കാല്‍വിരല്‍ത്തൂലികയിലെ അക്ഷരവിസ്മയം

Web Desk
Posted on January 13, 2019, 10:00 am

ഇളവൂര്‍ ശ്രീകുമാര്‍

ചിലപ്പോള്‍ അങ്ങനെയാണ്. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലര്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചുകളയും. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടെത്തും. അതു നമ്മെ ബോധ്യപ്പെടുത്തും. പിന്നെ നമ്മെപോലും അമ്പരപ്പിക്കുന്ന കുതിപ്പായിരിക്കും സംഭവിക്കുന്നത്. നിശ്ചയദാര്‍ഢ്യവും ത്യാഗസന്നദ്ധമായ മനസ്സും ഉള്ളവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വിജയക്കുതിപ്പ് സൃഷ്ടിക്കാന്‍ കഴിയുന്നത്. എന്നാല്‍ അത്തരം മനസ്സു മാത്രം മതിയോ വിജയിക്കാന്‍? ശരീരം മനസ്സിനൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചാലോ? അതിന് ക്രിസ്റ്റി ബ്രൗണിന് കൃത്യമായ ഉത്തരമുണ്ട്: ലക്ഷ്യങ്ങളിലേക്ക് മനസ്സ് കുതിച്ചു തുടങ്ങിയാല്‍ ശരീരത്തിന് പ്രതിരോധിക്കാനാകില്ല. ശരീരവും മനസ്സിനൊപ്പം കുതിച്ചുതുടങ്ങും. ഈ വിശ്വാസമാണ് കുഞ്ഞുന്നാളിലേ ഗുതരമായ സെറിബ്രല്‍ പാള്‍സി രോഗത്തിന് അടിപ്പെട്ട ക്രിസ്റ്റി ബ്രൗണിനെ ലോകത്തെ ഭിന്നശേഷിക്കാരുടെ മുഴുവന്‍ പ്രചോദന കേന്ദ്രമാക്കി മാറ്റിയത്.

അഞ്ചാമത്തെ വയസുവരെ ക്രിസ്റ്റിക്ക് തന്റെ മനോഗതങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍പോലും കഴിയുമായിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗവും തന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ചലിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ല. അഞ്ചു വയസു കഴിഞ്ഞപ്പോഴേക്കും ഇടതുപാദം മെല്ലെ ചലിച്ചുതുടങ്ങി. ക്രമേണ തന്റെ മുഴുവന്‍ ആഗ്രഹങ്ങളെയും സാക്ഷാത്ക്കരിക്കാനുള്ള ഏക ആശ്രയമായി മാറി ക്രിസ്റ്റിയുടെ ഇടതു പാദം. പില്‍ക്കാലത്ത് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ”മൈ ലഫ്റ്റ് ഫൂട്ട്” എന്ന ആത്മകഥയില്‍ തന്റെ അതിജീവനത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ ക്രിസ്റ്റി ബ്രൗണ്‍ വിശദീകരിച്ചിട്ടുണ്ട്.
അയര്‍ലന്റിലെ ഡബ്ലിനില്‍ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലാണ് 1932 ല്‍ ക്രിസ്റ്റി ബ്രൗണ്‍ ജനിച്ചത്. ബ്രിഡ്ജറ്റ് ഫഗാന്‍ — പാട്രിക് ബ്രൗണ്‍ ദമ്പതികളുടെ ഇരുപത്തിരണ്ട് മക്കളില്‍ പതിമൂന്നാമത്തെ കുട്ടിയായിരുന്നു ക്രിസ്റ്റി. ശരീര ചലനത്തെ പ്രതികൂലമായി ബാധിക്കുന്ന കഠിനമായ സെറിബ്രല്‍ പാള്‍സിയുമായാണ് ക്രിസ്റ്റി ജനിച്ചത്. പക്ഷേ മാതാപിതാക്കളും സഹോദരങ്ങളും ക്രിസ്റ്റിക്ക് താങ്ങും തണലുമായി ഒപ്പം നിന്നു. തന്റെ സാഹചര്യങ്ങളും പരിമിതികളും ശരിയായി ബോധ്യപ്പെട്ടു തുടങ്ങിയതോടെ ക്രിസ്റ്റി യഥേഷ്ടം ചലിപ്പിക്കാവുന്ന ഏക അവയവമായ ഇടതു പാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദീര്‍ഘമായ ശ്രമങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമൊടുവില്‍ വിരലുകള്‍ക്കിടയില്‍ പേനതിരുകി എഴുതുവാനും ബ്രഷ് തിരുകി അനായാസം വരയ്ക്കുവാനുമുള്ള കഴിവ് ക്രിസ്റ്റി നേടിയെടുത്തു.
സാമൂഹ്യപ്രവര്‍ത്തകനായ കാട്രിയോന ഡിലഹന്റ് അവിചാരിതമായാണ് കൗമാരപ്രായക്കാരനായ ക്രിസ്റ്റിയുടെ ജീവിതത്തിലേക്കേ് കടന്നുവന്നത്. ക്രിസ്റ്റിയുടെ കഥയറിഞ്ഞ അദ്ദേഹം അയാളുടെ വീട് സന്ദര്‍ശിക്കുന്നു. ക്രിസ്റ്റിയുടെ ഉള്ളില്‍ എന്തൊക്കെയയോ കഴിവുകള്‍ ഉറങ്ങിക്കിടക്കുന്നുവെന്ന് മനസ്സിലാക്കിയ കാട്രിയോന അവന് വായിക്കുവാന്‍ ലളിതമായ ചില പുസ്തകങ്ങളും പെയിന്റിംഗിനുള്ള വസ്തുക്കളും വാങ്ങിക്കൊടുത്തു. അവ സാവധാനം ക്രിസ്റ്റിയിലെ ചിത്രകാരനെ ഉണര്‍ത്തിക്കൊണ്ടുവരികയായിരുന്നു. കാല്‍ വിരലുകളുടെ ചലനത്തിലൂടെ ഭാവനയ്ക്കും കാഴ്ചകള്‍ക്കും ദൃശ്യഭംഗി നല്‍കി വരുന്നതിനിടയിലാണ് ക്രിസ്റ്റി, ബ്രന്റന്‍സ് സ്‌കൂള്‍ ക്ലിനിക്കില്‍ വച്ച് ഡോക്ടര്‍ റോബര്‍ട്ട് കോളിസിനെ പരിചയപ്പെടുന്നത്. പഠനകാര്യങ്ങളും ചികിത്സയും ഒത്തുകൊണ്ടു പോകുവാന്‍ സൗകര്യം സ്‌കൂള്‍ ക്ലിനിക്കില്‍ ലഭ്യമായിരുന്നു. റോബര്‍ട്ട് കോളിസാണ് ക്രിസ്റ്റി ബ്രൗണിന്റെ ഉള്ളില്‍ ഒരു എഴുത്തുകാരന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് കണ്ടെത്തിയത്. പ്രോത്സാഹനം ക്രിസ്റ്റിയിലെ എഴുത്തുകാരനെ മെല്ലെ മെല്ലെ പുറത്തുകൊണ്ടുവന്നു. കാല്‍വിരലുകള്‍ക്കിടയില്‍ തിരുകിയ പേന കൊണ്ട് മനസ്സിലെ വികാര വിചാരങ്ങള്‍ അയാള്‍ പേപ്പറിലേക്ക് പകര്‍ത്താന്‍ തുടങ്ങി. റോബര്‍ട്ട് കോളിസിന്റെ നിരന്തരമായ പ്രോത്സാഹനമായിരുന്നു ഓരോ ദിവസവും എഴുത്ത് തുടരാന്‍ ക്രിസ്റ്റിയെ പ്രേരിപ്പിച്ചത്. മനസ്സിന്റെ ഇച്ഛാശക്തിയും കാല്‍വിരലിന്റെ വിശ്രമമില്ലാത്ത ചലനവും ചേര്‍ന്ന് ഒടുവില്‍ ആ പുസ്തകം പൂര്‍ത്തീകരിച്ചു! ഇന്നും ബസ്റ്റ് സെല്ലറായി തുടരുന്ന ”മൈ ലെഫ്റ്റ് ഫൂട്ട്” എന്ന ആത്മകഥാപരമായ കൃതിയുടെ ജനനം അങ്ങനെയായിരുന്നു.

തുടര്‍ന്ന് ചിത്രകലയിലും സാഹിത്യത്തിലും ഒരുപോലെ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയായിരുന്നു ക്രിസ്റ്റി. ‘ഡൗണ്‍ ആള്‍ ദി ഡേയ്‌സ്’, ‘വൈല്‍ഡ് ഗ്രോ ദി ലില്ലീസ്’, ‘എ ഷാഡോ ഓണ്‍ സമ്മര്‍’ എന്നീ നോവലുകളും മൂന്നു കവിതാ സമാഹാരങ്ങളും പില്‍ക്കാലത്ത് പ്രസിദ്ധീകൃതമായി. ക്രിസ്റ്റിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘മൈ ലെഫറ്റ് ഫൂട്ട്’ എന്ന സിനിമ നിരവധി പുരസകാരങ്ങള്‍ കരസ്ഥമാക്കി. ഇതിലെ അഭിനയത്തിന് ഡോ ലെവിസിന് മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡും ബ്രെന്‍ഡ ഫ്രിക്കര്‍ക്ക് സഹനടിക്കുള്ള അവാര്‍ഡും ലഭിക്കുകയുണ്ടായി. കൂടാതെ മൂന്ന് ഓസ്‌കാര്‍ നോമിനേഷനുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ചിത്രകലയിലും ഇടതുകാല്‍പാദംകൊണ്ട് ക്രിസ്റ്റി വിസ്മയങ്ങള്‍ സൃഷ്ടിച്ചു.
എല്ലാ സങ്കീര്‍ണാവസ്ഥകളെയും വെല്ലുവിളിച്ച് നേട്ടങ്ങളുടെ പരമ്പരകളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ പിന്നെയും ദുര്‍വ്വിധികള്‍ ക്രിസ്റ്റിയെ പിന്‍തുടര്‍ന്നു. മൈ ലഫ്റ്റ് ഫൂട്ട് എന്ന പുസ്തകം വന്‍ വിജയമായതിനെത്തുടര്‍ന്ന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും വായനക്കാര്‍ ക്രിസ്റ്റിക്ക് കത്തെഴുതുമായിരുന്നു. അമേരിക്കക്കാരിയായ ബെദ് മൂര്‍ ക്രിസ്റ്റിയുടെ ആരാധികയായി മാറിയത് അങ്ങനെയായിരുന്നു. അവര്‍ നേരില്‍ കാണുകയും ക്രമേണ ആ ബന്ധം സുദൃഢമാവുകയും ചെയ്തു. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹിതയായിരുന്ന മൂര്‍ ഭര്‍ത്താവിനോട് ക്രിസ്റ്റിയുമായുള്ള അടുപ്പം തുറന്നു പറഞ്ഞാണ് അയാളെ ഉപേക്ഷിച്ച് ക്രിസ്റ്റിയോടൊപ്പം പോരാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് ഇംഗ്ലീഷുകാരിയായ മേരി കാര്‍ ക്രിസ്റ്റിയുടെ ജീവിത്തിലേക്ക് കടന്നുവന്നത്. ഒടുവില്‍ ബെദ് മൂറിനെ ഉപേക്ഷിച്ച് ക്രിസ്റ്റ്, മേരി കാറിനെ വിവാഹം കഴിച്ചു. ക്രിസ്റ്റിക്ക് പറ്റിയ മണ്ടത്തരങ്ങളിലൊന്നായിരുന്നു ഇതെന്ന് പില്‍ക്കാല ചരിത്രം ബോധ്യപ്പെടുത്തുന്നു. മേരി കാറിനെ ക്രിസ്റ്റി അകമഴിഞ്ഞു സ്‌നേഹിച്ചിട്ടും തിരികെ യാതൊരാത്മാര്‍ത്ഥയും അവര്‍ പുലര്‍ത്തിയിരുന്നില്ല. പലപ്പോഴും അവര്‍ ക്രിസ്റ്റിയെ ഉപദ്രവിച്ചിരുന്നതായും വെളിവാക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റിയുടെ ജീവിതത്തിന് യാതൊരു സമാധാനവും ഇവര്‍ നല്‍കിയിരുന്നില്ല. നാല്‍പ്പത്തി ഒമ്പതാമത്തെ വയസ്സില്‍ ക്രിസ്റ്റി ബ്രൗണ്‍ മരിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ആകെത്തളര്‍ന്നിരുന്നു.
നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിയശേഷമാണ് ക്രിസ്റ്റി ബ്രൗണ്‍ വിട പറഞ്ഞത്. തന്റെ ഇടതു കാല്‍പാദത്തിന്റെ ചലനങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധയെ കേന്ദ്രീകരിപ്പിച്ചു. തോറ്റുകൊടുക്കാത്ത മനസ്സും മനസ്സുനിറയെ സ്വപ്നങ്ങളുമുണ്ടെങ്കില്‍ അവസരങ്ങളുടെ ജാലകം നമുക്ക് മുന്നില്‍ താനേ തുറന്നുവരുമെന്നും അതുവഴി പതറാതെ മുന്നോട്ടുപോയാല്‍ നിശ്ചയമായും ലക്ഷ്യങ്ങളില്‍ എത്തിച്ചേരാമെന്നും അയാള്‍ നമുക്ക് പറഞ്ഞുതന്നു. ക്രിസ്റ്റി ബ്രൗണ്‍ പ്രകടിപ്പിച്ച ഇച്ഛാശക്തിക്കും തീവ്രപ്രയത്‌നത്തിനും മുന്നില്‍ ലോകം ഇന്നും അത്ഭുതാദരങ്ങളോടെയാണ് നില്‍ക്കുന്നത്.