കോടതിയില്‍ വിജയിച്ച കനകദുര്‍ഗക്കു ‘കുടുംബത്തെ കോടതി‘യില്‍ പരാജയം

Web Desk
Posted on February 06, 2019, 11:26 am

മലപ്പുറം:കോടതിയില്‍ വിജയിച്ച കനകദുര്‍ഗക്കു ‘കുടുംബത്തെ കോടതി‘യില്‍ പരാജയം.   കോടതിയുടെ അനുകൂല വിധി നേടി കനക ദുര്‍ഗ വീട്ടിലെത്തും മുമ്പ് ഭര്‍ത്താവ് കൃഷ്ണനുണ്ണി മക്കളേയും അമ്മയേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

കനകദുര്‍ഗയുടെ ശബരിമല പ്രവേശനം വിവാദമായതിന് പിന്നാലെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവ് വിസമ്മതിച്ചിരുന്നു.  വീട്ടിലെത്തിയ ഇവരെ ഭര്‍തൃമാതാവ് ആക്രമിച്ചു. തുടര്‍ന്ന് കനകദുര്‍ഗ കോടതിയെ സമീപിച്ചു. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ പുലാമന്തോള്‍ ഗ്രാമീണ ന്യായാലയ കോടതിയാണ്  അനുമതി നല്‍കിയത്.

ഇന്നലെ കോടതി വിധി വന്നതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറന്നാണ് കനകദുര്‍ഗയെ വീടിനകത്ത് പ്രവേശിപ്പിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കുടുംബം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഭര്‍തൃമാതാവ് കനകദുര്‍ഗയെ തടഞ്ഞ പ്രശ്നം കയ്യാങ്കളിയില്‍ എത്തിയിരുന്നു. പരുക്കേറ്റ കനക ദുര്‍ഗ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍ പ്രവേശിക്കാനായെങ്കിലും കനകദുര്‍ഗയ്ക്ക് വധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള പോലീസ് സംരക്ഷണം തുടര്‍ന്നേക്കും. ഇവരുടെ മക്കളുടെ സംരക്ഷണം സംബന്ധിച്ച്‌ കോടതി പിന്നീട് വിധി പറയും.

കൃഷ്ണനുണ്ണിയുടെ പേരിലുള്ള വീട് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നല്‍കാനോ കനകദുര്‍ഗയ്ക്ക് അനുവാദമില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്ത മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.