സർക്കാർ നടപടികൾ: ജനവിശ്വാസം തകർക്കരുത്

Web Desk
Posted on November 05, 2019, 10:53 pm

മണ്ടൂർ (കണ്ണൂർ): ജനങ്ങളുടെ വിശ്വാസം തകർക്കുന്ന നടപടികളിലേക്ക് ഇടതുമുന്നണി സർക്കാർ പോകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മണ്ടൂരിൽ പി വി നാരായണൻ മാസ്റ്റർ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ‌ക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇതൊരു കാവൽ മന്ത്രിസഭയാണെന്നും ജനങ്ങളുടെ പിന്തുണയില്ലാത്ത സർക്കാരാണെന്നുമാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. എന്നാൽ അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. അത് അത്ഭുതവിളക്ക് കയ്യിലുണ്ടായതുകൊണ്ട് ഉണ്ടായ നേട്ടമല്ല. ജനങ്ങൾ നമ്മളിലർപ്പിച്ച വിശ്വാസമാണ് ആ വിജയത്തിന് കാരണണം കാനം ഓർമ്മിപ്പിച്ചു.
മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ ഒരു അഭിപ്രായം പറഞ്ഞതിന് തൊട്ടടുത്ത ദിവസം ചീഫ് സെക്രട്ടറി സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ലേഖനമെഴുതുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമായിരിക്കും. അദ്ദേഹം ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനും അംഗീകരിക്കാൻ സാധിക്കുന്നതല്ല. പൗരാവകാശവും സ്വാതന്ത്ര്യവും മാവോയിസ്റ്റുകൾക്ക് ഇല്ല എന്ന അഭിപ്രായം സുപ്രീംകോടതി വിധിക്കുമെതിരാണ്. കേരളത്തിൽ മുഖ്യമന്ത്രിയാണോ ചീഫ് സെക്രട്ടറിയാണോ മുകളിലെന്ന സംശയം ഉയർന്നേക്കാം. ഗവൺമെന്റിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നത്. ബാഗ്ദാദിയെ കൊലപ്പെടുത്തുന്ന വീഡിയോ കണ്ട് ആസ്വദിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ മാനസികാവസ്ഥയിലേക്ക് കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് പോകാൻ പറ്റില്ല. ആ ലേഖനം ചരിത്രമോ പാരമ്പര്യമോ അറിയാത്ത അൽപ്പജ്ഞാനികളുടെ പ്രവചനമോ പ്രചരണമോ ആയി കണ്ടാൽ മതിയെന്നും കാനം പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ കർശനമായി നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് വർത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്നത്.
യുഎപിഎ എന്ന കരിനിയമത്തിനെതിരെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ട്. കരിനിയമങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെയാണ് രാജ്യത്തെ ജയിലുകളിൽ അടച്ചിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഐ(എം) പ്രവർത്തകർക്കുനേരെ യുഎപിഎ ചുമത്തിയപ്പോൾ അതിശക്തമായ പ്രതിഷേധമാണ് കേരളമാകെ ഉയർന്നത്. എൽഡിഎഫ് ഭരണത്തിൽ യുഎപിഎ ചുമത്തുക എന്നത് നമുക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമല്ല. ആ വിഷയത്തിൽ കോടതി മറ്റ് കാര്യങ്ങൾ പരിശോധിക്കട്ടെ. എന്നാൽ സിപിഐ നിലപാട് പറയുന്നത് എൽഡിഎഫിനെ ഇകഴ്ത്തിക്കാണിക്കാനല്ല. വ്യത്യസ്തമായ പ്രസ്ഥാനമായിരിക്കണം ഇടതുപക്ഷം എന്നുറപ്പിക്കാനാണ്. കേന്ദ്രസർക്കാർ കരിനിയമങ്ങൾ പ്രയോഗിക്കുന്നതിനെ നമ്മൾ എതിർക്കുമ്പോൾ നമുക്കെതിരെ അവർക്ക് തിരിച്ചു ചോദ്യം ചെയ്യാനുള്ള കാര്യങ്ങൾ നാം കൊടുക്കാൻ പാടില്ല. അതിനുവേണ്ടിയാണ് ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തണം എന്ന് ആവശ്യപ്പെടുന്നത്. കാനം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.