുകുടുംബത്തിലെ വീട്ടുവേലക്കാരി. ഭക്ഷണവും പട്ടിണിക്കൂലിയും കിട്ടും.
ഇനി മറ്റൊരു രംഗം. നഗരത്തിലെ ശീതീകരിച്ച നക്ഷത്ര ഹോട്ടല്‍. മൂന്ന് മുറി ബുക്കുചെയ്ത ഒരു കുടുംബം. പിതാവ് തലസ്ഥാനത്തെ പ്രശസ്തനായ ഒരു ഡോക്ടര്‍. ഒരു മുറിയില്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ മകള്‍ ഭരതനാട്യത്തിന് റിഹേഴ്സല്‍ നടത്തുന്നു. മുന്തിയ സ്കോച്ച് കഴിച്ച് ഡോക്ടറും കൂട്ടുകാരും നൃത്തത്തിന് താളം പിടിക്കുന്നു. മോള്‍ക്കുതന്നെ സമ്മാനമെന്ന് മുന്‍കൂട്ടി വിധിയെഴുതുന്ന അമ്മയും കൂട്ടുകാരികളും. പിറ്റേന്ന് മത്സരമായി. ഡോക്ടറുടെ മകള്‍ക്കുതന്നെ ഒന്നാം സ്ഥാനം. നിലത്തുറങ്ങിയ ക്ഷീണത്തോടെ നൃത്തമാടിയ പെണ്‍കുട്ടിക്ക് രണ്ടാം സ്ഥാനം. പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതെങ്കിലും ആഹാര്യശോഭ തീരെയില്ലാത്തതിനാല്‍ ഒരു മാര്‍ക്കും കിട്ടാതെ പുറത്തായ ദരിദ്ര നാട്യപ്രതിഭ.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ഇത്തവണ കോഴിക്കോട് കലോത്സവത്തിന് എന്തൊരു പുകിലായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയത്. തലക്കെട്ടുകളുണ്ടാക്കാന്‍ എന്തൊരു പരക്കം പാച്ചിലായിരുന്നു. കല കല കോയിക്കോട് എന്ന് ഒരു കൂട്ടര്‍. സ്വര്‍ണക്കപ്പിന് മിഠായി മധുരം എന്ന് മറ്റൊരു കൂട്ടര്‍. ‘കന്മദം’ സിനിമയില്‍ മാള അരവിന്ദനെപ്പോലെ ഹരഹരോഹരഹര എന്നതിനു പകരം കലകലോകലകല എന്ന് തലക്കെട്ടിലൂടെ ആര്‍പ്പുവിളിച്ച വേറൊരു കൂട്ടര്‍. ആകെ ജഗപൊഗ. എന്നാല്‍ കലോത്സവങ്ങള്‍ അത്യാഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും മാമാങ്കങ്ങളായി മാറുന്നതിനെക്കുറിച്ച് ഉരിയാടാന്‍ ഒരു മാധ്യമവുമില്ലായിരുന്നു. ഇത്തവണ എറണാകുളം വടുതലയില്‍ നിന്നെത്തിയ ശാന്തകുമാര്‍ എന്ന കുച്ചിപ്പുടി നര്‍ത്തകനെ അവര്‍ കണ്ടില്ല. അച്ഛന്‍ ശാന്തകുമാര്‍ ഒരു മരപ്പണിക്കാരന്‍. നൃത്തത്തിനുള്ള ആടകളുടെ തുണി വാങ്ങാന്‍ മൂവായിരം രൂപ. മേക്കപ്പിടാന്‍ നാലായിരം രൂപ, വസ്ത്രം തുന്നാന്‍ പിന്നെയും മൂവായിരം രൂപ, മറ്റ് ആഭരണങ്ങള്‍ക്ക് മൂവായിരം വേറെ. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ കൂടുതല്‍ ചെലവ് വരും. കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും നാടോടിനൃത്തത്തിനും മത്സരിച്ച ശാന്തകുമാറിന്റെ പിതാവിന് ഈ ചെലവെങ്ങനെ താങ്ങാനാവും. പെണ്‍കുട്ടികളുടെ നൃത്തവേഷങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ചെലവാക്കി ആഹാര്യശോഭയുടെ പച്ചയില്‍ കിരീടമണിയാനുള്ളവര്‍ക്കായി നമ്മുടെ യുവജനോത്സവങ്ങള്‍. ബിപിഎല്‍, ഇടത്തരം കുടുംബങ്ങളില്‍ നിന്ന് മികവുകാട്ടി യുവജനോത്സവങ്ങളിലെത്തുന്നവര്‍ക്ക് ആടയാഭരണങ്ങള്‍ക്കുള്ള ചെലവും താമസസൗകര്യവും നല്കുമെന്ന സര്‍ക്കാരുകളുടെ ഒരു മധുരമനോഹര വാഗ്ദാനമുണ്ടായിരുന്നു.അതിപ്പോള്‍ ഏതോ ഫയലില്‍ ഉറങ്ങിക്കിടപ്പുണ്ട്.


ഇതുകൂടി വായിക്കൂ: രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ


യുവജനോത്സവത്തിലെ ജേതാക്കള്‍ പിന്നീടും ആ കലാരംഗത്ത് ഉറച്ചുനില്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നമുക്കാര്‍ക്കെങ്കിലുമായിട്ടുണ്ടോ.
പഴയ ജേതാക്കളായ ഗാനഗന്ധര്‍വന്‍ യേശുദാസും എറണാകുളം കലോത്സവത്തിലടക്കം ശാസ്ത്രീയ സംഗീതത്തില്‍ പതക്കമണിഞ്ഞ ശങ്കരന്‍ നമ്പൂതിരിയും കെ എസ് ചിത്രയും സംഗീതലോകത്ത് തുടരുന്നു. കിര്‍മ്മീരവധം കഥകളിയില്‍ ലളിതയുടെ വേഷമിട്ട ആര്‍ ബിന്ദുവിന് ഇപ്പോള്‍ മന്ത്രിപ്പണി. ആദ്യ യുവജനോത്സവത്തില്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന സത്യന്‍ ഹോംഗാര്‍ഡായി. പിന്നീട് അജ്ഞാതനായി. പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പിന്നീട് മന്ത്രിയായി. ഇപ്പോള്‍ ലോക്‌സഭാംഗം. ചിത്രയോടൊപ്പം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗാനമത്സരജേതാവായിരുന്ന മോഹന്‍ ലോറന്‍സ് സെെമണ്‍ ഇപ്പോള്‍ വിദേശത്ത് ഉന്നതപദവിയില്‍. കല കലയ്ക്കു വേണ്ടി, അതല്ലാതെ തങ്ങള്‍ക്കുവേണ്ടിയല്ലെന്ന് കരുതുന്ന താല്ക്കാലിക പ്രതിഭകളേയും ഓരോ കലാമാമാങ്കം കഴിയുമ്പോഴും നാം കാണുന്നു.


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


അണുവായുധങ്ങളും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസെെലുകളും അപ്രസക്തമാകുന്നുവോ. നമ്മുടെ ആധുനിക ആയുധ സങ്കല്പങ്ങള്‍ തന്നെ തകിടം മറിയുന്നു. അരുണാചല്‍പ്രദേശിലെ തവാങ് മേഖലയില്‍ ചെെനീസ് പട്ടാളം ഇടയ്ക്കിടെ നുഴഞ്ഞുകയറുന്നു. പിന്നെയങ്ങോട്ട് ഇടിയോടിടി. തോല്‍ക്കേ വേണ്ട. കല്ലെറിഞ്ഞും ചെെനീസ് പട്ടാളക്കാരുടെ നെഞ്ചാംമൂടി ഇടിച്ചുതകര്‍ത്തും മുന്നേറുന്ന ഇന്ത്യന്‍ സെെനികര്‍ പിന്തിരിഞ്ഞോടുന്ന ചെെനീസ് പടയെ നോക്കി കൂക്കിവിളിക്കുന്നു. ഒപ്പം ഹിന്ദിയില്‍ പുളിച്ച തെറിയും! വല്ലഭനും പോടാ പുല്ലേ വിളിയും ആയുധം. അഞ്ചലിലെ സജീവനെന്ന പരാക്രമിയായ സജീവനാണെങ്കില്‍ പട്ടിയും പടവാളുമാണ് ആയുധം. മൂന്നു ദിവസത്തോളം അയാള്‍ ഈ ആയുധങ്ങളുമായി ജഗതലപ്രതാപന്മാരെ വട്ടം കറക്കിച്ചു. സജീവന്റെ ശ്രദ്ധയൊന്നു മാറിയപ്പോള്‍ നാട്ടുകാര്‍ ഇരച്ചുകയറി അക്രമിയെ കീഴ്‌പ്പെടുത്തി. നാട്ടുകാര്‍ പിടിച്ചുവച്ചുകൊടുത്തപ്പോള്‍ ഒരു പൊലീസുകാരന്‍ ഒപ്പം ചേര്‍ന്നു. എന്നിട്ട് മനോവീര്യം വിടാതെ സജീവനെ കീഴ്‌പ്പെടുത്തി ദൗത്യം വിജയം കണ്ടെന്ന ഒരു പത്രക്കുറിപ്പും. നമ്മുടെ പൊലീസിന്റെ നാടകീയമായ മനഃസാന്നിധ്യം എങ്ങനെയുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.