എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളിലുമുള്ള പ്രശ്നങ്ങളേ കോണ്‍ഗ്രസിലുമുണ്ടാകൂവെന്ന് കമല്‍നാഥ്

Web Desk
Posted on October 04, 2019, 6:45 pm

ഭോപ്പാൽ: എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളിലും സ്വാഭാവികമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് മധ്യപ്രദേശ് കോണ്‍ഗ്രസിലും ഉണ്ടായിട്ടുള്ളു എന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയിലെ പ്രധാന പദവി ലക്ഷ്യം വക്കുന്നു എന്നത് തനിക്ക് ഒരു പ്രശ്മല്ലെന്നും കമല്‍നാഥ് പറഞ്ഞു. എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍നാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ തനിക്ക് പ്രാധാനപ്പെട്ട രണ്ട് ഉത്തരവാദിത്വങ്ങള്‍ എടുക്കേണ്ടി വരികയാണ്, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നതും പാര്‍ട്ടിയുടെ നേതാവ് എന്നതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലെ ഉത്തരവാദിത്വങ്ങള്‍ വലുതാണ്. ഈ സാഹചര്യത്തില്‍ സിന്ധ്യ പാര്‍ട്ടി തലപ്പത്തേക്ക് വരികയാണെങ്കില്‍ അതിനെ നല്ല ഒരു ആശയം എന്ന നിലയ്ക്ക് താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. ബിജെപിക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് അത് എല്ലായിടത്തും സ്വാഭാവികമായി ഉണ്ടാവുന്നതാണ് എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ഉന്തും തള്ളും എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യയെ പാര്‍ട്ടി ചുമതലയിലേക്ക് വരികാണെങ്കില്‍ എന്താണ് പ്രതികരണമെന്ന ചോദ്യത്തിന് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ, ‘അദ്ദേഹം നല്ല പ്രവര്‍ത്തനപരിചയമുള്ള ആളാണ്. അദ്ദേഹത്തിനൊരു ടീം ഉണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പിച്ചുകൂട? ആരെങ്കിലും ആ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ പെട്ടന്നുതന്നെ അതങ്ങ് ചെയ്യണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്’.

നേതൃത്വ പ്രശ്നങ്ങള്‍ ഉന്നയിച്ച് താന്‍ സോണിയ ഗാന്ധിയെ സമീപിച്ചിട്ടില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. മറ്റൊരു കാര്യം സംസാരിക്കാനാണ് സോണിയയുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം സോണിയ ഗാന്ധി കമല്‍നാഥുമായും സിന്ധ്യയുമായും വ്യത്യസ്ത കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
അതേസമയം സിന്ധ്യ സര്‍വേയെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ദിഗ്വിജയ് സിങഉം സിന്ധ്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന പ്രശ്നങ്ങളുണ്ടെന്നതും കമല്‍നാഥ് തള്ളി. ദിഗ് വിജയ് സിംഗിനെ ഉപദേശകനായിട്ടാണ് താന്‍ കാണുന്നത്. പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഭരണ പരിചയം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തോട് ഉപദേശം തേടുന്നത്. പക്ഷേ സംസ്ഥാനം ഭരിക്കുന്നത് താന്‍ തന്നെയാണെന്നും കമല്‍നാഥ് പറഞ്ഞു.

രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധമുള്ള സിന്ധ്യ നിയമസഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിച്ചില്ലെങ്കില്‍പ്പോലും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയരണം എന്നാണ് സിന്ധ്യ കണക്കുകൂട്ടുന്നത്. നിലവില്‍ മുഖ്യമന്ത്രിയായ കമല്‍നാഥ് തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയും വഹിക്കുന്നത്.
ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ച സിന്ധ്യ വൈകാതെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ തൃപ്തരല്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിലാണ് അദ്ദേഹത്തിന് താല്‍പര്യമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

YOU MAY LIKE THIS VIDEO ALSO