സ്വകാര്യവൽക്കരണം സംവരണത്തെ ഇല്ലാതാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് സെക്ടർ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന 48 മണിക്കൂർ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കീർണമായ പ്രശ്നങ്ങളാണ് എയ്ഡഡ് മേഖലകളിലും സ്വകാര്യമേഖലകളിലുമുള്ളത്. രാജ്യത്ത് സംവരണം നൽകേണ്ട സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമാകുകയും ലക്ഷക്കണക്കിന് പേരുടെ തൊഴിലിന് വെല്ലുവിളികൾ ഉയരുകയും ചെയ്യും. രാജ്യത്തെ ഇത്തരം പ്രശ്നങ്ങൾ ഗൗരവമായി സമൂഹത്തിനു മുന്നിൽ എത്തിയിട്ടില്ല. സംവരണത്തിന് എതിരായുള്ള സമീപനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരള സർക്കാരിനുള്ളത്. സംവരണത്തിന്റെയും നിയമനത്തിലെയും നടപടികൾ സുതാര്യമാക്കണമെന്നാണ് സർക്കാരും ആവശ്യപ്പെടുന്നത്. സർക്കാർ ശമ്പളം കൊടുക്കുന്നുണ്ടെങ്കിൽ നിയമിക്കാനുള്ള അധികാരവും സർക്കാരിനുണ്ടെന്ന് കാനം പറഞ്ഞു.
ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങൾ നേടിയെടുക്കാൻ സമ്മർദങ്ങൾ ഉയർത്താൻ കഴിയുന്ന ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് മാനേജ്മെന്റ് സമ്പത്ത് കൊള്ളയടിക്കുന്ന കാലത്ത് ന്യൂനപക്ഷത്തിന്റെ ഇത്തരം സാമൂഹ്യപ്രശ്നങ്ങളും ഉയർന്നുവരേണ്ടതുണ്ട്. സംവരണം ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കാൻ ചാലകശക്തിയായി പ്രവർത്തിക്കാൻ സംഘടനകൾക്ക് കഴിയണം. താഴെത്തട്ടിലുള്ളവരെ തുറിച്ചുനോക്കുന്ന ഇത്തരം പ്രശ്നങ്ങളെ മുഖ്യ വിഷയമായി ഉയർത്തി പട്ടികജാതി-പട്ടികവർഗ സംഘടനകൾക്ക് സംഘടിതമായ സമരം എന്തുകൊണ്ട് ആലോചിച്ച് കൂടാ എന്നും കാനം ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് സജി കെ ചേരമൻ അധ്യക്ഷനായി. ജോയി കാട്ടാക്കട, അജിമോൻ ചാലക്കൽ, കോവളം സോമൻ, ഷിബു പാറക്കടവൻ, സന്തോഷ് പാലത്തുംപാടൻ എന്നിവർ സംസാരിച്ചു.
English Summary; Kanam Rajendran says Privatization abolishes reservation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.