കോഴിക്കോട്: സിപിഐഎമ്മിൽ ആരൊക്കെ മാവോയിസ്റ്റുകളാണെന്ന് പറയേണ്ടത് അവർതന്നെയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട്ട് അറസ്റ്റിലായ രണ്ട് സി പി ഐ എം പ്രവർത്തകർ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു എ പി എ കരിനിയമം തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു. കോഴിക്കോട്ട് അറസ്റ്റിലായവർ നിരപരാധിയാണോയെന്ന് പോലീസ് തീരുമാനിക്കട്ടെ.
നിരപരാധിയായാലും കുറ്റവാളിയായാലും യു എ പി എ പ്രയോഗിക്കരുതെന്നാണ് സി പി ഐ നിലപാട്. പാർട്ടി നേരത്തെ സ്വീകരിച്ചതും ഇതേ നിലപാടാണ്. അതിൽ മാറ്റമൊന്നുമില്ല. ദേശീയതലത്തിൽ സി പി എമ്മും സി പി ഐയും യു എ പി എക്കെതിരേ കാമ്പയിൻ നടത്തിവരികയാണ്. കേരള സർക്കാർ യു എ പി എ പ്രയോഗിക്കാൻ പാടില്ല എന്ന നിലപാടാണ് സി പി ഐക്കുള്ളതെന്നും കാനം പറഞ്ഞു. കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ധവളപത്രം കേന്ദ്ര സർക്കാറിന്റെ നടപടികൾ മൂലമുള്ള പ്രശ്നങ്ങൾ സൗകര്യപൂർവം വിസ്മരിക്കലാണ്.
you may also like this video;
കേന്ദ്രത്തിൽ നിന്ന് നികുതിയിനത്തിൽ സംസ്ഥാനത്തിനു വലിയ തുക കിട്ടാനുണ്ട്. കേന്ദ്ര ധനമന്ത്രിയെകണ്ട് ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ധനമന്ത്രിയുടെ മുൻകൈയിൽ രാജ്യത്തെ എല്ലാ ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെകണ്ട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തുക നൽകുന്നതിനു നടപടിയുണ്ടാകുന്നില്ല. രാജ്യത്തിന്റൈ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചിട്ടുള്ളത്. ഇന്ന് കമ്പോളത്തിൽ സ്തംഭനമാണ്. വാങ്ങാനുള്ള ശേഷി ആളുകൾക്ക് ഇല്ലാതായി.
പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നടപ്പിലാക്കരുത് എന്ന് തന്നെയാണ് നിലപാട്. ഇത് കൃത്യമായി മുസ്ലിം മതവിശ്വാസികൾക്ക് എതിരായി ഉള്ളതാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരൻമാരെ നിശ്ചയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ അംഗീകരിക്കാൻ കഴിയില്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വിദ്യാർഥി നേതാക്കൾ വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് കാനം പറഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള പരിശീലനത്തിനാണ് പോകുന്നത്.
ലോക യുവജനോൽസവത്തിനു കേരളത്തിൽ നിന്ന് യുവാക്കൾ പോകുന്നതിനുള്ള സൗകര്യം സംസ്ഥാന സർക്കാറാണ് ചെയ്യുന്നത്. വിദ്യാർഥികളൂടെ വിദേശയാത്രയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.