കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കം: കാനം

Web Desk
Posted on October 07, 2017, 2:51 pm

തിരുവനന്തപുരം: കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരു മനസോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വര്‍ഗ്ഗീയതയെ ചെറുക്കുന്നതിനുപകരം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെയും അതിന്റെ നയങ്ങളെയും എതിര്‍ക്കാനാണ് യുഡിഎഫ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. അവരെ ആരു രക്ഷിക്കുമെന്ന് കാനം ചോദിച്ചു. എം എന്‍ സ്മാരകത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനരക്ഷ യാത്രയുടെ മറവില്‍ കേരളം കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി ശ്രമം. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലവും യാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിയാത്തവരാണിവര്‍. ദേശീയ മാധ്യമങ്ങളില്‍ കേരളത്തിനെതിരായ വ്യാപകമായ പ്രചരണം അഴിച്ചുവിടുകയാണ്.

സലാഹുദ്ദീന്‍ കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ സുപ്രിംകോടതിവെച്ച ജാമ്യ വ്യവസ്ഥപ്രകാരം രണ്ടു വര്‍ഷക്കാലം സ്വന്തം സംസ്ഥാനത്ത് പോകാന്‍ കഴിയാത്ത ആളാണ് കേരളത്തില്‍ നിര്‍ബാധം സഞ്ചരിച്ച് വ്യാജപ്രചരണം അഴിച്ചുവിടുന്നത്. ഇത് കേരളത്തിലെ ഉന്നതമായ ജനാധിപത്യ ബോധമാണ് പ്രകടമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ചു. പ്രാകൃതനായ മദ്ധ്യപ്രദേശിലെ ആര്‍എസ്എസ്. നോതാവ് കുന്ദന്‍ ചന്ദ്രാവത്ത് മംഗലാപുരത്തും, ഡല്‍ഹി കേരള ഹൗസിലും മറ്റും കേരള മുഖ്യമന്ത്രിയെ തടയാനും ആക്രമിക്കുവാനും ശ്രമിച്ചു.

എഐവൈഎഫ് ലോംഗ് മാര്‍ച്ചിനു നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമമുണ്ടായി. ബിജെപി അധികാരത്തിലില്ലാത്ത ബംഗാളിലും ലോംങ് മാര്‍ച്ചിനെ ആക്രമിച്ചു. പലയിടത്തും പ്രചരണ വാഹനം തല്ലിത്തകര്‍ത്തു. ഇത്തരം എല്ലാ ഭീഷണികളെയും അതിജീവിച്ചാണ് 60 ദിവസം നീണ്ട ലോംങ് മാര്‍ച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 12 ന് പഞ്ചാബിലെ ഹുസൈനിവാലയില്‍ സമാപിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പുരില്‍ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് നാല് മുതല്‍ 13 വരെ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 72 കുഞ്ഞുങ്ങളാണ്. ഉത്തര്‍പ്രദേശില്‍ തന്നെ ഫറൂക്കാബാദില്‍ രാംമനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഗസ്റ്റില്‍ തന്നെ 49 കുട്ടികള്‍ ഇതേ കാരണം കൊണ്ട് 2017 ഓഗസ്റ്റ് മാസത്തില്‍ മാത്രം മരണമടഞ്ഞു. 2017 ല്‍ മാത്രം യുപി യില്‍ അറുപതിലധികം സാമുദായിക ലഹളകളുണ്ടാവുകയും 16 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ശിശു മരണ നിരക്ക് കേരളത്തില്‍ 16.3 ശതമാനമാണെങ്കില്‍ യുപിയില്‍ 86.7 ശതമാനമാണ്. സാക്ഷരതാ നിരക്ക് കേരളത്തില്‍ 93.91 ശതമാനമാണ്. യുപിയിലാകട്ടെ, 69 ശതമാനവും. നാഷണല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിലും ആരോഗ്യ പരിപാലനത്തിലും കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ യുപിയില്‍ ഇത് യഥാക്രമം 18, 20 ശതമാനമാണ്. സാക്ഷരതയുടെ കാര്യത്തില്‍ ഗുജറാത്ത് 69.14 ശതമാനമാണ്. നാഷണല്‍ ഹ്യൂമന്‍ ഇന്‍ഡക്‌സില്‍ ഗുജറാത്ത് പതിനൊന്നാം സ്ഥാനത്താണ്. ആരോഗ്യ പരിപാലനത്തില്‍ ഗുജറാത്ത് ഒന്‍പതാം സ്ഥാനത്തും.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് 97 ശതമാനം പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോഴുണ്ടായ അക്രമങ്ങളും നടന്നത്. ഇതു സംബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ 63 ല്‍ 32 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഈ സംഭവങ്ങളില്‍ മരിച്ച 28 പേരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കി ദളിതരുമായിരുന്നു.

2017 ല്‍ ആദ്യ ആറുമാസത്തിനകം തന്നെ ഇത്തരത്തിലുള്ള 20 അക്രമ സംഭവങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. പശുവിറച്ചി കൈവശം വച്ചു എന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്ന മദ്ധ്യവയസ്‌കനെ അടിച്ചുകൊന്നിട്ട് ഒരു നടപടിയുമുണ്ടായില്ല. പകരം അദ്ദേഹത്തിന്റെ കുടുംബത്തിനു നേരെ കേസെടുത്തു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യയിലെ ദളിതരും ന്യൂനപക്ഷങ്ങളും സമാനതകളില്ലാത്ത അക്രമങ്ങള്‍ക്ക് വിധേയരായി. 2014 ല്‍ 794 ദളിതര്‍ കൊല്ലപ്പെടുകയും 2388 ദളിത് സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും ചെയ്തു. 2015 ല്‍ 813 ദളിതര്‍ കൊല്ലപ്പെടുകയും 2541 ദളിത് സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും ചെയ്തു. 27000 ത്തിലധികം മറ്റ് അതിക്രമങ്ങള്‍ ഈ രണ്ടു വര്‍ഷങ്ങളിലും ദളിതര്‍ക്കെതിരെ നടന്നു. ഇവയില്‍ ഭൂരിപക്ഷവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍.

നോട്ടു നിരോധനമെന്ന പേരില്‍ നടത്തിയ നാടകത്തില്‍ 15–44 ലക്ഷം കോടിയുടെ നോട്ടുകള്‍ നിരോധിച്ചതില്‍ 99 ശതമാനവും തിരിച്ച് ബാങ്കുകളിലെത്തി. അതോടെ നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതവും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയും മാത്രം ബാക്കിയായി. നിരോധനം എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടു. രാജ്യത്തെ സാമ്പത്തിക നില ഗുരുതരമാണെന്ന് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മുന്‍ ധനമന്ത്രിയുമായി നടത്തിയ വിവാദത്തെ തുടര്‍ന്ന് തെളിഞ്ഞു. ഒരു രാജ്യം ഒരു നികുതിയെന്നു പറഞ്ഞ് ജിഎസ്ടി നടപ്പിലാക്കി പരാജയപ്പെട്ടശേഷം, ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാണ് പറയുന്നത്. ബഹുസ്വരത നിറഞ്ഞ നമ്മുടെ രാജ്യത്ത് അഞ്ച് വര്‍ഷംകൂടുമ്പോഴേ തെരഞ്ഞെടുപ്പ് നടക്കൂവെന്ന് എങ്ങനെ പറയാന്‍ കഴിയും. ഭ്രാന്തന്‍ ആശയങ്ങളുമായി ബിജെപി സര്‍ക്കാര്‍ രംഗത്ത് വരുന്നു. വ്യാവസായിക കാര്‍ഷിക മേഖലയാകെ മുരടിച്ചു.

ഇതിനെതിരെ ഉയരുന്ന ജനകീയ പ്രതിഷേധം ഇല്ലാതാക്കാന്‍ ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് കടത്തിവിടുകയാണ്. കേരളം ജിഹാദുകളുടെ ഭൂമിയാണെന്ന് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിക്കുന്നു. ആര്‍ക്കും എന്തും പറയാന്‍ ലൈസന്‍സ് വേണ്ടല്ലോയെന്നും കാനം പറഞ്ഞു. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളാണ് ഇടതു ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.