19 April 2024, Friday

Related news

February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024
January 11, 2024
January 9, 2024

കെഎസ്ആര്‍ടിസി മാനേജ്മെന്റ് സർക്കാർ നയം നടപ്പിലാക്കണം‌: കാനം

Janayugom Webdesk
തിരുവനന്തപുരം
September 30, 2021 7:30 pm

കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ തയ്യാറാവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹാമാരിക്കാലത്തും പൊതുമേഖലയെ സംരക്ഷിക്കാൻ എല്‍ഡിഎഫ് സർക്കാർ സാധ്യമായതെല്ലാം ചെയ്യാൻ ശ്രമിക്കുമ്പോൾ വികലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി തൊഴിലാളികളെ സർക്കാരിനെതിരാക്കുന്നതിൽ കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഉദ്യോഗസ്ഥർ മത്സരിക്കുകയാണ്. ഇതിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റ് പറയാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ (എഐടിയുസി) ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശമ്പളത്തിന് വേണ്ടി മാസം 80 കോടി രൂപയും പെൻഷനു വേണ്ടി 65 കോടി രൂപയും വീതിച്ച് നൽകാൻ മാത്രം മിടുക്ക് കാണിക്കുന്ന ഒരു മാനേജ്മെന്റിന്റെ ആവശ്യമുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. ലേ ഓഫ്, പിരിച്ചു വിടൽ, ശമ്പളം വെട്ടിക്കുറയ്ക്കൽ എന്നിവ സർക്കാർ നയമല്ലെന്നിരിക്കെ അത്തരം വിഷയങ്ങൾ തൊഴിലാളികൾക്കിടയിൽ ചർച്ചയാക്കുന്നതിൽ മറ്റു ചില താല്പര്യങ്ങളുണ്ട്. കോവിഡ് കാലത്ത് സർക്കാരിന് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി വന്നിട്ടും കേരളത്തിലെ ഒരു ഫാക്ടറിയും ലേ ഓഫോ, ശമ്പളം വെട്ടിക്കുറയ്ക്കലോ നടപ്പിലാക്കിയിട്ടില്ലെന്ന് കാനം പറഞ്ഞു. 

2017 മുതൽ ഇടതുപക്ഷ സർക്കാരാണ് കെഎസ്ആര്‍ടിസിയിലെ പെൻഷൻ പൂർണമായും നൽകുന്നത്. ഇനി ഇതിൽ നിന്നും മാറി നിൽക്കാൻ ഒരു സര്‍ക്കാരിനും കഴിയില്ലെന്നിരിക്കെ പെൻഷൻ സർക്കാർ എറ്റെടുക്കുന്നതിൽ എന്താണ് തടസമെന്നും കാനം ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 3000 ബസിന് പണം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും 100 ബസ് മതിയെന്ന് പറഞ്ഞവരാണ് കെഎസ്ആര്‍ടിസിയുടെ തലപ്പത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ ഗതാഗതമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന വേദിക്ക് പുറമെ 13 ജില്ലകളിലായി വിർച്വൽ വേദികളൊരുക്കിയാണ് മറ്റു പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായത്. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറൽ സെക്രട്ടറി എം ജി രാഹുൽ സ്വാഗതം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിൽ, സിപിഐ ദേശീയ കൗൺസില്‍ അംഗം സി ദിവാകരൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, വിവിധ സംഘടനാ നേതാക്കളായ കെ പി ശങ്കരദാസ്, എം പി ഗോപകുമാർ, ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ അനീഷ് പ്രദീപ്, സോളമൻ വെട്ടുകാട്. മീനാങ്കൽ കുമാർ, എം രാധാകൃഷ്ണൻ നായർ, എം ശിവകുമാർ, സി എസ് അനിൽകുമാർ, എസ് ജെ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry : kanam rajen­dran says ksrtc man­age­ment should adhere to gov­ern­ment policy

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.