Web Desk

തിരുവനന്തപുരം

December 02, 2020, 10:43 pm

ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിയാര്‍ജിക്കുന്ന സാഹചര്യം: കാനം

Janayugom Online

സംസ്ഥാനം ഒരു തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷം ദുര്‍ബലമാകുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിയാര്‍ജിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് 16-ാം തീയതി വരെ സ്വപ്നങ്ങളുണ്ടാകും. അത് കഴിഞ്ഞ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും എല്‍ഡിഎഫും തമ്മിലാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബിജെപി പറയുന്നത് മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്നും. ഇരുകൂട്ടരുടെയും മത്സരം എല്‍ഡിഎഫുമായാണ് എന്നുള്ളത് വ്യക്തമാണ്. യുഡിഎഫ് ഇന്ന് വളരെ ദുര്‍ബലമാണ്. 2010‑ലെയും, 15‑ലെയും തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വോട്ടിംഗ് ശതമാനം ഉറച്ചതാണ്. ഇത്തവണയും എല്‍ഡിഎഫിന് കൂടുതല്‍ വിജയം ഉറപ്പാണ്. കേരളത്തില്‍ അപൂര്‍വം ചില സീറ്റുകളിലൊഴിച്ച് സമ്പൂര്‍ണ ഐക്യത്തോടെയാണ് മുന്നണി മത്സരിക്കുന്നതെന്നും കാനം പറഞ്ഞു.

ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. നവംബര്‍ 26‑ന് 25 കോടിയിലധികം തൊഴിലാളികളാണ് കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തിയത്. കഴിഞ്ഞ ഏഴ് ദിവസങ്ങളായി രാജ്യത്തെ കര്‍ഷകരും പ്രക്ഷോഭത്തിലാണ്. മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനത്തിനെതിരെ വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് ബദല്‍ കൊണ്ടുവരികയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കാനം പറഞ്ഞു.

ഡല്‍ഹിയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയത്. രാജ്യത്തിനുതന്നെ മാതൃകയായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണവും, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തിയതും കാനം ചൂണ്ടിക്കാണിച്ചു. ദേശീയ തലത്തില്‍ കര്‍ഷക സമരം കടുക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കുന്ന നയങ്ങളുമായി ഒരു ജനകീയ സര്‍ക്കാര്‍ കേരളത്തിലുണ്ട്. ആ സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്. ഇത്തരം ചര്‍ച്ചകള്‍ ജനങ്ങളുടെ മുന്നിലില്ല. ഭരണ നേട്ടങ്ങളാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. കെഎസ്എഫ്ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ വിജിലന്‍സിന്റേത് സ്വാഭാവിക നടപടിയാണെന്ന് കാനം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെതിരെ പ്രതികരിച്ചിരുന്നതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകില്ലായിരുന്നു. വിജിലന്‍സ് പരിശോധന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ലെന്നും, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നത് തെറ്റാണെന്ന് വിധിയെഴുതരുതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സിപിഐ മുന്നണിയില്‍ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതെല്ലാം തിരുത്താറുമുണ്ട്. കൂടുതല്‍ കരുതലോടെ സമീപിച്ചിരുന്നുവെങ്കില്‍ ആഭ്യന്തര വകുപ്പിലുണ്ടായെന്ന് മാധ്യമങ്ങള്‍ പറയുന്ന വീഴ്ചകള്‍ ഒഴിവാക്കാമായിരുന്നുവെന്നും കാനം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും പരിപാടിയിൽ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം സ്വാഗതവും, ട്രഷറര്‍ അനുപമ ജി നായര്‍ നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry: kanam on local body election

You may also like this video: