Friday
19 Apr 2019

കൊടിയെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇനി മടങ്ങിയെത്തില്ല: കാനം

By: Web Desk | Wednesday 24 October 2018 9:57 PM IST


കൊല്ലം കന്‍റോണ്‍മെന്റ് മൈതാനിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു
കൊല്ലം: ശബരിമല വിഷയത്തില്‍ അക്രമ സമരം നടത്തുന്ന ബിജെപി സംഘപരിവാര്‍ ശക്തികളുമായി മത്സരിച്ച് വിജയിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരോട് കൊടിയില്ലാതെ ബിജെപി സമരത്തില്‍ പങ്കുകൊള്ളാനാണ് ചെന്നിത്തലയും കൂട്ടരും ഉപദേശിച്ചത്. സമരം കഴിയുമ്പോള്‍ അവരാരും കൊടിയെടുക്കാന്‍ തിരിച്ച് കോണ്‍ഗ്രസ് ക്യാമ്പിലെത്തുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്ന മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയോട് ചങ്ങാത്തം കാട്ടിയതിന്റെ അനുഭവം ധാരാളം അനുഭവിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭിന്ദ്രന്‍വാലയെ പ്രീണിപ്പിച്ചതും രാജീവ്ഗാന്ധിയുടെ കാലത്ത് ബാബറിമസ്ജിദിലെ രാമക്ഷേത്രം തുറന്നുകൊടുത്തതും താല്‍ക്കാലിക ലാഭത്തിനുവേണ്ടിയായിരുന്നു. രാജ്യവും ജനങ്ങളും അതിന് കൊടുത്തവില വളരെ വലുതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍മ്മിക്കുന്നത് നന്ന്.
2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റിയതെന്തിനാണെന്ന് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു. 2007ല്‍ വി എസ് സര്‍ക്കാരാണ് ശബരിമല വിഷയത്തില്‍ ആദ്യം സത്യവാങ്മൂലം നല്‍കിയത്. അതില്‍ പറഞ്ഞിട്ടുള്ളത് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് വ്യക്തത കൈവരിക്കാന്‍ ആ രംഗവുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ രൂപീകരിക്കണമെന്നായിരുന്നു. സ്ത്രീകള്‍ക്ക് തുല്യത നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാട്. എന്നാല്‍ കോടതിയുടെ ഏത് വിധിയും തങ്ങള്‍ നടപ്പാക്കുമെന്നും അതില്‍ പറഞ്ഞിരുന്നു.
2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2015 വരെ അവര്‍ ഈ സത്യവാങ്മൂലം മാറ്റുന്നതിന് നടപടിയെടുത്തില്ല. അപ്പോഴെല്ലാം കോടതിയില്‍ കേസ് വരുകയും ചെയ്തു. 2016 ഫെബ്രുവരിയിലാണ് അവര്‍ സത്യവാങ്മൂലം മാറ്റിയത്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വോട്ട്ബാങ്കിനെ ലക്ഷ്യമാക്കി ഭൂരിപക്ഷ പ്രീണനം ലക്ഷ്യമിട്ടായിരുന്നു ആ നടപടി. അഞ്ചാംമന്ത്രി വിവാദവും സരിത പ്രശ്‌നവും അഴിമതി വിരുദ്ധ സമരവും ഒക്കെ കത്തിനിന്ന ആ സന്ദര്‍ഭത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ നടപടിയില്‍ യാതൊരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നിലവില്‍ വന്ന ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വി എസ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പുനസ്ഥാപിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ: സുരേഷ് ചൈത്രം
Related News