Janayugom Online
kanam rajendran

നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ സ്ഥിരതയുടെ സൃഷ്ടികേന്ദ്രം

Web Desk
Posted on October 30, 2018, 10:54 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തില്‍ അനന്തമായ മാറ്റത്തിന് വഴിയൊരുക്കുന്ന വിപ്ലവ പ്രക്രിയയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ സൂക്ഷ്മ മാപിനിയും രാഷ്ട്രീയ സ്ഥിരതയുടെ സൃഷ്ടികേന്ദ്രവുമാണ്. അത് ദുഷിക്കുമ്പോള്‍ ജനാധിപത്യം ആഡംബരമായി ചുരുങ്ങുന്നു. തെരഞ്ഞെടുപ്പ് രീതി രണ്ടാമതൊരു ബാലറ്റ് സമ്പ്രദായവും കൂടി ചേര്‍ത്തു പരിഷ്‌ക്കരിക്കാവുന്നതാണ്. ജനഹിതം ചിതറുന്നത് ഒരു പരിധിവരെ തടയാന്‍ ഇത് സഹായിക്കുമെന്നും കാനം പറഞ്ഞു. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ എന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണ പരിശ്രമങ്ങള്‍, ആചാര ആനുഷ്ഠാനങ്ങളുടെ പേരില്‍ കൂടെക്കൂടെ സംഭവിക്കുന്ന ഒരു പ്രക്രിയയായി ചുരുങ്ങി. ഒരു സമഗ്രതയില്ലായ്മ, തെരഞ്ഞെടുപ്പ് പരിശ്രമ ശ്രമങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സമഗ്രതയില്ലായ്മ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണ പ്രക്രിയക്ക് അവശ്യം വേണ്ട ദിശാബോധംതന്നെ നഷ്ടപ്പെടുത്തിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
ക്രിമിനലുകളുടെ കടന്നുകയറ്റവും ആള്‍മാറാട്ടവും വോട്ട് നിഷേധവും കലാപവും പണാധിപത്യവും വര്‍ഗ്ഗീയതയും തെരഞ്ഞെടുപ്പുകള്‍ക്ക് വിശേഷണങ്ങളാകുന്നു. ജനപ്രതിനിധികളില്‍ പലരും കുറ്റവാളികളോ പതിത ഭൂതകാല ചരിത്രം പേറുന്നവരോ ആണ് എന്നതാണിതിന്റെ ഫലം.
തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം രാഷ്ട്രീയ പാര്‍ട്ടികളില്‍ തുടങ്ങണം. പാര്‍ട്ടികളിലൂടെ ജനാധിപത്യം സങ്കല്‍പ്പിക്കാനാകില്ല. ജനാഭിപ്രായത്തിന്റെ സൃഷ്ടികേന്ദ്രവും ചാലകങ്ങളുമാണ് പാര്‍ട്ടികള്‍. സര്‍വ്വവ്യാപിയെങ്കിലും പാര്‍ട്ടിയെന്ന പദം നിയമത്തിലില്ല. രാഷ്ട്രീയ പാര്‍ട്ടി എന്താണെന്ന് ആദ്യം നിര്‍വ്വചിക്കണം. കാലാനുസൃതവും ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കുന്നതുമായ നിര്‍വ്വചനമായിരിക്കണം അത്. ജനം തെരഞ്ഞെടുപ്പില്‍ നിന്ന് അകലുന്നുവെന്നതും കാണേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയം നിര്‍ണ്ണയിക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റംവേണം. ജയിക്കുന്ന സ്ഥാനാര്‍ത്ഥി ആകെ പോള്‍ ചെയ്ത സാധു വോട്ടിന്റെ 30 ശതമാനംപോലും നേടുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ ഇടവേളയില്ലാതെ ഒരാള്‍ അവരോധിക്കപ്പെടുന്നത് അസംബന്ധമാണ്. പ്രവര്‍ത്തന പരിചയമെന്നത് അഴിച്ചുവയ്ക്കാത്ത അധികാര കുപ്പായം അണിയലല്ല. അതിനാല്‍ ഒരാള്‍ക്ക് ഇത്തരം പദവികള്‍ തുടര്‍ച്ചയായി രണ്ടു പ്രാവശ്യമായി പരിമിതപ്പെടുത്തണമെന്നും കാനം പറഞ്ഞു.