29 March 2024, Friday

കണക്ക് നാറാപിള്ളയും കർഷക സമരവും

ആശാവേണുക്കുട്ടൻ നായർ
September 12, 2021 7:00 am

മ്മുടെ കൃഷിമന്ത്രിയുടെ ആ വാക്കുകൾ എന്നെ ആകർഷിച്ചു. എന്തെന്നല്ലേ? “നാം ആഹാരം കഴിക്കുന്നതിനു മുൻപ് അത് നൽകിയ ദൈവത്തിന് നന്ദി പറഞ്ഞു പ്രാർഥിക്കാറില്ലേ, ഓരോ മതത്തിൽ പെട്ടവർ അവരവരുടെ ദൈവത്തോട്? എന്നാൽ ആദ്യം നാം പ്രാർത്ഥിക്കേണ്ടത് വിളവ് ഉണ്ടാക്കുന്ന കർഷകരെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാകണം. നാം കഴിക്കുന്ന ഏത് ഭക്ഷണത്തിലും കർഷകന്റെ വിയർപ്പുണ്ടാകും.” അർഥവത്തായ വാക്കുകൾ! എന്തുകൊണ്ടാണ് അത് ഇവിടെ കുറിച്ചതെന്നോ? അലക്സ് വള്ളികുന്നത്തിന്റെ ‘കണക്ക് നാറാപിള്ള ’ എന്ന നാടകം കണ്ട് ആ കർഷകന്റെ അവസ്ഥ മനസ്സിനെ മഥിക്കുന്നതുകൊണ്ട്. പുതുശേരി രാമചന്ദ്രൻ എഴുതിയ ‘പുതുവീട്ടിൽ കണക്കു നാറാപിള്ള ’ എന്ന കവിത, അലക്സിന്റെ മനസിലുണ്ടാക്കിയ വേദന ഒരു ഏകപാത്ര നാടകമായി പരിണമിച്ചതാണ്. കവിതയുടെ സ്വതന്ത്ര നടകാവിഷ്കാരമാണ് ‘കണക്ക് നാറാപിള്ള.’ “കർഷകർ ആത്‍മഹത്യ ചെയ്യുന്നതിന് ഉത്തരവാദി ആര്? ” എന്ന ചോദ്യത്തോടെ കർഷക സമര വാർത്തകളുടെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. നാറാപിള്ള എന്ന കർഷകന്റെ ആത്മരോദനങ്ങളാണ് ഈ ഏകപാത്ര നാടകത്തിലൂടെ നാം കേൾക്കുന്നത്.

ആകെയുള്ള എഴുപത്തഞ്ചു സെന്റ് വസ്തുവിന്റെ പ്രമാണവുമായി പലേടത്തും കയറിയിറങ്ങി, ഓടിയും നടന്നും തളർന്ന്, വഴിയിൽ ഇരുന്ന് തളർച്ച മാറ്റിയും വഴിയിൽ കണ്ട പൈപ്പ് വെള്ളം കുടിച്ചും പൊട്ടിപ്പോയ ചെരുപ്പ് പൊതിഞ്ഞ് സൂക്ഷിച്ചും സഞ്ചരിക്കുകയാണ്. ഇതിനിടയിൽ അദ്ദേഹത്തിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ചും ഏതോ ലക്ഷ്യത്തിലേക്ക് എത്തേണ്ട തിനെക്കുറിച്ചുമൊക്കെ പുലമ്പുന്നുമുണ്ട്. അമ്മാവൻ കൊടുത്ത 75 സെന്റ് സ്ഥലത്തിന്റെ ജന്മിയാണ് കണക്ക് നാറാപിള്ള. ആ വസ്തുവിനോടൊപ്പം അമ്മാവന്റെ മകളെയും നൽകി. അവർക്ക് മൂന്ന് പെൺമക്കളും മൂന്ന് ആണ്മക്കളും ഉണ്ടായി. മൂത്ത മകനെ 4000 രൂപ ഡൊണേഷൻ കൊടുത്തു മെക്കാനിക്കൽ ഡിപ്ലോമയ്ക്കു അയച്ചു. പഠിത്തം കഴിഞ്ഞപ്പോൾ കൂടെ പഠിച്ചവളെക്കൂട്ടി അന്യനാട്ടിൽ ജീവിക്കുന്നു. എംഎ മലയാളം പാസായ രണ്ടാമത്തെ മകൻ ജോലികിട്ടാതെ ‘തേരാപ്പാരാ ’ നടക്കുന്നു. മൂന്നാമനോ, ബിഎസി ജയിച്ചു നാടു നന്നാക്കാൻ നടക്കുന്നു. പുരനിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളെ കണ്ണിലെണ്ണയുമൊഴിച്ചു കാത്തു പോറ്റുന്നു ഭാര്യ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യലബ്ധി ഉണ്ടായ അന്ന് ജനിച്ച നാറാപിള്ള പഠിക്കാൻ പോകാതെ കൃഷിപ്പണി ചെയ്താണ് ഇത്ര കാലം കുടുംബം പുലർത്തിയത്. എന്നാൽ ഇന്ന് കൃഷിക്കാർ ദുരിതത്തിലാണ്. നെല്ലിന് പുഴുക്കേട്… വാഴ കൂമ്പടച്ചു… പണിക്കാരെ കിട്ടാനില്ല. കിട്ടിയാലോ കൂലികൊടുത്തു മുടിയുന്നു. നെല്ലിന് വിലയില്ല. കൊയ്തുകൂട്ടിയ നെല്ല് എടുക്കാൻ ആളില്ലാതെ കൊയ്തിടത്ത് കിടന്നു പാഴാകുന്നു. സമരം ചെയ്യുന്ന കർഷകരുടെ ആൾക്കൂട്ടം കണ്ട് എന്താണെന്ന് അറിയാൻ ഒന്ന് നോക്കിയതേയുള്ളൂ. പോലീസുകാർ നിർദ്ദയം തല്ലിച്ചതച്ചു ആ നിർദ്ദോഷിയെ. പ്രമാണവും കരം തീർത്ത രസീതുമെല്ലാം ചിതറിപ്പോയി. മന്നത്തു പദ്മനാഭൻ വന്നിട്ടുള്ള പുരാതന തറവാട്ടിലെ മുക്കാൽ ഏക്കർ പുരയിടത്തിന്റെ ജന്മിയെയാണ് പോലീസ് നിർദ്ദയം മർദിച്ചവശനാക്കിയത്. സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം കഴിഞ്ഞിട്ടും കർഷകരുടെ ദുരിതങ്ങൾ കൂടുന്നതേയുള്ളൂ. പുതുതലമുറ കൃഷിയിൽ താല്പര്യം കാണിക്കാത്തതിന് കാരണം അത് ലാഭാകരമല്ലാത്തതുകൊണ്ടു മാത്രമല്ല, കൃഷിപ്പണി അന്തസ്സില്ലാത്തത് എന്ന് കരുതുന്നതുകൊണ്ടുകൂടിയാണ്. വിദ്യാഭ്യാസം മനുഷ്യനെയും മണ്ണിനെയും തമ്മിൽ അകറ്റുന്നു. എന്നിട്ടും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു വിഭാഗം ജനത മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നു.

 

കാർഷിക രാജ്യമായ ഇന്ത്യയിലെ കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര നിയമങ്ങൾ അവർക്ക് സഹിക്കാനാകുമോ? പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുന്നതുപോലെ കുത്തക മുതലാളിമാർക്ക് ഗുണകരമാകുന്ന നിയമം നടപ്പിലാക്കുന്നതിനെതിരെ കർഷകർ തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. എത്രയോ മരണങ്ങളും ഉണ്ടായി. എന്നിട്ടും കർഷക ദ്രോഹ നിയമം റദ്ദ് ചെയ്യാൻ ഭരണകർത്താക്കൾ തയാറാകുന്നില്ല. അനീതിയെ എന്നും ചോദ്യം ചെയ്യുന്നവരാണ് നാടക കലാപ്രവർത്തകർ. അലക്സ് വള്ളികുന്നം തന്റെ മാധ്യമമായ നാടകത്തിലൂടെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. സി ജെ തോമസ്സിന്റെ ‘ക്രൈം 1128 ൽ 27’, പി കെ വേണുക്കുട്ടൻ നായരുടെ ‘ആന്റിഗണി ’ തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുള്ള അലക്സ് സംഗീത സംവിധാനം, ലൈറ്റിംഗ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ‘കണക്ക് നാറാപിള്ള’യിലൂടെ. “കൃഷിക്കാരൻ, കൃഷിപ്പണി, കർഷകൻ ” എന്ന് ആവർത്തിച്ചു പറയുന്ന ബൈജു പൂജപ്പുരയുടെ കണക്ക് നാറാപിള്ളയായുള്ള പകർന്നാട്ടം മികച്ചതായിട്ടുണ്ട്. കൂടുതൽ അവതരണങ്ങൾ ഈ ഏകപാത്ര നാടകം അർഹിക്കുന്നുണ്ട്. കർഷക സമരത്തെ അനുകൂലിക്കുന്നവർ ഈ നാടകത്തിനുവേണ്ടി ചെറു സദസ്സുകളെങ്കിലും ഒരുക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.