10 September 2024, Tuesday
KSFE Galaxy Chits Banner 2

സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച്

പി ആര്‍ റിസിയ
കൊല്ലം
January 6, 2024 8:56 am

കൗമാര കലാമേള മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ജനപ്രിയ ഇനങ്ങളായ ഒപ്പന, തിരുവാതിരക്കളി, കോല്‍ക്കളി, നാടകം, ഓട്ടന്‍തുള്ളല്‍, നാടന്‍ പാട്ട്, ചെണ്ടമേളം തുടങ്ങിയവയാണ് രണ്ടാം ദിവസം കലോത്സവത്തെ സജീവമാക്കിയത്. ആശ്രാമം മൈതാനത്തെ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു മൊഞ്ചുള്ള മണവാട്ടിയും തോഴിമാരും ഇശലിന്റെ ഈണത്തില്‍ ചുവടുവെച്ചത്.
നാടോടിനൃത്തവും മോഹിനിയാട്ടവുമെല്ലാം കാഴ്ചയുടെ വിരുന്നൊരുക്കി. രണ്ടുദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 119 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലെ മത്സരങ്ങള്‍ നടക്കും. കുച്ചിപ്പുടി, ചവിട്ടുനാടകം, മിമിക്രി, മോണോആക്ട്, മൂകാഭിനയം തുടങ്ങിയ മത്സരങ്ങളിലെ പോരാട്ടം കൂടുതല്‍ കനക്കും. ജനപങ്കാളിത്തവും ഏറുമെന്നാണ് പ്രതീക്ഷ.

കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ക്കൊപ്പം ആതിഥേയരായ കൊല്ലവും സ്വര്‍ണക്കപ്പിനായി കടുത്ത മത്സരത്തിലാണ്. രാത്രി ഏതാനും മത്സരഫലങ്ങള്‍ മാത്രം വരാനിരിക്കേ 405 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ കൊല്ലം 391 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 390 പോയിന്റ് നേടിയ പാലക്കാടും കോഴിക്കോടും മൂന്നാമതുണ്ട്. 384 പോയിന്റ് നേടിയ തൃശൂരാണ് നാലാം സ്ഥാനത്ത്. സ്കൂള്‍ തലത്തില്‍ 96 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്ക്കൂളാണ് മുന്നില്‍. ആട്ടവും പാട്ടുമായി കൗമാരകല അരങ്ങുതകര്‍ക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കൊല്ലത്തുകാര്‍. വേദികളിലെല്ലാം വന്‍ ജനപങ്കാളിത്തമാണുള്ളത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.