Janayugom Online
kanam Rajendran

ഇരുട്ടിന്റെ സന്തതികള്‍ക്ക് കേരളം കീഴടങ്ങണമോ എന്നാലോചിക്കണം: കാനം

Web Desk
Posted on October 16, 2018, 11:08 pm

തിരുവനന്തപുരം: നമ്മുടെ നാടിന്റെ നവോത്ഥാന പാരമ്പര്യത്തെ സംരക്ഷിച്ച് നാടിനെ മുന്നോട്ട് നയിക്കണോ അതോ നവോത്ഥാന ആശയങ്ങളെ എന്നും എതിര്‍ത്തിട്ടുള്ള ഇരുട്ടിന്റെ സന്തതികള്‍ക്ക് കീഴടങ്ങണോ എന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മനസാകെ ഒരുമിച്ച് നില്‍ക്കേണ്ട അവസരത്തില്‍ ആ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. വിശ്വാസികളെ തെരുവിലിറക്കി സര്‍ക്കാരിനോട് വിലപേശുന്നതാണോ വിശ്വാസം സംരക്ഷിക്കാന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
ഭരണഘടനാപരമായ സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. കൊടിമാറ്റി വച്ച് ആര്‍എസ്എസ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറയുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും നെഹ്‌റുവിന്റെയും പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. സംഘപരിപാര്‍ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് കോണ്‍ഗ്രസ്.
ജനകീയ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ കാലങ്ങളിലും നടന്നിട്ടുണ്ട്. വര്‍ധിച്ച ജനപിന്തുണയോടെ അത്തരം സമരങ്ങളെ അതിജീവിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടി എംഎല്‍എ, എന്‍സിപി നേതാവ് വര്‍ക്കല രവികുമാര്‍, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സ്‌കറിയ തോമസ് എന്നിവര്‍ സംസാരിച്ചു.