അന്ന് സ്വാമി വിവേകാനന്ദൻ കേരളത്തെ നോക്കി മതഭ്രാന്തന്മാർ എന്ന് വിളിച്ചെങ്കിൽ ഇന്ന് വിളിക്കേണ്ടത് കാമഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തുചീഞ്ഞ മലീമസമായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് ഉദാഹരണം. പത്തനംതിട്ട ജില്ലയിൽ അറുപതിലേറെ പേർ ചേർന്ന് ഒരു ദളിത് കായിക താരത്തെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് തുടരുന്നു. വാളയാർ പെൺകുട്ടികൾ കൊലചെയ്യപ്പെട്ടത്, വണ്ടിപ്പെരിയാർ പിഞ്ചു പൈതൽ ഇങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലും പച്ചപ്പുല്ല് കണ്ട പശുവിനെപോലെ കാമഭ്രാന്തന്മാർ വിലസുന്നു. ഈ കാമരോഗികളുടെ ശിരസിൽ ചുംബിച്ച് താലോലിക്കുന്നത് ആരാണ്? നവോത്ഥാനം പ്രസംഗിക്കുന്ന നാട്ടിൽ ഹേമാ കമ്മിറ്റി പുറത്തു വിട്ട, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പരാതിയിൽ സിനിമാ കാമഭ്രാന്തന്മാരിൽ ആരെങ്കിലും ജയിൽ വാസമനുഭവിക്കുന്നുണ്ടോ? സിനിമാരംഗം മാത്രമല്ല സ്വന്തം വീട്ടിലും തൊഴിലിടങ്ങളിലും പീഡനങ്ങൾ തുടരുന്നു. സുന്ദരമായ കേരളത്തെ ലൈംഗിക വഷളന്മാരുടെ കൊടുങ്കാടായി വളർത്തുന്നു. കാമന് കണ്ണില്ലെങ്കിലും നിയമത്തിന് കണ്ണില്ലേ?
കേരളത്തിലെ എഴുത്തുകാരായ സ്ത്രീകളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ട് കാലങ്ങൾ ഏറെയായി. ചെന്താമരപ്പൂക്കൾ പോലെ പുഞ്ചിരിവിടരുന്ന പല മുഖങ്ങളും അസഹ്യമായ മനോവേദന പ്രകടമാക്കാതെ നമ്മുടെ മുന്നിലൂടെ സഞ്ചരിക്കുന്നു. ലൈംഗിക അരാജകത്വം നേരിടുന്ന നാട്ടിൽ സ്ത്രീകളെ ഭയം, ഭീതി, ഒറ്റപ്പെടൽ, നിശബ്ദത എന്നിവ മാനസിക രോഗികളാക്കുന്നു. സ്കൂളിൽ പോകുന്ന പെൺകുട്ടികളെയോർത്ത് വീടുകളിൽ ആശങ്കാകുലരായി ജീവിക്കുന്ന അമ്മമാർ. ഈ അത്യാധുനിക യുഗത്തിലും ഭീതിജനകമായ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാതെ നടന്നൊരു കാലമുണ്ടായിരുന്നു. അതിനെയാരും മാധുര്യത്തോടെ കണ്ടിരുന്നില്ല. അവർ ശീതളമായ കുറ്റിക്കാടുകളിലൂടെ സഞ്ചരിച്ചപ്പോൾ അവിടെയെങ്ങും കാമദേവന്മാരെ കണ്ടില്ല. ഇന്ന് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമ ദുർവിധി സ്ത്രീകളോടുള്ള അവഗണനയാണ്. സ്ത്രീ സുരക്ഷ ഇല്ലാത്തതിന്റെ തെളിവാണ്. വികസിത രാജ്യങ്ങളിൽ സ്ത്രീകൾക്ക് നേരെ വികാരശൂന്യമായ ഒറ്റ നോട്ടത്തിൽ അവൻ അകത്താകും ഇല്ലെങ്കിൽ കരണത്തടി കിട്ടുമെന്നുറപ്പ്. ഒരു നോട്ടത്തെപ്പോലും അവർ ചങ്കൂറ്റത്തോടെ കാണുന്നു. പെൺകുട്ടികളടക്കം ഭീരുക്കളുമല്ല. അതിനവരെ പ്രാപ്തരാക്കിയത് അവരുടെ വായനയും, സാംസ്കാരിക വളർച്ചയും വിദ്യാഭ്യാസവുമാണ്. കേരളത്തിൽ കുളത്തിലെ തവളകളെപ്പോലെ, കുടത്തിലകപ്പെട്ട വിത്തുകൾപോലെ ജീവിക്കുന്നവർക്ക് ലോകമെന്തെന്ന് അറിയില്ല.
ഇന്ത്യൻ സ്ത്രീകൾ ധാരാളം മാനസിക സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ പാശ്ചാത്യ സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവർ സ്വന്തം ഭർത്താവിനോടുപോലും അധിക വിധേയത്വം കാണിക്കുന്നവരല്ല. ഭാര്യ ഭർത്താവിന് കീഴടങ്ങി കഴിയേണ്ടവളല്ല, തുല്യ പങ്കാളിയാണെന്നുള്ള തിരിച്ചറിവ് അവരിൽ ആശ്വാസവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. കരുത്തില്ലാത്ത നിയമവാഴ്ചയും, അധികാരദുർവിനിയോഗവും നടക്കുന്ന രാജ്യങ്ങളിലാണ് അനീതിയും അധർമ്മങ്ങളും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും കാണുന്നത്. എല്ലാ ദേശത്തും പൊലീസ് സ്റ്റേഷനുള്ള ഒരു രാജ്യത്ത് നീതി ലഭിക്കണമെങ്കിൽ അധികാരത്തിലിരിക്കുന്നവരുടെ ആനുകൂല്യം വേണം. നേരിൽ പരാതി കൊടുക്കണം. ഇല്ലെങ്കിൽ ഇരയുടെ നൊമ്പരം തിരിച്ചറിയില്ല. ഇത് വേട്ടക്കാരെ വളർത്തുന്ന സംവിധാനമാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സവർണ മേലാളന്മാർ — ഒളിഞ്ഞും മറഞ്ഞും അവഹേളിക്കുന്നവർക്ക് അവളുടെ കവിളെല്ലുകൾ ഉന്തിനിൽക്കുന്നുണ്ടോ, നീണ്ട മുടിയുണ്ടോ, പുരികമുണ്ടോ, സ്തനങ്ങൾ തുറിച്ചു നിൽക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം. നടിമാരുടെ അരമുറി വസ്ത്രം, അവരുടെ നഗ്നത സിനിമയിൽ കണ്ടാൽ ഇമവെട്ടാതെ നോക്കി പുളകം കൊള്ളുന്ന ഈ ഇന്ത്യയിൽ നഗ്നരായി ജീവിക്കുന്ന ഒരുപറ്റമാളുകളില്ലേ? അവരുടെ മൗലികാവകാശങ്ങളിൽ ആർക്കും പരാതിയില്ല. ലോകമെങ്ങും സ്ത്രീകൾ നിക്കറും ബനിയനുമിട്ട് പുരുഷന്മാരെപ്പോലെ ജീവിക്കുന്നില്ലേ? സമൂഹത്തിൽ വെറുപ്പും സ്പർദ്ധയും വളർത്തുന്നവരും ചാനൽ ചർച്ചകളിൽ ജനങ്ങളുടെ പൊതുബോധ സംസ്കാരമറിയാത്തവരും മനസിലാക്കേണ്ടത് ഈ രണ്ട് കൂട്ടരുടെയും മനസുകൾക്കിടയിലെ മതിലുകൾ എങ്ങനെ പൊളിഞ്ഞു? സമ്പന്നന്മാരുടെയും, ദന്തഗോപുരങ്ങളിലെ രതിലീല സുഖഭോഗങ്ങളിൽ മുഴുകി കഴിയുന്നവരുടെയും ധനവിനിയോഗ ചരക്കുകളാക്കി സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ, സാധാരണ സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ ഒരു നടിയുടെ പരാതിയിൽ ചാനലുകൾപോലും നോക്കിയിരിക്കുന്നത് എന്ത് മാധ്യമ സംസ്കാരമാണ്? ഇങ്ങനെ പീഡനങ്ങൾ നേരിടുന്ന പുരുഷന്മാരുടെ പരാതികൾ കൊട്ടിഘോഷിക്കാറില്ല. എത്രയോ സ്ത്രീകൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിൽ കുതന്ത്ര കഥകൾ മെനഞ്ഞ് പുരുഷന്മാരെ അപമാനിക്കുന്നു, കേസെടുക്കുന്നു.
പീഡനങ്ങൾക്ക് ഇരയായ എത്രയോ സ്ത്രീകളുടെ പരാതികൾ വെളിച്ചം കാണാതെയുറങ്ങുന്നു. എണ്ണം പെരുപ്പിക്കുന്ന ചാനലുകളുടെ ഇരട്ടത്താപ്പ് നിര്‍ത്തണം. ഒരു നടിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ എത്ര വേഗത്തിലാണ് എതിർ കക്ഷിയെ അറസ്റ്റ് ചെയ്തത്? ഈ പരിരക്ഷ മാനസികവും ശാരീരികവുമായി പീഡനങ്ങൾ ഏറ്റുവാങ്ങുന്ന എല്ലാവർക്കും എന്തുകൊണ്ട് ലഭിക്കുന്നില്ല? ലൈംഗിക വൈകൃതമുള്ളവരെ ജാമ്യം കൊടുക്കാതെ ജയിലിൽ പാർപ്പിച്ചിരുന്നുവെങ്കിൽ ദുഃഖത്തിന്റെ ചുളിവുകൾ സ്ത്രീകളുടെ മുഖത്ത് കാണില്ലായിരുന്നു. അതുമല്ല ഒരു പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചാൽ ഏത് അധികാരഗോപുരത്തിൽ ഇരിക്കുന്നവനായാലും കപടമായ മുടന്തൻ ന്യായങ്ങൾ കേൾക്കാതെ അഴിക്കുള്ളിലാക്കുമെന്നുള്ള അടയാളക്കൊടി ഓർക്കുമായിരുന്നു. നമ്മൾ കാണുന്നത് വിശ്വസ്തസേവകർ, ഉപജാപകസംഘം സ്ത്രീപീഡകരായാൽ സ്വാർത്ഥതയുടെ തത്വശാസ്ത്രം നിരത്തി നിയമങ്ങളെ അവഹേളിക്കുന്നതാണ്. അത് മലവെള്ളംപോലെ വന്ന് പാവം സ്ത്രീകളെ വേട്ടയാടുന്നു. ഇത് വീടുകളിൽ, ജോലി മേഖലകളടക്കം എല്ലാ രംഗങ്ങളിലും കാണുന്ന അധികാരശക്തികളുടെ വിളയാട്ടങ്ങളാണ്. സ്ത്രീകളുടെ മാറിടം കണ്ടാൽ വിവേകം അപ്രത്യക്ഷമായി മലിന മോഹങ്ങൾ പൊന്തി സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ പകൽമാന്യന്മാരെ ഇപ്പോഴും കേരള ജനത മനസിലാക്കുന്നില്ല. സാക്ഷരതയിൽ ഉന്നതരെന്ന് വീമ്പിളക്കുന്നവരിൽ ലൈംഗിക അറിവില്ലായ്മ വളരുന്നത് അക്ഷരത്തിന്റെ, വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെയാണ്. സ്ത്രീകളെ വാണിജ്യവൽക്കരിക്കുന്നവർക്കെതിരെ സമൂഹം മൗനമാണ്. ഇതാണോ നമ്മുടെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതി? സമൂഹത്തോട് പ്രതിജ്ഞാബദ്ധരായിട്ടുള്ളവർ യാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മത കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. സ്ത്രീകളെ കാഴ്ചവസ്തുവായി, വില്പനച്ചരക്കായി, അടിമയായി കാണാതെ തുല്യതകൊടുത്ത് അവരുടെ മുറിവിന്റെ നീറ്റലുകൾ അകറ്റുകയാണ് വേണ്ടത്. അതിന് കൃത്യമായ മൂല്യബോധമുള്ള ഭരണാധിപന്മാരുണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.