സമാനചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായിത്തീരണം: കാനം

Web Desk
Posted on January 15, 2019, 11:03 pm
പാലക്കാട് സിഎംപി ജില്ലാഘടകം സിപിഐയില്‍ ഭാഗമായി നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സമാനചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായിത്തീരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടി കൂടി വരികയാണ്. അതിനാല്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയകക്ഷികള്‍ ഒന്നാകുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സിഎംപി ജില്ലാഘടകം ഒന്നടങ്കം സിപി ഐയില്‍ ലയിക്കുന്നതിന്റെ ഭാഗമായി നടന്ന ലയനസമ്മേളനം താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

ട്രേഡ് യൂണിയനുകള്‍ കഴിഞ്ഞ ആഴ്ച രാജ്യമാകെ അണിനിരന്ന് നടത്തിയ പണിമുടക്കിനോടുള്ള നിലപാടാകണം സമാനചിന്താഗതിക്കാരായ രാഷ്ട്രീയ കക്ഷികള്‍ക്കും ഉണ്ടാകേണ്ടത്. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കം വിജയിച്ചില്ല. ശരിയുടെ പക്ഷത്താണ് എല്‍ഡിഎഫ് എന്നത് ജനം തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. പൊതുവിദ്യാഭ്യാസം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ജെഎന്‍യു നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണ്. വരുന്ന തെരഞ്ഞെടുപ്പാണ് മോഡിയെ ഇപ്പോള്‍ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിഎംപി ജില്ലാ സെക്രട്ടറി മുരളി കെ താരേക്കാട് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മയില്‍, ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി സ്വാഗതവും മണ്ഡലം സെക്രട്ടറി കെ വേലു നന്ദിയും പറഞ്ഞു.

സിഎംപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ പാറുക്കുട്ടി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി ജി സൈമണ്‍ കോശി, ടി എന്‍ ചാമിയപ്പന്‍, ടി കെ ജഗന്നിവാസന്‍, എം ശശി, സി ഗോപി, ജില്ല കൗണ്‍സില്‍ അംഗങ്ങളായ ലളിത അട്ടപ്പാടി, സുമംഗല എസ്, അഭിലാഷ് എസ്, ദുര്‍ഗ്ഗാദാസ്, ടി ബി ഹരിദാസ്, ജോര്‍ജ് അട്ടപ്പാടി, പി അജയന്‍, അഡ്വ. രാജഗോപാല്‍, ഗീതാ ചാമിയപ്പന്‍, സുനില്‍ കുഴല്‍മന്ദം, ജാസ്മിന്‍, അഡ്വ ഷിന്റോ, ഗീത തുടങ്ങിയവരെ കാനം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.