Wednesday
20 Feb 2019

ഗാന്ധിയെ മുന്നില്‍ വെച്ച് ഗോഡ്‌സെയുടെ തിയറി പ്രചരിപ്പിക്കാന്‍ പാടില്ല;കമല്‍റാം സജീവ്

By: Web Desk | Thursday 6 December 2018 3:42 PM IST

കോഴിക്കോട്: സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും മാതൃഭൂമിയുടെ ഹിന്ദു സെക്കുലര്‍ വായനാ സമൂഹത്തില്‍ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ കഴിയുക എന്ന് അവര്‍ക്ക് അറിയാമെന്നും മീശ നോവല്‍ പ്രസിദ്ധീകരിച്ചതുമായ വിവാദത്തെ തുടര്‍ന്ന് മാതൃഭൂമയില്‍ നിന്ന് രാജിവെച്ച് കമല്‍റാം സജീവ് പറയുന്നു. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പത്രത്തിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.
സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട കമല്‍റാം പിന്നീട് രാജിവെക്കുകയായിരുന്നു.
അതിതീവ്ര ഹൈന്ദവ സംഘങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിന് മേല്‍ ഇത്ര അവിഹിതമായ സമ്മര്‍ദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇതുവരെയില്ലാത്തതാണ്.
           മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാന്‍ വായിച്ചപ്പോള്‍ തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല മലയാളത്തില്‍ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന നോവല്‍ എന്നും തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങള്‍ വന്നപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് രണ്ടാമത്തെ അധ്യായത്തില്‍ ഒരു ഭാഗം എടുത്ത് വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടത്തേണ്ടതുണ്ട്. അതില്‍ ദുരൂഹതയുണ്ടെന്നും സംഘപരിവാറുകാര്‍ ഇത് വായിച്ച് ഒരു ഭാഗം കണ്ടെത്തി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. നോവലിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് സ്ഥാപനത്തിലുള്ള ഒരാള്‍ സംഘപരിവാര്‍ നേതാവിന് വാട്‌സ് ആപ്പ് ചെയ്യുകയായിരുന്നുവെന്ന സംശയവും അദ്ദേഹം അഭിമുഖത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.
നോവല്‍ വിവാദമായതോടെ എഴുത്തുകാരനെ ഒറ്റപ്പെടുത്തി പലരും അക്രമിക്കാന്‍ തുടങ്ങി. മാധ്യമ സ്ഥാപനത്തിന് നേരെയും അക്രമണം നടന്നു.എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചില്ല. എഡിറ്ററും നോവലിസ്റ്റ് ഹരീഷും ആലോചിച്ച് നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തണമെന്നായിരുന്നു മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ എഴുത്തുകാരനോ പത്രാധിപ സമിതിയോ മാപ്പ് പറയേണ്ട കാര്യമില്ല എന്നായിരുന്നു തന്റെ നിലപാട്. പ്രശ്‌നം രൂക്ഷമാകുകയും ഭീഷണി വര്‍ദ്ധിക്കുകയും ചെയ്തതോടെ താങ്ങാനാവാതെ പിന്മാറാന്‍ ഹരീഷ് തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സംഘ പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് താന്‍ വാര്‍ത്ത കൊടുത്തു. എന്നാല്‍ സംഘപരിവാറിന്റെ ഭീഷണി കൊണ്ട് എന്ന ഭാഗം മാറ്റി ചില സംഘടനകളുടെ എതിര്‍പ്പുമൂലം എന്നാക്കിയാണ് വാര്‍ത്ത നല്‍കിയത്.
സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മാനേജ്‌മെന്റ് വിധേയപ്പെടുന്നുണ്ടെങ്കില്‍ അത് ശരിയായ രീതിയില്ല. വായനക്കാരും സമ്മര്‍ദ്ദ ഗ്രൂപ്പുകളും രണ്ടും രണ്ടാണ്. സ്ഥാപനത്തെ തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. അതിനോട് ദുര്‍ബല പ്രതിരോധമുള്ള മാനേജ്‌മെന്റാണ് ഉള്ളതെങ്കില്‍ സംഗതി എളുപ്പാണ്.  ഹൈന്ദവ ഭൂരിപക്ഷം അല്ല പ്രതിഷേധത്തിന് പുറകിലുണ്ടായിരുന്നത്. ചെറിയ അക്രമോത്സുക തീവ്രവര്‍ഗീയ ഗ്രൂപ്പുകളാണ്.  ഇപ്പോള്‍ ശബരിമല കലാപഭൂമിയാക്കാനുള്ള ശ്രമത്തിലൂടെ നമ്മള്‍ ഇതുവരെ അറിയാത്ത, കേള്‍ക്കാത്ത സംഘങ്ങളും നേതാക്കളും ഉയര്‍ന്നുവരുന്നു., ഇവരാണ് ഹിന്ദുവിന്റെ പ്രതിനിധികള്‍ എന്ന് ഒരു പത്രം തീരുമാനിക്കുന്നു. അവര്‍ പറയുന്നതാണ് ന്യായം എ്ന്ന രീതിയില്‍ വാര്‍ത്ത ഡിസ്‌പ്ലേ ചെയ്യുന്നു.  ആഴ്ചപ്പതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിച്ചതോടെ ഹരീഷിന് വായനാ സമൂഹത്തിന്റെയും ഇടതുപക്ഷം അടക്കമുള്ളവരുടെയും സര്‍ക്കാറിന്റെ തന്നെയും ശക്തമായ പിന്തുണ ലഭിച്ചു. ഡിസി ബുക്ക്‌സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ട് വന്നു. ആരും പിന്തുണയ്ക്കാതിരുന്ന അവസ്ഥയില്‍ നിന്ന് ഇതൊക്കെ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്നും കമല്‍റാം വ്യക്തമാക്കുന്നു.
 മീശയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് വന്നത് മാതൃഭൂമിക്കെതിരെയാണ്. മാനേ്ജമെന്റ് തന്നെയാണ് നല്ല അഭിഭാഷകനെ വെച്ച് സുപ്രധാനമായ വിധി സമ്പാദിച്ചത്. അത് സ്ഥാപനത്തിന് എക്കാലത്തും കൊണ്ടാടാവുന്ന, പത്രം എന്തിനൊക്കെ വേണ്ടി നിലകൊണ്ടിരുന്നുവോ അവയ്ക്ക് കിട്ടിയ എക്കാലത്തെയും സുപ്രധാനമായ വിധിയായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് സുപ്രീം കോടതി ഒരു പത്രസ്ഥാപനത്തോട് പറയുകയാണ്. ആ വിധി പ്രസിദ്ധീകരിച്ചത് എങ്ങിനെയാണ്. ഈ തീവ്ര സംഘങ്ങളെ പേടിച്ചാവാം അകത്ത് ബോക്‌സായി കൊടുത്തു. അതല്ല  ഇതാണ് ശരിയെന്ന് വാദിച്ച് വാങ്ങിയ ഭരണഘടനാ പിന്തുണ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
എല്ലാതരത്തിലുള്ള എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ട്. അത് അവര്‍ ചെയ്യുന്നുണ്ട്.
                   ഗാന്ധി എന്നു പറയുന്നത് ഒരു പ്രതിമയോ രക്തം പുരണ്ട മണല്‍ തരികളോ അല്ല. ഗാന്ധിയെ മുന്നില്‍ വെച്ചാണ് നിങ്ങള്‍ പത്രപ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ അതിന്റെ ബാധ്യതയും നിങ്ങളുടെ പത്രത്തിനുണ്ട്. ഗാന്ധിയെ മുന്നില്‍ വെച്ച് ഗോഡ്‌സെയുടെ തിയറി പ്രചരിപ്പിക്കാന്‍ പാടില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും.  ആ തെറ്റിദ്ധാരണയാണ് നിരന്തരം വളര്‍ത്തിക്കൊണ്ടുവരുന്നത്. മൂല്യങ്ങളുടെ പേരുപറഞ്ഞ് വില്‍ക്കപ്പെടുന്ന ഒരു പത്രത്തിനും ആ മൂല്യങ്ങള്‍ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.  സംഘപരിവാറിന്റെ  ക്യാമ്പയിനുകള്‍ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഗോഡ്‌സെയുടെ പത്രമായി മാറുന്നു. ദലിത് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ നിലപാടുകള്‍ എടുക്കാന്‍ പാടില്ല. പിണറായി വിജയന്‍ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവര്‍ഷം നിശ്ചലമാക്കിവെക്കുന്നതില്‍ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പത്രത്തിന് പ്രധാനശത്രുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Related News