
മെസിയും സംഘവും അടങ്ങുന്ന അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം നവംബര്‍ 17ന് കൊച്ചിയില്‍ പന്ത് തട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പ് ജേതാക്കഴെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് പുറമേ കൊച്ചിയില്‍ എത്തുന്ന അര്‍ജന്റീനിയന്‍ ടീമിനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള റോഡ് ഷോ അടക്കം സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ട്. ടീമിനെ കൊച്ചിയിലെത്തിക്കുന്ന സ്‌പോണ്‍സര്‍മാരുടെ അടക്കം അനുമതി ഇതിന് ആവശ്യമാണ്. നിലവില്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിന് ഇനി കൃത്യം ഒരു മാസവും മൂന്ന് ദിവസവും മാത്രമാണ് ബാക്കി നില്‍ക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡുകള്‍ അടക്കം സജ്ജമാക്കേണ്ടതുണ്ട്. സ്റ്റേഡിയത്തിനുള്ളില്‍ മാത്രം ഏകദേശം 70 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫിഫയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ടര്‍ഫ് നിലവില്‍ ലോകോത്തര നിലവാരത്തിലാണുള്ളത്. നേരത്തെ സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച നൃത്തപരിപാടി സ്റ്റേഡിയത്തിനുള്ളില്‍ നടന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഫിഫയുടെ ടര്‍ഫിന് അന്ന് കേടുപാടുകള്‍ സംഭവിച്ചതും വിവാദമായിരുന്നു. വീണ്ടും പുല്ല് സ്ഥാപിച്ച് ടര്‍ഫ് പഴയ കാര്യക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ഇനി ചെറിയ അറ്റകുറ്റ പണികള്‍ മാത്രമാണ് ടര്‍ഫിന്റെ കാര്യത്തില്‍ ആവശ്യം. എന്നാല്‍ സ്റ്റേഡിയത്തിനുള്ളിലെ അടിസ്ഥാന സൗകര്യ വികസനമാണ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. കാണികള്‍ക്ക് ഇരുന്ന് കളി ആസ്വദിക്കാന്‍ പര്യാപ്തമായ കസേരകള്‍ ഒന്ന് പോലും ഗ്യാലറിയില്‍ ഇല്ലാ എന്നതാണ് വാസ്തവം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ടൂര്‍ണമെന്റ് അവസാനിച്ച് പിന്നീട് മാസങ്ങളുടെ ഇടവേളയില്‍ അനക്കമില്ലാതെ കിടക്കുകയാണ് കലൂര്‍ സ്റ്റേഡിയം. ഈ കാലയളവില്‍ കസേരകളില്‍ ഏറിയ പങ്കും നശിക്കുന്നത് പതിവാണ്. ഇതിന് പുറമേ ചില കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റവും കസേരകള്‍ക്ക് കേടുപാടുകള്‍ സമ്മാനിക്കുന്നുണ്ട്. അര്‍ജന്റീനിയന്‍ ടീം കളിക്കാന്‍ എത്തുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ ഗാലറികള്‍ പുനര്‍ നിര്‍മിക്കേണ്ടി വരും. പഴയ മുഴുവന്‍ കസേരകളും പൂര്‍ണമായും ഗ്യാലറിയില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് പുറമേ സ്റ്റേഡിയത്തിനുള്ളിലെ ലിഫ്റ്റ് സൗകര്യവും പുനഃസ്ഥാപിക്കേണ്ടതുണ്ട്. നിലവില്‍ അഞ്ച് നിലയും നടന്ന് കയറിയിട്ട് വേണം സ്റ്റേഡിയത്തിനുള്ളിലെ മീഡിയ സെന്ററില്‍ എത്തിപെടാന്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പോലും മാധ്യമ പ്രവര്‍ത്തകര്‍ മെസിയുടെയും കൂട്ടരുടെയും കളി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുമെന്നുള്ളത് കൊണ്ട് ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്. 50,000കാണികള്‍ക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും. ഇത് പുനര്‍നിര്‍മ്മിക്കുന്നതിന് പകരം പുതുതായി സ്ഥാപിക്കുക തന്നെ വേണം. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികള്‍ പുരോഗമിക്കുന്നു.
മേല്‍ക്കൂരയുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെ നടത്തും. സ്റ്റേഡിയത്തിന്റെ ചുറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കോടികള്‍ ചെലവഴിക്കേണ്ടി വരും. നിലവില്‍ ജിസിഡിഎയില്‍ നിന്ന് സംഘാടകര്‍ സ്റ്റേഡിയം ഏറ്റെടുത്തുകഴിഞ്ഞു. സാധാനസാമഗ്രികള്‍ എത്തിച്ച് നിര്‍മ്മാണവും ഔദ്യോഗികമായി ആരംഭിച്ചിട്ടുമുണ്ട്. ടിക്കറ്റ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും. നിലവില്‍ ടിക്കറ്റ് വിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടിവി അറിയിച്ചു. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ മേല്‍നോട്ടത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഡി ജി പി റവാഡ ചന്ദ്രശേഖറിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.