Monday
23 Sep 2019

എതിരാളികളുടെപോലും സ്‌നേഹാദരംപിടിച്ചുപറ്റിയ ജനകീയ നേതാവ്

By: Web Desk | Thursday 11 July 2019 10:50 PM IST


ഴിവുറ്റ സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ കേരള ജനതയുടെ മനസില്‍ സ്ഥാനം നേടിയ കമ്മ്യൂണിസ്റ്റാണ് പി കെ വാസുദേവന്‍ നായര്‍. ലാളിത്യമായിരുന്നു പികെവി യുടെ മുഖമുദ്ര. എതിരാളികളുടെ പോലും സ്‌നേഹാദരവുകള്‍ പിടിച്ചു പറ്റിയ ജനകീയ നേതാവായിരുന്നു അദ്ദേഹം. പികെവിയുടെ 14-ാം ചരമവാര്‍ഷികദിനമാണ് ഇന്ന്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പികെവി പൊതുരംഗത്തേക്കു കടന്നു വന്നത്. വളരെ വേഗത്തില്‍ അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും ദേശീയ നേതാവുമായി ഉയര്‍ന്നു. വിദ്യാര്‍ഥികളുടെ അവകാശ സമ്പാദനത്തിനായി എണ്ണമറ്റ സമരങ്ങള്‍ക്ക് പികെവി നേതൃത്വം നല്‍കി.

ആലുവ യു സി കോളജ് സ്വാതന്ത്ര്യ ധ്വനികളാല്‍ മുഖരിതമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പികെവി ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യു സി കോളജ് യൂണിറ്റിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു പ്രസംഗത്തിന്റെ പേരില്‍ അക്കാലത്ത് പികെവിക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായി. യു സി കോളജ് പഠനം കഴിഞ്ഞ പികെവി തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നു. അവിടം മുതല്‍ ജനാധിപത്യഭരണ വ്യവസ്ഥയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് അദ്ദേഹം അവയ്ക്ക് നേതൃത്വം നല്‍കി. പികെവി തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1945 ല്‍ പികെവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1948 ല്‍ പികെവി ഒളിവില്‍ പോയി. ഒളിവുകാലത്ത് കേരളത്തിലുടനീളം സഞ്ചരിച്ച് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി.
1951 ല്‍ പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീങ്ങിയതിനെ തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ഥി

ഫെഡറേഷന്റെ ഭാഗമായി അഖില കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റായി പികെവി തെരഞ്ഞെടുക്കപ്പെട്ടു. ധാരാളം വിദ്യാര്‍ഥി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സ്‌കൂള്‍-കോളജ് മാനേജ്‌മെന്റുകളുടെ ധിക്കാരവും ഗര്‍വും നിറഞ്ഞ സമീപനങ്ങള്‍ക്കെതിരായി നടന്ന ആ സമരങ്ങള്‍ ചരിത്രത്തിലിടം നേടിയവയായിരുന്നു. അതിനിടെ പികെവി അറസ്റ്റ് ചെയ്യപ്പെട്ടു.
ജയില്‍മോചിതനായി പുറത്തു വന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടി കേന്ദ്രത്തിലെ ശ്രദ്ധേയരായ നേതാക്കളില്‍ ഒരാളായി മാറി. 1954 ല്‍ പാര്‍ട്ടി പികെവിയെ ജനയുഗം പത്രത്തിന്റെ മുഖ്യ ചുമതലക്കാരനാക്കി. 1957 ല്‍ നടന്ന രണ്ടാമത് പൊതു തെരഞ്ഞെടുപ്പില്‍ പികെവി യെ തിരുവല്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. അദ്ദേഹം വിജയിച്ചു. 1959 ല്‍ അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ സംഘടനയുടെ ആദ്യ പ്രസിഡന്റായി പികെവി തെരഞ്ഞെടുക്കപ്പെട്ടു. ലോക യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1962 ല്‍ അമ്പലപ്പുഴ നിന്നും 1967 ല്‍ പീരുമേട് നിന്നും പികെവി പാര്‍ലമെന്റംഗമായി. 1977 ല്‍ പികെവി തന്റെ പ്രവര്‍ത്തന കേന്ദ്രം കേരളത്തിലേക്ക് മാറ്റി. ആലപ്പുഴ നിന്നും നിയമസഭാംഗമായി. 1977-78 ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വ്യവസായം, വിദ്യുച്ഛക്തി, വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ആന്റണി രാജിവച്ച് ഒഴിഞ്ഞതിനെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രിയായി. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കെ കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭാകാലത്ത് പികെവി പ്രതിപക്ഷ നേതാവായി. അന്ന് എ സി ജോസ് സ്പീക്കറായപ്പോള്‍ പികെവി നടത്തിയ അനുമോദന പ്രസംഗം ശ്രദ്ധേയമാണ്. അത് ഇങ്ങനെ: ”സര്‍, അങ്ങ് ഈ സഭയുടെ റഫറിയാണ്. റഫറി ഗോളടിക്കരുത്. അഥവാ ഗോളടിക്കേണ്ടി വന്നാല്‍ ഒരു ഗോള്‍ അപ്പുറത്ത് അടിച്ചാല്‍ ഒരു ഗോള്‍ ഇപ്പുറത്തും അടിക്കണം.”
1984 ല്‍ പികെവി സിപിഐ സംസ്ഥാന സെക്രട്ടറിയായി. 1998 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദേശീയ തലത്തില്‍ പികെവി ദേശീയ എക്‌സിക്യൂട്ടീവംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിച്ചു വരവേയാണ് മരണം.
2004 ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തുനിന്ന് പികെവി ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ താത്വിക വാരികയായ ‘നവയുഗ’ ത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു.
മാനവികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പികെവി തന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയ സത്യസന്ധതയുടെയും, കുലീനതയുടെയും പ്രതീകമായിരുന്നു.
നമ്മുടെ രാജ്യം അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പികെവി ജീവിതാന്ത്യം വരെ ഇടതുപക്ഷ ഐക്യത്തിനായാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നമ്മുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരട്ടെ.