രാജ്യത്തെ തൊഴിൽ സാഹചര്യത്തെ മാറ്റിയത് സംഘടിത തൊഴിലാളി പ്രസ്ഥാനം; കാനം രാജേന്ദ്രൻ

Web Desk

ആലപ്പുഴ

Posted on March 06, 2020, 7:34 pm

രാജ്യത്തെ തൊഴിൽ സാഹചര്യത്തിലുണ്ടായ മാറ്റത്തിന് പിന്നിലുള്ള സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആധുനിക തൊഴിൽ സാഹചര്യത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് ഉണ്ടായത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആവേശത്തോടെ അണിനിരന്നത് രണ്ട് വിഭാഗങ്ങളായിരുന്നു. ക്യാംപസുകൾ വിട്ട് പുറത്തിറങ്ങിയ വിദ്യാർത്ഥികളും പണിയിടങ്ങൾ ബഹിഷ്ക്കരിച്ച് സമരത്തിൽ അണിനിരന്ന തൊഴിലാളികളും സ്വാതന്ത്ര്യ സമരത്തിൽ മികച്ച സംഭാവനകൾ നല്‍കി. വ്യാവസായിക മേഖലയിൽ പണിയെടുത്ത തൊഴിലാളികൾ അവരുടെ കരുത്തും ഇതിലൂടെ വെളിപ്പെടുത്തി. ബ്രിട്ടീഷ് നാവിക കലാപത്തിൽ നാവികരുടെ പോരാട്ടത്തിന് പിന്തുണ നൽകിയ തൊഴിലാളികൾ പുതിയ ചരിത്രമാണ് രചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശിയ ശതാബ്ദി സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വർഷങ്ങൾക്ക് മുമ്പ് തൊഴിൽ നിയമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ അണിനിരന്നത് ഇടതുപക്ഷ അനുഭാവമുള്ള സംഘടനകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായാണ് അണിനിരക്കുന്നത്. മൂലധന താൽപ്പര്യങ്ങൾക്ക് അനുസൃതമായ പരിഷ്ക്കാരങ്ങൾക്കെതിരെ എഐടിയുസി ആരംഭിച്ച പ്രക്ഷോഭങ്ങളോട് ഒട്ടുമിക്ക തൊഴിലാളി സംഘടനകളും യോജിച്ച നിലപാടാണ് സ്വീകരിക്കുന്നത്. ബിഎംഎസ് സാങ്കേതികമായി ഇത്തരം സമരങ്ങളുടെ ഭാഗമല്ലെങ്കിലും അവരുടെ ദേശീയ സമ്മേളനങ്ങൾ അംഗീകരിക്കുന്ന പ്രമേയങ്ങൾ തെറ്റായ സാമ്പത്തിക നയങ്ങൾക്ക് എതിരാണ്. ഇത്തരം തെറ്റായ സാമ്പത്തിക നയങ്ങൾ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് ഭീഷണിയായി മാറുന്നതാണ് ഇതിന്റെ കാരണം.

മോചനത്തിന്റെ പാത സമരമല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറിവ് തൊഴിലാളി വർഗ്ഗത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എഐടിയുസി ജില്ലാ പ്രസിഡന്റ് എ ശിവരാജൻ, ദേശിയ കൗൺസിൽ അംഗം പി വി സത്യനേശൻ, സംസ്ഥാന സെക്രട്ടറി ആർ പ്രസാദ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോയിക്കുട്ടി ജോസ്, എം കെ ഉത്തമൻ, ദീപ്തി അജയകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, എഐടിയുസി നേതാക്കളായ ഡി പി മധു, എ എം ഷിറാസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി മോഹൻദാസ് നന്ദി പറഞ്ഞു.

you may also like this video;