24 April 2024, Wednesday

Related news

April 20, 2024
April 8, 2024
April 1, 2024
March 12, 2024
January 27, 2024
December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023

ഗവർണർ നിയമവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കണം

സ്ഥാനം മറന്നുള്ള പ്രതികരണം: കാനം

പദവിക്കു ചേരാത്തത്: എം വി ഗോവിന്ദന്‍
Janayugom Webdesk
കൊച്ചി
September 17, 2022 11:05 pm

സ്ഥാനം മറന്നുള്ള പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഗവർണർക്കുണ്ട്. എന്നാൽ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങൾ ഒന്നും സത്യത്തിൽ ഇല്ല. സർക്കാരിന്റെ അധിപനല്ല ഗവർണറെന്ന് കാനം പറഞ്ഞു. നിയമനിർമ്മാണസഭ അംഗീകരിക്കുന്ന നിയമങ്ങളെ തടഞ്ഞു വയ്ക്കാൻ ഗവർണർക്ക് ഭരണഘടന അനുവാദം നൽകുന്നില്ല. ഗവർണർ സിബിഐയുടെ ചുമതല ഏറ്റെടുക്കേണ്ടതില്ല. ഗവർണർ മഹാരാജാവ് അല്ല, കേന്ദ്രത്തിന്റെ ഏജന്റാണ്. ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർത്താൽ നന്ന്. ഗവർണർ പദവി തന്നെ വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ ഇതുപോലൊരു ഏജന്റിനെ ആവശ്യമില്ല. ഏറ്റുമുട്ടൽ ഇല്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. സർക്കാരിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണത്. എന്നാലത് ദൗർബല്യമായി കാണേണ്ടെന്നും കാനം വ്യക്തമാക്കി.

പദവിക്ക് യോജിക്കാത്ത വിധമുള്ള പ്രവർത്തനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. നിയമവും ഭരണഘടനയും അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും സർക്കാർ അപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ സമചിത്തത തന്നെ നഷ്ടപ്പെട്ടുവെന്ന സംശയം ജനങ്ങൾക്കുണ്ട്. ഓർഡിനൻസ് ഇറക്കിയതിൽ പരാതി പറഞ്ഞ അദ്ദേഹത്തിന്റെ മുന്നിൽ നിയമസഭ പാസാക്കിയ 11 ബില്ലുകളുണ്ട്. അതുസംബന്ധിച്ച് ഭരണഘടനാപരമായ നിലപാട് അദ്ദേഹം സ്വീകരിക്കേണ്ടിവരും. തെറ്റിദ്ധാരണ പരത്തിയും ബില്ലുകൾ പിടിച്ചുവച്ചും കേരളത്തിലെ ഇടതുപക്ഷത്തെയും സർക്കാരിനെയും ദുർബലപ്പെടുത്താമെന്ന് കരുതരുത്, ഗോവിന്ദന്‍ പറഞ്ഞു. തുറന്ന യുദ്ധത്തിന്റെ പ്രശ്നമില്ല. ഗവർണർ പദവിയോട് ഏതെങ്കിലും തരത്തിലുള്ള അനാദരവ് ആരും കാണിച്ചിട്ടില്ല. നിയമപരമായ പ്രവർത്തനങ്ങളിൽ ഗവർണർ വീഴ്ചവരുത്തിയാൽ ഞങ്ങൾക്കും ഭരണഘടന പ്രകാരമുള്ള നിലപാട് എടുക്കേണ്ടി വരും. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്. മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്ത് പുറത്തുവിടുമെന്ന ഭീഷണിയും സർവകലാശാല ബില്ലിൽ പ്രശ്നമുണ്ട് എന്ന് പരസ്യപ്പെടുത്തലും നിയമപ്രകാരമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. വി മുരളീധരന്റെയും സുരേന്ദ്രേന്റെയും പ്രസ്താവനകൾ ഇവരെല്ലാം ഒരേ തൂവൽ പക്ഷികളാണെന്ന് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിഴല്‍ യുദ്ധം നടത്തുന്നുവെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി നിഴൽയുദ്ധം അവസാനിപ്പിക്കണമെന്നും ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു വർഷം മുമ്പ് കണ്ണൂരിൽ തനിക്കെതിരെ വധശ്രമമുണ്ടായപ്പോൾ കേസെടുത്തില്ല. കണ്ണൂരിൽ തനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണെന്നും എല്ലാത്തിനും തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗവർണറോട് പ്രതികരിക്കാൻ തയാറാവുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് മാത്രമാണ് പ്രതികരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്. ഇനിയെങ്കിലും പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് ഉടന്‍ പുറത്ത് വിടുമെന്നും ഗവർണർ പറഞ്ഞു. വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ബിജെപി നയവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനഭരണത്തെ ദുർബലപ്പെടുത്താനുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാന് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ബിജെപി നയം സുധാകരൻ ആവർത്തിച്ചു. കായംകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് ഇന്നലെ പറഞ്ഞിരുന്നു. ഗവർണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്നും ഗവർണർക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ വാചകങ്ങളാണ് സുധാകരൻ ആവർത്തിച്ചത്. ഒന്നുകിൽ സർക്കാരിനെ പിരിച്ചു വിടണം, അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്. വിഷയത്തിൽ ഇടപെടാതെ കേന്ദ്രം നോക്കി നിൽക്കുകയാണ്. ഉത്തരവാദപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.

Eng­lish Sum­ma­ry: kanam rajen­dran against governor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.