നാടിനെ നടുക്കിയ വിലങ്ങാട് ദുരന്തത്തിൽ മരിച്ച കുറ്റിക്കാട്ടിൽ ബെന്നിയുടെ കുടുംബത്തിന് സി പി ഐ നാദാപുരം മണ്ഡലം കമ്മറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൂറു കണക്കിന് നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൈമാറി. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾ പൊട്ടലിൽ സി പി ഐ ബ്രാഞ്ച് കമ്മറ്റി അംഗം കൂടിയായ ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ ഫിലിപ്പ് എന്നിവരാണ് മരിച്ചത്.
ബെന്നിയുടെ മക്കളായ കുറ്റിക്കാട്ടിൽ അതുൽ, അജിൽ എന്നിവരാണ് താക്കോൽ ഏറ്റുവാങ്ങിയത്. പ്രകൃതിദുരന്തങ്ങൾ പലപ്പോഴായി ഏറ്റുവാങ്ങേണ്ടിവന്ന മലയോര നിവാസികൾക്ക് ആശ്വാസമേകാനും സഹായങ്ങൾ എത്തിക്കാനും എന്നും മുൻപന്തിയിലുണ്ടായിരുന്നയാളാണ് ബെന്നി. പാർട്ടിപ്രവർത്തനങ്ങൾക്കൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ബെന്നിയുടെ വേർപാടിൽ തകർന്നു പോയ കുടുംബത്തെ സഹായിക്കണമെന്ന സി പി ഐ മണ്ഡലം കമ്മറ്റിയുടെ തീരുമാനത്തിന് പാർട്ടി അനുഭാവികൾ പൂർണ്ണ പിന്തുണ നൽകി. എല്ലാവരുടെയും സഹായസഹകരണങ്ങൾ കൊണ്ടാണ് പ്രതീക്ഷിച്ചതിലും നേരത്തെ വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്. പാർട്ടി സഖാക്കളിൽ നിന്നും സമാഹരിച്ച പണവും മനുഷ്യാധ്വാനവും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.
സെപ്റ്റംബർ 27 ന് തറക്കല്ലിട്ട വീട് അഞ്ചര മാസം കൊണ്ടാണ് പൂർത്തിയായത്. മണ്ഡലം സെക്രട്ടറി പി ഗവാസ് ചെയർമാനും വാണിമേൽ ലോക്കൽ സെക്രട്ടറി രാജു അലക്സ് കൺവീനറും ജലീൽ ചാലിക്കണ്ടി ട്രഷററുമായ കമ്മറ്റിയാണ് നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം പി, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, അഡ്വ. പി വസന്തം, ടി വി ബാലൻ, എം നാരായണൻ, ടി കെ രാജൻ, അഡ്വ. പി ഗവാസ്, രാജു അലക്സ്, ജലീൽ ചാലിക്കണ്ടി, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയൻ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണി, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി പവിത്രൻ, എന്നിവർ പ്രസംഗിച്ചു. ഫാ പോൾ പൂവത്തിങ്കൽ, മാത്യു തകടിയാൽ എന്നിവരും വീട്ടിലെത്തിയിരുന്നു.
English Summary: kanam in snehaveedu function
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.