Web Desk

തിരുവനന്തപുരം

October 30, 2020, 6:41 pm

കേന്ദ്ര ഏജൻസികൾ ഇപ്പോൾ തുടരുന്നത്‌ ഇടതുപക്ഷത്തോടുള്ള പകപോക്കൽ: കാനം രാജേന്ദ്രൻ

Janayugom Online

പാർട്ടി സെക്രട്ടറിയുടെ മകൻ പ്രത്യേകതരം പൗരനല്ലെന്നും സാധാരണ പൗരന്മാരോടെന്നപോലെ ഇന്ത്യയിലെ ശിക്ഷാനിയമം ഏതാണോ, ആ നിയമം ഉപയോഗിച്ച് കേസെടുക്കാനും അന്വേഷിക്കാനും കഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരെ ഇഡിയുടെ നിയമനടപടി സംബന്ധിച്ച പരാമർശങ്ങളായിരുന്നു മാധ്യമങ്ങളുടെ ലക്ഷ്യം. ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപക്വമായി നൽകിയ മറുപടികളെ വളച്ചൊടിച്ച് ‘ബിനീഷിനെ ന്യായീകരിച്ച് കാനം’ എന്ന രീതിയിലാണ് ചില ചാനലുകൾ വാർത്തകൾ പ്രചരിപ്പിച്ചത്. തങ്ങളുടെ ചോദ്യങ്ങളും സിപിഐ സെക്രട്ടറിയുടെ ഉത്തരങ്ങളും ചാനൽ സംഘങ്ങളാരും പൂർണമായും നല്കിയതുമില്ല.

ഇവിടെ കൊലപാതകങ്ങളും മറ്റുവലിയ സംഭവങ്ങളും നടക്കുന്നു, അതൊന്നുമല്ല, ഇതിലാണോ കാര്യം എന്ന മറുപടിയോടെയാണ് ബിനീഷ് വിഷയത്തിലുള്ള ചോദ്യത്തിന് കാനം മറപടി തുടങ്ങിയത്. കൊലപാതങ്ങളെക്കുറിച്ചും മറ്റും ജനങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പറയാനാവുമോ എന്നായിരുന്നു കാനത്തോടുള്ള മറുചോദ്യം. അതെല്ലാം ധൈര്യമായി ജനങ്ങളോട് പറയാനാവുമെന്നും അതിലെ ഗൂഢാലോചനകളെക്കുറിച്ച് പറഞ്ഞുകൊണ്ട് എൽഡിഎഫിന് മുന്നോട്ട് പോകാനാകുമെന്നുമുള്ള മറുപടി തുടങ്ങിയതോടെയാണ് മാധ്യമങ്ങൾ ബിനീഷിന്റെ വിഷയം ആവര്‍ത്തിച്ചത്. ചോദ്യങ്ങളും ഉത്തരവും ഇങ്ങനെ:-

?പാർട്ടി സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണത്തെ പറയാനാവുമോ.
= ഏതുകാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് പറയാനാവും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ, രക്ഷിക്കാൻ താൻ ഇല്ല എന്ന് അദ്ദേഹം നിങ്ങളോട് ഇന്നലെയും പറഞ്ഞുവല്ലോ. അതിൽക്കൂടുതൽ ഇനിയെന്ത് പറയാനാണ്.
? കോടിക്കണക്കിന് രൂപയുടെ ഇടപാടിനെക്കുറിച്ചാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇതുവെറും രാഷ്ട്രീയ പകപോക്കൽ മാത്രമായി കാണാനാവുമോ
= ഒരു കേസിന്റെ അന്വേഷണ ഘട്ടത്തിൽ സാക്ഷിമൊഴികളും മറ്റു പ്രസ്താവങ്ങളും ആ കേസിന്റെ അവസാനതീരുമാനമായി കാണരുതെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞത് ശ്രദ്ധിച്ചിട്ടുണ്ടോ. അതുകൊണ്ട് കക്ഷികളുടെ കാര്യങ്ങളും ആരോപണങ്ങളും വച്ച് ഈ കേസിന് തീരുമാനമായി എന്ന് നമ്മൾക്ക് പറയാനാവില്ല. ഇപ്പോൾ വന്നിരിക്കുന്നത് സാമ്പത്തിക ഇടപാട് മാത്രമാണ്. അത് നിയമപരമായിത്തന്നെ അങ്ങ് പോകട്ടെ.
? ഇത്രയും പൈസയുടെ വിനിമയം നടത്തിയിട്ടുണ്ട് എന്നുള്ളതാണ്…
= അത് അവർ ആരോപിക്കുന്നത്. അതിന് ഇവർക്ക് കണക്കുകൊടുക്കാനും കാണും, സ്വാഭാവികമല്ലേ. ഒരു കേസിന്റെ ഓരോ ഘട്ടത്തിലും നമ്മൾ തീരുമാനമെടുക്കണോ. കോടതി തീരുമാനിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ.
? കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്ന് വരുന്ന ആളായതുകൊണ്ട്…
= ആരോപണം ശരിയാവുന്ന നിലയ്ക്കല്ലേ ആ പ്രശ്നമുള്ളൂ. ശരിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ.
? കേന്ദ്ര ഏജൻസികൾ ശരിയായ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നാണല്ലോ സർക്കാർ പറയുന്നത്.
= അത് സർക്കാരിന്റെ അഭിപ്രായമല്ലേ. ഞങ്ങൾ പറഞ്ഞത് രാഷ്ട്രീയമായ അഭിപ്രായമാണ്.
? പകപോക്കലാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത് എന്നാണോ
= അത് പലപ്പോഴും അങ്ങനെ തന്നെയാണ്. അന്വേഷിച്ചാൽ അത് കാണാനാവും.
? ബിനീഷിന്റെ കാര്യത്തിലും…
= ഏത് കാര്യത്തിലും കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന സമീപനങ്ങളോട് വ്യത്യസ്ഥ സമീപനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികൾക്കുള്ളത്. ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും അതുകാണും.
? ബിനീഷിന് ഇത്രയധികം പൈസ ഉണ്ട് എന്നതിന് ഒരു പരിഹാരം…
= അത് എനിക്കറിയില്ല. അദ്ദേഹത്തിന് പൈസ എവിടെനിന്ന് വരുന്നുവെന്നത്.
? ബിനീഷിനെതിരെയുള്ള അന്വേഷണം പൂർണമായും പകപോക്കലാണോ.
= ബിനീഷ് ഗവർമെന്റിന്റെ ആളല്ലല്ലോ. ബിനീഷിന്റെ അന്വേഷണവും ഗവർമെന്റുമായി ഒരു ബന്ധവുമില്ല. ബിനീഷ് ഒരു വ്യക്തിയാണ്. എല്ലാ പൗരന്മാരെപ്പോലെ ഒരാളാണ്. നേതാവിന്റെ മകനായതുകൊണ്ട് പ്രത്യേക പൗരത്വമില്ല. അതുകൊണ്ട് എല്ലാ പൗരന്മാരും കേസിൽപ്പെടുന്നതുപോലെ അദ്ദേഹവും കേസില്‍ പെട്ടിട്ടുണ്ട്. വേറെ പ്രത്യേകയൊന്നും കാണിന്നില്ല.
? പാർട്ടി സെക്രട്ടറിയുടെ മകൻ എന്ന പ്രത്യേക പ്രിവിലേജ് ബിനീഷിന്…
= അങ്ങനെ പ്രിവിലേജ് ഉപയോഗിക്കാൻ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകൻ ഒരു പ്രത്യേകതരം പൗരനല്ല. സാധാരണ പൗരനെപ്പോലെ തന്നെയാണ്. അപ്പോൾ ഇന്ത്യയിലെ ശിക്ഷാനിയമം, ഏതാണോ ആ നിയമത്തിനനുസരിച്ച് അവര്‍ക്കെതിരെ കേസെടുക്കാം അന്വേഷിക്കാം.
? പ്രിവിലേജ് ഉപയോഗിച്ചിട്ടില്ല എന്ന് പറയാൻ കഴിയുമോ
= അതിപ്പോൾ ഞാൻ എങ്ങനെയാണ് പറയുന്നത്.