Friday
19 Apr 2019

അമിത്ഷായുടെ ഫാസിസ്റ്റ് ഭീഷണി കേരളത്തില്‍ വിലപ്പോകില്ല: കാനം രാജേന്ദ്രന്‍

By: Web Desk | Sunday 28 October 2018 7:12 PM IST


Kanam Rajendran
എ ഐ ടി യു സി തൃശ്ശൂര്‍ ജില്ലാ സമ്മേളനം ടാഗോര്‍ സെന്റിനറി ഹാളിലെ എ എം പരമന്‍ നഗറില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: കേരള സര്‍ക്കാരിനെയും സുപ്രിം കോടതിയെയും ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വെല്ലുവിളി ഫാസിസത്തിന്റെ ഭീകര മുഖം തെളിയിക്കുന്നതാണെന്നും കേരളത്തില്‍ അത് വിലപ്പോകില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന ധാര്‍ഷ്ട്യം ജനാധിപത്യത്തിനെതിരെയുള്ള അവരുടെ നിലപാട് ആണ്. പരമോന്നത നീതിപീഠത്തെ പോലും വെല്ലുവിളിക്കുന്ന സംഘ പരിവാര്‍ കേരളത്തില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. എ ഐ ടി യു സി ജില്ലാ സമ്മേളനം തൃശ്ശൂര്‍ ടാഗോര്‍ സെന്റിനറി ഹാളിലെ എ എം പരമന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദ്ഘാടനം ചെയുകയായിരുന്നു കാനം.
കേരളത്തിലെ ഐക്യവും പുരോഗതിയും തടയാന്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന ബിജെപി അധ്യക്ഷന്‍ കേരളത്തിന്റെ രാഷ്ട്രീയം കുറച്ചുപഠിക്കുന്നത് നല്ലതാണ്. 1957 ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത് 35 % വോട്ട് നേടിയാണ്. പിന്നീട് എല്ലാ പ്രതിലോമ ശക്തികളും ചേര്‍ന്ന് നടത്തിയ വിമോചന സമരത്തിന്റെ മറവില്‍ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. തുടര്‍ന്ന് 1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 39.5% വോട്ട് നേടാന്‍ കഴിഞ്ഞു. ഇടതുപക്ഷ നിലപാടുകള്‍ തങ്ങള്‍ക്കു വേണ്ടിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
ശബരിമലയുടെ പേരില്‍ വിശ്വാസികളെ തെരുവില്‍ ഇറക്കിയത് ബിജെപി യുടെ രാഷ്ട്രീയക്കളി മാത്രമാണ് എന്ന് വിശ്വസിക്കാന്‍ ചിലര്‍ക്ക് മടിയുണ്ടായിരുന്നു. അമിത് ഷായുടെ ഭീഷണിയോടെ കലാപം തന്നെയാണ് ബിജെപി ലക്ഷ്യം എന്ന് സാധാരണക്കാര്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന സംഘപരിവാര്‍ സംഘടനകളുടെ നിഷേധാത്മക സമീപനമാണ് സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് വിധി സ്വമേധയാ നിയമം ആണ് എന്ന് അറിയാത്ത ആളുകള്‍ അല്ല ശ്രീധരന്‍ പിള്ളയും ചെന്നിത്തലയും. പ്രളയ കാലത്തും പുനരധിവാസത്തിലും കേരളീയ ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിന്നു. നവകേരള നിര്‍മിതിയില്‍ ഈ ഐക്യം തകര്‍ത്തു സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം.
റഫേല്‍ ഉള്‍പ്പെടെ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ് മോഡി സര്‍ക്കാര്‍. അതിനെതിരെ ശബ്ദിക്കുന്ന ആളുകളെ ജനാധിപത്യവിരുദ്ധമായി തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയുന്നത്. അംബാനി കമ്പനിയുമായി വഴിവിട്ട കരാര്‍ ഉണ്ടാക്കിയ റഫേല്‍ ഇടപാട് അന്വേഷിക്കുന്നത് കൊണ്ടാണ് സിബിഐ ഡയറക്ടറെ അര്‍ദ്ധരാത്രി മാറ്റിയത്. ഈ വിഷയത്തില്‍ സുപ്രീം കോടതി നിശിതമായ വിമര്‍ശനമാണ് കേന്ദ്രത്തിനെതിരെ നടത്തിയത്.
കരിനിയമങ്ങള്‍ ഉണ്ടാക്കി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കവരുകയും സംഘടനാ സ്വാതന്ത്ര്യം പോലും ഹനിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും രക്ഷിക്കാനുള്ള സമരങ്ങള്‍ക്ക് പിന്തുണ നല്‍കാനും സമരം ഏറ്റെടുക്കാനുമുള്ള ഉത്തരവാദിത്തം കൂടി തൊഴിലാളി സമൂഹവും സംഘടനകളും കാണിക്കണം എന്ന് കാനം ഓര്‍മ്മിപ്പിച്ചു. നേരത്തെ എ എന്‍ രാജന്‍ പതാകയുയര്‍ത്തി.

Related News