പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്കുള്ള അരിയും വാങ്ങി സി കെ ശശീന്ദ്രന്‍ എംഎല്‍എ; ചിത്രങ്ങള്‍ വൈറല്‍

Web Desk
Posted on July 24, 2019, 9:48 am

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ വിജയിച്ചുകഴിഞ്ഞാല്‍ ലളിതജീവിതത്തില്‍ നിന്നു മാറി ആഡംബര ജീവിതത്തിലേക്കു കടക്കുകയാണ് പല നേതാക്കളും ചെയ്യാറ്. അത്രയും നാള്‍ ജീവിച്ചുപോന്ന ചുറ്റുപാടിലാകില്ല നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നത്. മറിച്ച്, ആഡംബരകാറുകളും മറ്റു സൗകര്യങ്ങളോടും കൂടിയാകും അവരുടെ ബാക്കിയുള്ള ജീവിതം.

ഇത്തരം ആളുകളില്‍ നിന്ന് വ്യത്യസ്തരായി ചില ഒറ്റപ്പെട്ട നേതാക്കളും ഉണ്ട്. ലളിത ജീവിതം മാത്രമല്ല, തങ്ങളുടെ ഉപജീവനത്തിനുള്ളത് സ്വന്തമായി അധ്വാനിച്ചു തന്നെയാണ് ഇവര്‍ ജീവിക്കുന്നത്. ലളിത ജീവിതത്തിന്റെ പേരില്‍ ശ്രദ്ധേയനായ സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ എംഎല്‍എയുമായ സി കെ ശശീന്ദ്രന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പൊതുപ്രവര്‍ത്തനം കഴിഞ്ഞ്, വീട്ടിലേക്കുള്ള അരിയും വാങ്ങി പതിവുപോലെ നഗ്നപാദനായി നടന്നുവരുന്ന എംഎല്‍എയുടെ ചിത്രമാണ് ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീഖ് താമരശ്ശേരി പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് സി കെ ശശീന്ദ്രന്‍റെ ഉപജീവനമാര്‍ഗം. പൊതുപ്രവര്‍ത്തനം വെറും ‘സേവനം’ മാത്രവും. സിറ്റിങ് എംഎല്‍എയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ് കുമാറിനെ 13,000 ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത്. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെത്തിയത്.

You May Also Like This: