കലൂരിൽ റോഡിന്‍റെ പുനർനിർമ്മാണം തുടങ്ങി

Web Desk
Posted on April 21, 2018, 7:57 pm
കൊച്ചി: കലൂരിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്നു തകർന്ന റോഡിന്‍റെ പുനർനിർമ്മാണം തുടങ്ങി. തകർന്നു കിടക്കുന്ന റോഡിന് സമീപത്തെ മണ്ണ‌് മാറ്റി പുതിയ മണ്ണ‌് നിറയ‌്ക്കുന്ന ജോലിയാണ‌് തുടങ്ങിയത‌്. ഇത‌ിന‌് സംരക്ഷണം നൽകുന്നതിനുള്ള തെങ്ങിൻ കുറ്റികളും സ്ഥാപിച്ചു.
റോഡ‌് നിർമാണം പൂർത്തിയാകുന്നതോടെ മാത്രമെ വാട്ടർ അതോറിറ്റിയുടെ പൈപ്പ‌് സ്ഥാപിക്കാനാകു. തകർന്ന പൈപ്പ‌് 70 മീറ്ററോളം മാറ്റേണ്ടതുണ്ട‌്. ഇതിനാവശ്യമായ 400 ഡി ഐ പൈപ്പ‌് വാട്ടർ അതോറിറ്റി എത്തിച്ചു കഴിഞ്ഞു. റോഡ‌് നിരപ്പിൽ നിന്നും 1.8 മീറ്റർ താഴ‌്ചയിലാണ‌് പൈപ്പ‌് സ്ഥാപിക്കേണ്ടത‌്. 30 മീറ്ററിലാണ‌് പൈപ്പ‌് പൊട്ടിയിട്ടുള്ളതെങ്കിലും സുരക്ഷയെ കരുതി 70 മീറ്ററിലെ പൈപ്പും മാറ്റി സ്ഥാപിക്കുമെന്ന‌് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇതിന‌് ശേഷമെ ഇതുവഴിയുള്ള ജല വിതരണം പുനഃസ്ഥാപിക്കാനാകു. പൈപ്പ‌് സ്ഥാപിക്കുന്നതിന്‍റെയും റോഡ‌് പുനഃസ്ഥാപിക്കുന്നതിന്‍റെയും ചെലവുകൾ കെട്ടിടം നിർമിക്കുന്ന പോത്തീസ‌് കമ്പനി വഹിക്കും. 
പുതിയ റോഡിൽ കൂടി ശനിയാഴ‌്ചയും ഗതാഗതം അനുവദിച്ചില്ല. തകർന്ന റോഡ് പുനർനിർമിച്ചു ബലപ്പെടുത്തിയ ശേഷം മതി ഗതാഗതമെന്നു വിദഗ്ധ സമിതി കഴിഞ്ഞ ദിവസം കളക‌്ടർക്ക‌് റിപ്പോർട്ട് നൽകിയിരുന്നു. കളക‌്ടർ മുഹമ്മദ‌് സഫീറുള്ളയും പൊതുമരാമത്ത‌്, ജല അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥരും ശനിയാഴചയും സ്ഥലത്തെത്തി. 30 മീറ്റർ നീളത്തിൽ തകർന്ന റോഡ് ഞായറാഴ‌്ചയോടെ പുനഃസ്ഥാപിക്കും. ഇതിനാവശ്യമായ തെങ്ങിൻ കുറ്റികളും ഇരുമ്പു ക്ലാംപുകളും സ്ഥാപിച്ചു തുടങ്ങി.  നിർമാണ സൈറ്റിൽ അഞ്ചു ജെസിബിയും ഒരു ക്രെയ്നും മണ്ണിനടിയിൽ പുതഞ്ഞ നിലയിലാണ്. റോഡും തകർന്ന പൈപ്പ് ലൈനുകളും പുന:സ്ഥാപിച്ച ശേഷം മാത്രം സൈറ്റിൽ പ്രവർത്തനം നടത്തിയാൽ മതിയെന്നു കളക‌്ടർ നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ‌്ച രാത്രിയാണ‌് നിർമാണത്തിലിരിക്കെ പൈലുകൾ മറിഞ്ഞ‌് വീണത‌്. ഇതേത്തുടർന്ന‌് 15 മീറ്റർ ആഴത്തിൽ മണ്ണും ഇടിഞ്ഞു. മെട്രോ തൂണിന‌് സമീപത്തെ റോഡിൽ മുപ്പത്‌ മീറ്റർ നീളത്തിൽ വിള്ളലുണ്ടായി. ഇവിടെ നിർമിക്കുന്ന12 നില കെട്ടിടത്തിന്‍റെ ഭൂഗർഭ അറകൾക്കു വേണ്ടിയുള്ള ജോലി നടക്കുമ്പോഴായിരുന്നു അപകടം. ഇതേത്തുടർന്നു കെട്ടിട നിർമാണത്തിനു നൽകിയ പെർമിറ്റ് കൊച്ചി കോർപ്പറേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. 
 കലൂരിലെ നിർമാണ സ്ഥലത്തുണ്ടായ അപകടത്തെക്കുറിച്ച‌് അന്വേഷിക്കാൻ പ്രത്യേക സമിതിയേയും നിയമിക്കും. നിർമാണത്തിലെ അപകാതയാണ‌് പൈലുകൾ മറിഞ്ഞു വീഴാനിടയാക്കിയതെന്നാണ‌് പ്രാഥമിക വിവരം. നിർമാണ സൈറ്റിനോട‌് ചേർന്നുള്ള മൂന്ന‌് നിലകെട്ടിടം അപകട ഭീഷണിയിലാണ‌്. ഈ കെട്ടിടത്തിനോട‌് ചേർന്നുള്ള മണ്ണും 15 മീറ്റർ ആഴത്തിൽ ഇടിഞ്ഞു വീണിട്ടുണ്ട‌്.