മീനുവിനിത് അതിജീവനത്തിന്‍റെ എ ഗ്രേഡ്

Web Desk
Posted on December 09, 2018, 5:03 pm
മീനു പി എസ് നൃത്താധ്യാപിക സന്ധ്യാ രാജനൊപ്പം

ഡാലിയ രാജേഷ്

ആലപ്പുഴ: പ്രളയ താണ്ഡവത്തിൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നഷ്ടമായപ്പോൾ പ്രതീക്ഷിച്ചിരുന്നതല്ല മീനുവിന് കലോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുമെന്ന്. ഇത് പറയുമ്പോൾ മീനുവിന്റെ അമ്മ ജിനിയുടെ കണ്ണു നിറഞ്ഞു. ഇന്ന് നടന്ന  ഹൈസ്ക്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ചേർത്തല തിരുനെല്ലൂർ ജി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി മിനു പി എസ് എ ഗ്രേഡ് നേടിയപ്പോൾ  ദുരിത ജീവിതത്തിന്റെ വിജയമായി.

ചെമ്മീൻ പീലിംഗ്  തൊഴിലാളിയായ ജിനിയും തടുക്ക് നെയ്ത്ത് തൊഴിലാളിയായ സുരേന്ദ്രനും ജീവിതo നാലറ്റത്ത് എത്തിക്കാനുള്ള തത്രപ്പാടിൽ  മകളുടെ കലാവാസനയെ കണ്ടില്ലെന്ന് വെച്ചില്ല. നൃത്തത്തിലുള്ള മീനുവിന്റെ വാസന തിരിച്ചറിഞ്ഞ അവർ അവളെ സമീപത്തുള്ള നൃത്താധ്യാപികയായ സന്ധ്യാരാജന്റെ പക്കൽ നൃത്താഭ്യാസത്തിന് അയച്ചു. ഗുരുവിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. നിർദ്ധനരായ സന്ധ്യാരാജന്റെ മകൾ ചന്ദനയെ മഞ്ചു വാര്യരാണ് സ്പോൺസർ ചെയ്ത് നൃത്തം പഠിപ്പിക്കുന്നത്. തങ്ങളെ മറ്റുള്ളവർ സഹായിക്കുന്നതു പോലെ മീനുവിനും സഹായമായി സൗജന്യമായി നൃത്തം പഠിപ്പിക്കുകയാണ് സന്ധ്യ ടീച്ചറും സജി മാഷും.

തുടർച്ചയായി ഒമ്പത് വർഷമായി മീനു നൃത്തം പഠിക്കുന്നുണ്ട്. സബ് ജില്ലാ മത്സരത്തിൽ മീനുവിന് സി ഗ്രേ ഡാണ് ലഭിച്ചത്. ജില്ലയിൽ ബിയും ലഭിച്ചു. എങ്കിലും തോറ്റ് പിൻമാറാതെ ലോകായുക്ത അപ്പീലുവഴി സംസ്ഥാനതല മത്സരത്തിന് എത്തിച്ചത് ഗുരു സന്ധ്യ ടീച്ചറാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ കഥയാണ് മീനു നാടോടി നൃത്തത്തിലൂടെ അവതരിപ്പിച്ചത്. പ്രളയത്തിന്റെ അവസാന ദിവസങ്ങളിൽ മീനുവും കുടുംബവും താമസിച്ചിരുന്ന താൽക്കാലിക ഷെഡും വെളളത്തിലായി. വീട് പണിയുന്നതിന് അടിത്തറ കെട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണി തുടങ്ങുവാൻ സാധിച്ചിട്ടില്ല. മീനുവിനെ കൂടാതെ പ്ലസ് വണ്ണിന് പഠിക്കുന്ന മകനും സുരേന്ദ്രൻ ജിനി ദമ്പതികൾക്കുണ്ട്. കഴിഞ്ഞ വർഷവും സംസ്ഥാനതല മത്സരത്തിൽ മീനു എ ഗ്രേഡ് നേടിയിരുന്നു.