18 September 2024, Wednesday
KSFE Galaxy Chits Banner 2

കാനം വിടവാങ്ങി

Janayugom Webdesk
തിരുവനന്തപുരം
December 8, 2023 5:48 pm

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

1950ൽ കോട്ടയം കാനത്ത് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.
എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

 

1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതൽ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേ‍ഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിക്കുന്നു.

1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.
വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയില്ല. സി അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. പ്രഭാത് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങള്‍ക്കും വായനക്കാരേറെയാണ്.
ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.