Friday
19 Apr 2019

വിധി നടപ്പാക്കാൻ സർവകക്ഷി യോഗം വേണ്ട: കാനം

By: Web Desk | Sunday 4 November 2018 11:36 AM IST


സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കേണ്ട ആവശ്യം താൽക്കാലമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകാരോട് പറഞ്ഞു.

രാവിലെ ജനയുഗം ഓഫീസിൽ നിന്ന് സിപി ഐ പ്രവർത്തന ഫണ്ട് ശേഖരണത്തിനിറങ്ങുമ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“സുപ്രീം കോടതി വിധി നടപ്പാക്കാൻ എന്തിനു സർവകകക്ഷി യോഗം വിളിക്കണം?” കാനം ചോദ്യകർത്താവിനോട് ആരാഞ്ഞു.  അവിടെ ക്രമസമാധാന പ്രശ്നമുണ്ടായാൽ അത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം അപ്പോൾ ആലോചിക്കാം.

തന്ത്രി കുടുംബവുമായി ചർച്ചയ്ക്കു സർക്കാർ മുന്നോട്ട് വന്നതാണെന്നും അവർ ഇനിയും ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ അതാകാമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ സർക്കാർ മുന്നോട്ട് വന്നു, പിന്നെ എപ്പോഴുമെപ്പോഴും മുന്നോട്ട് വരേണ്ട കാര്യമില്ല.

മന്ത്രി കെ ടി ജലീൽ ബന്ധുവിന്‌ നിയമനം നൽകിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് “ക്യാബിനറ്റിൽ ഒരംഗത്തെക്കുറിച്ചു ആരോപണം ഉണ്ടായാൽ മുഖ്യമന്ത്രി അക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും” എന്ന് അദ്ദേഹം പറഞ്ഞു. അല്ലാതെ എന്ത് നടപടി സ്വീകരിക്കണമെന്ന് പാർട്ടികൾ അഭിപ്രായം പറയാറില്ല.

 


Related News