Tuesday
20 Aug 2019

നിരാശയില്ല; കമ്മ്യൂണിസ്റ്റുകള്‍ക്ക് പരാജയം പാഠശാല

By: Web Desk | Monday 3 June 2019 10:05 AM IST


ജനയുഗം ഓണ്‍ലൈനുവേണ്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജെയ്‌സണ്‍ ജോസഫ് നടത്തിയ അഭിമുഖം

  • സ്ഥായിയായ ഐക്യനിര ഉയരണം

  • രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്‌കരണം അനിവാര്യം

17-ാം ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള വിശദീകരണം?

17-ാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ വിജയമാണ് അധികാരത്തിലിരുന്ന നരേന്ദ്രമോഡി സര്‍ക്കാരിനുണ്ടായിട്ടുള്ളത്.
ഒരു വര്‍ഷത്തിലധികമായി ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താകണം എന്ന് ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിലെ മുഖ്യധാര പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായ പ്രയത്മാണ് പ്ലാന്‍ ചെയ്യുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ അത് 17 രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യമായി വരികയും മീരാ കുമാര്‍ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അന്ന് സഹകരിക്കാതിരുന്ന ബിജു ജനതാ ദള്‍കൂടി പ്രതിപക്ഷത്തോടൊപ്പം സഹകരിച്ച് 18 രാഷ്ട്രീയ പാര്‍ട്ടികളായിട്ട് വന്നു.
നരേന്ദ്രമോഡി സര്‍ക്കാരിന്റ നയങ്ങള്‍ക്കെതിരെയായ സംയുക്ത പ്രക്ഷോഭത്തില്‍ 22 പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഡല്‍ഹി റാലി സംഘടപ്പിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഡല്‍ഹി റാലിയില്‍ 23 പാര്‍ട്ടിയുടെ പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷക്കാലം അതിശയകരമായി വളര്‍ന്നുവന്ന പ്രതിപക്ഷത്തിന്‍െ ഐക്യനിര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സീറ്റ് ഷെയറിങ്ങിലേയ്ക് വന്നപ്പോള്‍ ആ പ്രതിപക്ഷ ഐക്യം തകര്‍ന്നതായി കാണാന്‍ കഴിഞ്ഞു.
അതിന്റെ ഫലമായി പ്രതീക്ഷിച്ചതുപോലെ ഏതാണ്ട് 400 ഓളം സീറ്റുകളില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി എന്ന ആശയം പൂവണിഞ്ഞില്ല. അതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിന്റെ വിജയം. കാരണം ഇന്ന് ബിജെപിയ്ക്ക് അവരുടെ വോട്ട് ഷെയര്‍ 39 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. എന്‍ഡിഎ ആകട്ടെ അത് 44 ശതമാനമാണ് അവരുടെ എല്ലാവരും ചേര്‍ന്ന വോട്ട് ഷെയര്‍. എന്‍ഡിഎ ഐക്യം തന്നെ വിട്ടുവീഴ്ചയില്‍ ചെയ്ത് ബിജെപി ഉണ്ടാക്കിയ ഐക്യമാണ് 44 പ്രതിപക്ഷ പാര്‍ട്ടികളെ, പലതിന്റെയും പേരുപോലും നമുക്കറിഞ്ഞുകൂട. ആ 44 ചെറു പാര്‍ട്ടികളെ യോജിപ്പിച്ചുകൊണ്ടാണ് ബിജെപി എന്‍ഡിഎയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്താകട്ടെ ആ വിട്ടുവീഴ്ചയും ആ ജാഗ്രതയോടുകൂടിയുള്ള സമീപനവും മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളെടുത്തില്ല. അതിന്റെ ഫലമായിട്ടാണ് ഇപ്പോഴും 56 ശതമാനം നരേന്ദ്രമോഡി സര്‍ക്കാരിനെതിരാണെന്നും അവര്‍ക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ പാര്‍ലമന്റില്‍ അധികാരത്തിലിരിക്കാന്‍ കഴിയുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്പത്തിലെ ഏറ്റവും കുറവ് അംഗബലമാണ് ഇന്ന് പാര്‍ലമെന്റിലുള്ളത്. അഞ്ച് എംപിമാരാണ് ഇന്ന് ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നത്. സിപിഐയുടെ രണ്ടും സിപിഐഎമ്മിന്റെ മൂന്നും. ഈ ഒരു സാഹചര്യം ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കാനും ഇനിയങ്ങോട്ട് സര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരുന്നതിനുമുള്ള ഒനൃരന്തരീക്ഷമാണ് ഉണ്ടാക്കുക എന്നതാണ് ഞാന്‍ മുന്‍കൂട്ടി കാണുന്നത്.

മതേതര ഇടുപക്ഷ കക്ഷികള്‍ക്കുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകേറുക സാധ്യമാണോ? അങ്ങനെയാണെങ്കില്‍ അതിനുള്ള വഴി എന്തൊക്കെയായിരിക്കും ?

ഈ ഹിന്ദുത്വ അജന്‍ഡ ഫലപ്രദമായി നടപ്പിലാക്കാന്‍ ആവശ്യമായിട്ടുള്ള പ്രചരണങ്ങളാണ് മോഡി ആസൂത്രണം ചെയ്യുന്നത്. കപടദേശീയത, കപടദേശബോധം ഇതിനെയെല്ലാം ആളിക്കത്തിച്ച് ഒരു വസ്തുനിഷ്ടമായ ഒരു വിലയിരുത്തലിന് ജനങ്ങള്‍ക്ക് അവസരം നല്‍കാതെ ഒരു വൈകാരികതയുടെ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അതാണ് പുല്‍വാമായ്ക്ക് ശേഷം ഉണ്ടായിട്ടുള്ള സംഭവങ്ങളെ ആകെ വിലയിരുത്തുമ്പോള്‍ ആകെ നമുക്ക് കാണാന്‍ കഴിയുന്നത്. സൈന്യത്തിന്റെ നേട്ടങ്ങളും അതുപോലെ തന്നെ രാജ്യസുരക്ഷയ്ക്കുവേണ്ടി നാം നടത്തുന്ന പരിശ്രമങ്ങളുമെല്ലാ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ യാഥാര്‍ഥ്യത്തിന്റെ തലത്തില്‍ നിന്ന് ഇതുപോലെ വൈകാരിക തലത്തിലേയ്ക്കുയര്‍ത്തിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതെന്ന് നമുക്ക് കാണാന്‍ കഴിയും. പ്രതിപക്ഷത്തിനാകട്ടെ അതിനെ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്കൊരുമിച്ച് ശക്തമായി മുന്നോട്ട് പോകാനും കഴിഞ്ഞില്ല.

kanam- Rajendran

കേരളത്തിന്റെ ഒരു സാഹചര്യമെടുത്തുകഴിഞ്ഞാല്‍ ശബരിമല ഉള്‍പ്പെടെയുള്ള വൈകാരിക തലങ്ങള്‍ ഉണര്‍ത്തുന്ന വിഷങ്ങള്‍ ബിജെപിയും യുഡിഎഫും വളരെ ശക്തിയായിട്ട് ഉന്നയിക്കുന്നുണ്ട്. അത് കേരളത്തിന്റെ തെരഞ്ഞെടുപ്പുകളെ ഇടതുപക്ഷത്തിന്റമേല്‍ തെരഞ്ഞെടുപ്പ് വിജയത്തെ പുറകോട്ടടിച്ചതിനുള്ള മുഖ്യമായ കാരണം?

യഥാര്‍ത്ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് നരേന്ദ്രമോഡിയുടെ അധികാരത്തുടര്‍ച്ചയുടെ പ്രശ്‌നമാണ് എങ്കിലും കേരളത്തില്‍ ആ ചര്‍ച്ചകളെ ഹൈജാക്ക് ചെയ്തുകൊണ്ട് വിശ്വാസത്തിന്റെ പേരില്‍ ഇടുപക്ഷ ജനാധിത്യമുന്നണിയെ ക്രൂശിക്കുന്ന നിലയിലേയ്ക്കാണ് പോത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി 91ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഭരണഘടനാ വിരുദ്ധമാണ്. അത് മൗലിക അവകാശങ്ങള്‍ക്കും ലിംഗസമത്വം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് അത് തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാനുള്ള ചുമതലയാണ് ഇവിടെ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനുള്ളത്. അത് സഖാവ് പിണറായി വിജയനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസിനും ഒരുപോലെ ബാധകമായിട്ടുള്ള കാര്യമാണ്. അവരും ബോംബെ ഹൈക്കോടതിയുടെ വിധി നടപ്പിലാക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് വിശ്വാസ സമൂഹത്തിന്റെ നേരെ ഒരു കടന്നാക്രമണമായി അതിനെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസികള്‍ക്കിടയില്‍ വല്യ പ്രചാരം നടത്തിയത് കോണ്‍ഗ്രസും അതുപോലെതന്നെ ബിജെപിയും ഒരുമിച്ചാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത.അപ്പോള്‍ അവരുടെ മുഖ്യ ശത്രു ആരായിരുന്നു. കേരളത്തില്‍ അവരുടെ മുഖ്യ ശത്രു എല്‍ഡിഎഫായിരുന്നു എന്നതുകൊണ്ടാണ് എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ കുറവുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അതൊരുപക്ഷെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിള്ളലുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. രണ്ട് കാര്യങ്ങളുണ്ട് ഒന്ന് അങ്ങിനെയൊരു കുറവുണ്ടായി. അതേപോലെതന്നെ ഞങ്ങളാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്, ഞങ്ങളാണ് നരേന്ദ്രമോഡിയോട് എതിര്‍ക്കാന്‍ പോകുന്നതെന്ന് ഒരു ബദലുയര്‍ത്തുന്നത് ഞങ്ങളാണ് എന്ന കോണ്‍ഗ്രസിന്റെ വ്യാപകമായ പ്രചാരം മതനിരപേക്ഷ ചിന്തയുള്ള വോട്ടര്‍മാരില്‍ ഒരു വലിയ അളവ് സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ ഇരുതലങ്ങളില്‍ നിന്നും വോട്ടുകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ട് ഷെയറുമായി എല്‍ഡിഎഫിന് ഇന്ന് നില്‍ക്കേണ്ടി വന്നിട്ടുള്ളത്.

തിരിച്ചുപിടിക്കാമെന്ന ശുഭാപ്തിവിശ്വാസം ഇടുപക്ഷത്തിനുണ്ടോ?

ഇടുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അവരോടൊപ്പം നിന്ന് പോരാടുക എന്നതാണ് ഇടുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പിന്റെ പരാജയമെന്താണ് എന്ന് സൂഷ്മതലത്തില്‍ വിലയിരുത്തി ആ വിലയിരുത്തിക്കൊണ്ട് അത് തിരുത്താനും കറക്ട് ചെയ്യാനും ശക്തമായ നടപടികള്‍ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരു പരാജയം ഒരു പാഠശാലയാണ. അതെന്താണെന്ന് മനസ്സിലാക്കി തിരുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നടപടികള്‍ തെറ്റിദ്ധരിച്ച് അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്ത വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുതന്നെ, അവരെ ഇത് ബോധ്യപ്പെടുത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഫിന് കഴിയും എന്തെല്ലാം പ്രചരണങ്ങളുണ്ടായാലും എന്നാണ് എന്റെ വിശ്വാസം.

kanam Rajendran

ഈ രാജ്യമെമ്പാടും ബിജെപി ഒഴുക്കിയ പണത്തെക്കുറിച്ചുള്ള കണക്കുകളും ചിത്രങ്ങളും ഒക്കെ പുറത്തുവരികയാണ്. പണക്കൊഴുപ്പിന്റേതായിട്ട് ഇന്ത്യ തെരഞ്ഞെടുപ്പ് മാറുകയാണ്. ഇതിനെ മറികടക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം എന്തൊക്കെയാണ്?

ഇതിനൊക്കെ, പലപ്പോഴായി നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മസില്‍, മണി പവര്‍ കൂടാതെ രാഷ്ട്രീയത്തിലുണ്ടാകുന്ന ക്രിമിനലുകളെ പ്രവേശനം ഇതൊക്കെ നമ്മുടെ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോള്‍ തന്നെ പല തെരഞ്ഞെടുപ്പ് നിയോജക മണ്ഡലത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലുമൊക്കെ ധാരാളം പരാതികളുണ്ടായി. അവിടെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് പെട്ടിയിലുണ്ടെന്ന് കാണുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ വളരെ ഗൗരവത്തോടുകൂടി നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരാജയമാണെന്ന് മനസ്സിലാക്കി അതിന്റെ പരിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കണം.
നമ്മുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സഖാവ് ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായി വന്ന അധ്യക്ഷനായി വന്ന സമിതി ഇന്ത്യന്‍ പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ച ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ പറയുന്നത് തെരഞ്ഞെടുപ്പിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇപ്പോഴത്തെ പോലെ കോര്‍പ്പറേറ്റുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ എഴുതിയതുപോലും ആരുമറിയാതിരിക്കാനുള്ള നിയമ ഭേദഗതി വരെ അടുത്തകാലത്ത് കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് പണമൊഴുക്കാനും ഒരു സമതലത്തില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ബിജെപിയെ പോലെയുള്ള പാര്‍ട്ടികള്‍ കുന്നിന്റെ മുകളിലും നമ്മള്‍ പാവപ്പെട്ട പാര്‍ട്ടികള്‍ താഴെയും നില്‍ക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാനും തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിക്കണമെങ്കില്‍ പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ ആനുപാതികപ്രാതിനിധ്യം  നടപ്പിലാക്കണമെന്ന ആശയമാണ് വര്‍ഷങ്ങളായിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുള്ളത്. അത് നടപ്പിലാക്കുക എന്നതല്ലാതെ മറ്റൊരുപരിഹാരം നമുക്കിപ്പോള്‍ പുതിയതായി നിര്‍ദ്ദേശിക്കാനില്ല.

എന്നും മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന പക്ഷമാണല്ലോ ഇടതുപക്ഷം. സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് കുത്തകകള്‍ക്ക് വലിയ സ്വാധീനമുള്ള ഒന്നായിരുന്നു. അത്തരമൊരു തെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ ബോധപൂര്‍വ്വം അവരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലുണ്ടാവാന്‍ സാധ്യതയുണ്ടോ?

കഴിഞ്ഞ തൊണ്ണൂറുകള്‍ക്കുശേഷം ഇന്ത്യയില്‍ നടന്നിട്ടുള്ള വലിയ പണിമുടക്കങ്ങള്‍, കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പണിമുടക്കങ്ങളെല്ലാം സാമ്പത്തിക നയങ്ങള്‍ക്കെതിരായി സര്‍ക്കാരെടുക്കുന്ന നിലപാടുകള്‍ക്കെതിരായി കണ്‍സിസ്റ്റന്റായി നിലപാട് സ്വീകരിക്കുന്ന ഒരേയൊരുവിഭാഗം ഇടതുപക്ഷം മാത്രമാണ്. അതുകൊണ്ടുതന്നെ ആ സാമ്പത്തിക നയങ്ങളുടെ വേഗത പോര എന്നാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഉടമകള്‍ സര്‍ക്കാരിന്മേല്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അങ്ങനെ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് അതിനോടുള്ള എതിര്‍പ്പ് ദുര്‍ബലമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷത്തെ മാര്‍ജിനലൈസ് ചെയ്യണെമെന്ന ഒരു അജന്‍ഡ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതില്‍ കുറച്ചൊക്കെ അവര്‍ വിജയിക്കുന്നു. പ്രതിപക്ഷത്തിന്റെ യോജിപ്പ് ഇല്ലാതാക്കാന്‍, പ്രതിപക്ഷത്തിന്റെ യോജിപ്പ് ഉണ്ടായാല്‍ തന്നെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഒക്കെയുള്ള പരിശ്രമങ്ങളില്‍ അവരുടെ കൈയൊപ്പ് നമുക്ക് കാണാന്‍ കഴിയും എന്നതാണ് പ്രത്യേകത.

kanam Rajendran

ഈ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സഖാക്കളോട് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പറയാനുള്ളത്?

കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെ നിരാശയുടെ അന്തരീക്ഷമില്ല. തെരഞ്ഞെടുപ്പില്‍ നാം പരാജയപ്പെട്ടാലും നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും എന്ന പ്രതീക്ഷയാണ്. ഇതിനെ മുറിച്ച് കടന്ന് മുന്നോട്ട് പോകുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വീര്യം പ്രകടിപ്പിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് നമ്മുടെ പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങളോട് ഒപ്പം നിന്നുകൊണ്ട് കൂടുതല്‍ ശക്തമായി നാമുയര്‍ത്തുന്ന ആശയങ്ങള്‍ക്കുവേണ്ടി യഥാര്‍ഥ ഇടതുപക്ഷ നിലപാടുകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് നമ്മുടെ ചുമതല. അതോടൊപ്പം തന്നെ ഈ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ എല്‍ഡിഎഫുള്ളത്. അതുകൊണ്ട് എല്‍ഡിഫിനെ ശക്തിപ്പെടുത്താന്‍ ഉള്ള നടപടികളിലും പാര്‍ട്ടി മുന്നോട്ട് പോകേണ്ടതുണ്ട്.

TO Watch This Interview:

Related News