ഹിന്ദി ശിശുവെന്ന് കമല്‍ ഹസന്‍

Web Desk
Posted on October 04, 2019, 12:38 pm

ചെന്നൈ: രാജ്യത്തെ ഭാഷാ കുടുംബത്തിലെ ഏറ്റവും കൊച്ചുകുഞ്ഞാണ് ഹിന്ദിയെന്ന് മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്രതാരവുമായ കമല്‍ഹസന്‍.

തമിഴ്, സംസ്‌കൃതം, തെലുങ്ക്, എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഇപ്പോഴും ഡയപ്പറുമായി നടക്കുന്ന കുഞ്ഞാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് ഹിന്ദിയോടുള്ള വിരോധമല്ല ഇങ്ങനെ പറയാന്‍ കാരണമെന്നും മറിച്ച് വാല്‍സല്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ തീര്‍ച്ചയായും ഈ ഭാഷയെ സംരക്ഷിക്കണം. അതേസമയം ഇതിനെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജെല്ലിക്കെട്ട് സമരത്തെക്കാള്‍ ശക്തമായ പ്രതിഷേധത്തിനാകും കാരണമാകുകയെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് തങ്ങളുടെ അഭിമാനമാണെന്നും അതിനായി തങ്ങള്‍ പൊരുതുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാനാത്വത്തില്‍ ഏകത്വം ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോള്‍ നല്‍കിയ ഒരു വാഗ്ദാനമാണ്. അതിലൊരു മാറ്റവും വരുത്താനാകില്ല. ഞങ്ങള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ തമിഴ് ആണ് ഞങ്ങളുടെ മാതൃഭാഷയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.