Web Desk

December 25, 2019, 7:33 pm

കര്‍ണാടക സി പി ഐ സംസ്ഥാന ഓഫീസ് കത്തിച്ച സംഭവത്തില്‍ പ്രതിഷേധിക്കുക: കാനം രാജേന്ദ്രന്‍

Janayugom Online

തിരുവനന്തപുരം: സി പി ഐയുടെ ബംഗളുരുവിലുള്ള കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ഓഫീസ് തീവെച്ചു നശിപ്പിച്ച നടപടിയില്‍ സി പി ഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി പ്രതിഷേധിച്ചു. അതീവ ഉല്‍ക്കണ്ഠയും ഞെട്ടലും ഉളവാക്കുന്നതാണ് സംഭവം. ഓഫീസിലെ ഒരു ഹാള്‍ പൂര്‍ണമായും നശിച്ചു. ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും  അക്രമിസംഘം കത്തിച്ചു.വളരെ ആസൂത്രിതമായാണ് പാര്‍ട്ടി ഓഫീസ് കത്തിച്ചതെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഭരിക്കുന്ന കര്‍ണാടകയിയും വമ്പിച്ച പ്രതിഷേധ സമരങ്ങളാണ് നടന്നുവരുന്നത്. ബംഗളുരുവിലെ തീവ്രഹിന്ദുത്വ ശക്തികള്‍ തന്നെയായിരിക്കും ഈ നീചകൃത്യത്തിനു പിന്നിലെന്ന കാര്യത്തില്‍ സംശയംവേണ്ട. കര്‍ണാടക പാര്‍ട്ടി ഓഫീസിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് സി പി ഐ കാണുന്നത്.

ഈ വിനാശകരമായ വിധ്വംസക പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, കേസ് അന്വേഷണം ഊര്‍ജിതമാക്കി, ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റക്കാരായ മുഴുവന്‍പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും  കാനം ആവശ്യപ്പെട്ടു. കര്‍ണാടക സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കേരളത്തിലെ പാര്‍ട്ടി ഘടകങ്ങളോടും എല്ലാ ജനാധിപത്യ വിശ്വാസികളോടും കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രിയാണ് അജ്ഞാതർ ഓഫീസ് തീ വെച്ചത്.  ബംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ആറ് ബൈക്കുകൾ കത്തി നശിച്ചു. സിപിഐയുടെ പരാതിയെ തുടർന്ന് ബംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

you may also like this video