Web Desk

തിരുവനന്തപുരം:

February 12, 2021, 6:33 pm

ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുപകരം പൈങ്കിളി കഥകൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്: കാനം രാജേന്ദ്രൻ

Janayugom Online

നിരന്തരം ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കുരിയാടാതെ, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. ബിജെപി സർക്കാരിന് എതിരായ യഥാർത്ഥ ബദൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അത്തരം ബദൽ നയങ്ങൾ സ്വീകരിച്ചുകൊണ്ടു ജനപക്ഷത്തുനിന്നും പ്രവർത്തിക്കാനാണ് എൽഡിഎഫ് പരിശ്രമിക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാകും മുഖ്യ ചർച്ചാവിഷയം ആവുകയെന്നും ടി വി സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ വെല്ലുവിളികളെ നേരിട്ടാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടാനും കഴിഞ്ഞു. കേരളത്തിന്റെ വോട്ടു ശരാശരിയിൽ 41 ശതമാനം വോട്ടുനേടിയ എൽഡിഎഫ് തന്നെയാണ് മുന്നിൽ. യുഡിഎഫിനും ബിജെപിക്കും ലഭിച്ചത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവാണ്. ഓരോ പ്രദേശത്തും ലഭിച്ച വോട്ടുകൾ പരിശോധിച്ച് മുന്നോട്ടുപോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചത്. ഇപ്പോൾ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുപകരം പൈങ്കിളി കഥകൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നികുതി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു സംസ്ഥാനങ്ങൾക്കുള്ള നികുതി നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ എൽഡിഎഫ് അല്ലാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടുവരുന്നില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളിലെല്ലാം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപ്പോലും വിഹിതം വെട്ടിക്കുറച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് തുടർ ഭരണം സാധ്യമാക്കാനുള്ള നടപടികളുമായാണ് ഇടതു മുന്നണി മുന്നോട്ടുപോകുന്നത്.

കേരളത്തിൽ പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സർക്കാരാണിത്. കോവിഡ് പ്രതിസന്ധികാരണം നിയമനത്തിൽ അൽപ്പം കാലതാമസമുണ്ടായി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകൾ പഴയതുപോലെ ഇല്ലായെന്ന വസ്തുത എല്ലാവരും മനസിലാക്കണം. തൊഴിലിനുവേണ്ടി സമരം നടത്താൻ ജനാധിപത്യപരമായി എല്ലാവർക്കും അവകാശമുണ്ട്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നില്ല. 2016ൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് ആദ്യമായി നീട്ടിയത് എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ വീണ്ടും ആറുമാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. സുപ്രിംകോടതിയിൽ നിലനിൽക്കുന്ന ഒരു കേസ് ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറാക്കിയ കരട് നിയമത്തിന് ഒരു പ്രസക്തിയുമില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കാനം പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻമൊകേരി എന്നിവർ പങ്കെടുത്തു.

നിയമസഭയിലേക്ക് മൂന്നു തവണ മത്സരിച്ചവരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഇക്കാര്യത്തിൽ ആർക്കും ഇളവു നൽകേണ്ടതില്ലെന്നു സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് മാനദണ്ഡം തീരുമാനിച്ച ആദ്യ പാർട്ടിയാണ് സിപിഐ. രണ്ടു തവണ മത്സരിച്ചവർ ഒഴിവാവുകയെന്ന മാനദണ്ഡം സി കെ ചന്ദ്രപ്പൻ സെക്രട്ടറിയായിരിക്കുമ്പോൾ കർശനമായി നടപ്പാക്കി. ഇക്കുറി മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്നതാണ് തീരുമാനം. കഴിഞ്ഞതവണ നൽകിയ ഇളവുകൾ നൽകേണ്ടതില്ലെന്നും നിശ്ചയിച്ചിട്ടുണ്ട്. സംഘടനാ ചുമതലയിൽ ഉള്ളവർ മത്സരിക്കുന്നെങ്കിൽ ആ ചുമതല ഒഴിഞ്ഞ് മറ്റൊരാളെ ഏൽപ്പിച്ചിട്ടുവേണം മത്സരിക്കാനെന്നും കാനം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം കിട്ടിയ പാർട്ടിയാണ് സിപിഐ. സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിയിൽ ഇതുവരെ ചർച്ചയായിട്ടില്ല. ഓരോ സ്ഥാനാർത്ഥിയുടെയും ജയ സാധ്യത ആപേക്ഷികമാണ്. സിപിഐ ഒരു വ്യത്യസ്ഥ പാർട്ടിയാണ്. എൻസിപി ഇടതു മുന്നണി വിടുമെന്ന് കരുതുന്നില്ല. സീറ്റു വിഭജനം സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചകൾ നടന്നുവരുന്നതേയുള്ളൂവെന്നും ചോദ്യങ്ങൾക്ക് മറുപടിയായി കാനം പറഞ്ഞു.

ENGLISH SUMMARY: kanam rajen­dran pressmeet

YOU MAY ALSO LIKE THIS VIDEO