മലപ്പുറം: ആര്‍എസ്എസിന്റെ രാഷ്ട്രീയത്തെ മറ്റൊരു ആര്‍എസ്എസ് ഉണ്ടാക്കി നേരിടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സ്ഥാപക ദിനാചരണവും കെ ദാമോദരൻ സ്മാരക ദേശീയ സെമിനാർ ഭാരത ദർശനത്തിന്റെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ഏതിരിടാന്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പൗരത്വ നിയമമുണ്ടാക്കുന്ന പ്രതിസന്ധി ഏതെങ്കിലും ഒരു മതത്തിന്റെ പ്രശ്‌നമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ പ്രശ്‌നത്തെ നേരിടേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് രീതി.
ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരുസഭകളിലും വരാതെ രാം ലീലാ മൈതാനത്ത് ജനങ്ങളോട് കള്ളം പറയുകയായിരുന്നു പ്രധാനമന്ത്രി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചത് ജനങ്ങളുടെ മേല്‍ കുതിരകയറാനല്ല എന്ന് ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പു ഫലം കാണിച്ചുകൊടുത്തുവെന്നും കാനം പറഞ്ഞു. ഭാരതീയ പാരമ്പര്യത്തില്‍ അധ്വാനിക്കുന്നവന്റെ പങ്ക് കണ്ടെത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ ദാമോദരന്‍. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി സിപിഐ മലപ്പുറം സംഘടിപ്പിച്ച ഭാരത ദര്‍ശനം സെമിനാര്‍ ഏറെ അനുകാലിക പ്രസക്തവും മാതൃകാപരവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് വര്‍ഗ്ഗ സമരപാത സ്വീകരിച്ച പോരാളിയായിരുന്നു കെ ദാമോദരന്‍. കല, സാഹിത്യ സാംസ്‌കാരിക മേഖലകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിപ്പിച്ച മഹാനാണ് ദാമോദരനെന്ന് കാനം പറഞ്ഞു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കശ്മീര്‍ സംസ്ഥാന സെക്രട്ടറി മിസ്‌റാബ്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, പി പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ പി കെ കൃഷ്ണദാസ്(മലപ്പുറം), കെ കെ വല്‍സരാജ് (തൃശൂർ), കെ പി സുരേഷ് രാജ് (പാലക്കാട്), അജിത് കൊളാടി, പി മൈമൂന, പി തുളസിദാസ്, എം എ അജയകുമാര്‍ എന്നിവർ പ്രസംഗിച്ചു. നേരത്തെ മലപ്പുറം സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിന് കെ ദാമോദരന്‍ മന്ദിരം നാമകരണം കാനം രാജേന്ദ്രനും ചിത്ര അനാച്ഛാദനം ബിനോയ് വിശ്വവും നിര്‍വ്വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.