Janayugom Online
kanam rajendran in press meet

പ്രളയാനന്തരകേരളത്തിനു അപശബ്ദങ്ങള്‍ നല്ലതല്ല: കാനം

Web Desk
Posted on September 11, 2018, 2:58 pm
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ഒരുമ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉയരുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഒരുമയോടു കൂടിയുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികൾ മുന്നോട്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില അഭിപ്രായ പ്രകടനങ്ങള്‍ ചില കോണുകളില്‍ നിന്നും ഉയരുന്നത് ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കണം. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘പ്രളയാനന്തരകേരളം’ എന്ന മുഖാമുഖം പരിപാടിയില്‍ സാരിക്കുകയായിരുന്നു കാനം.
 കേരളത്തിനുണ്ടായ നഷ്ടം ദേശീയ നഷ്ടമായി കണക്കാക്കി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇന്നത്തെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സഹായം നല്‍കിയാല്‍ അതൊട്ടും മതിയാകില്ല. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക പാക്കേജുതന്നെ പ്രഖ്യാപിക്കണം. സംസ്ഥാനത്തിനും രാജ്യത്തിനും അകത്തും പുറത്തും നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കണം. അവ ഉള്‍ക്കൊണ്ട് സമഗ്രമായ ഒരു പുനര്‍ നിര്‍മ്മാണ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണം.
ഇക്കാര്യത്തില്‍ സിപിഐ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. സി അച്യുതമേനോന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 25, 26 തീയതികളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭമുതല്‍ കേരള വികസനത്തിന്റെ കാര്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന പാര്‍ട്ടിയാണ് സിപിഐ.
പലഘട്ടങ്ങളിലും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. സിപിഐ നേതൃത്വം നല്‍കിയതും പങ്കാളിത്തം വഹിച്ചതുമായ സര്‍ക്കാരുകള്‍ ശരിയായ വികസന കാഴ്ചപ്പാടോടെ നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
 ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറയുന്നതുപോലെ പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവാകുന്ന വികസനമാണ് ആവശ്യമായിട്ടുള്ളത്. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്ന പ്രത്യയശാസ്ത്രമുണ്ട്. പ്രകൃതിയെ സംരക്ഷിക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രത്തോടൊപ്പമാണ് സിപിഐ നിലകൊള്ളുന്നത്. ഇക്കാര്യത്തില്‍ യോജിക്കുന്നവരുണ്ടാകാം വിയോജിക്കുന്നവരുണ്ടാകാം. യോജിക്കുന്നവരുടെ ശബ്ദത്തിന് മുന്‍തൂക്കം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
 കുന്നുകളും മലകളും ഇടിച്ചുനിരത്തി പ്രളയജലത്തിന് ഒഴുകിപോകാനാകാതെ വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ് ഇപ്പോഴത്തെ പ്രളയം കേരളത്തിന് നല്‍കുന്ന പാഠം. നമ്മുടെ പുഴകള്‍ സംരക്ഷിക്കപ്പെടണം. പുഴകളിലെ വെള്ളം നിര്‍ബാധം ഒഴുകിപ്പോകാന്‍ സാഹചര്യം ഒരുക്കണം. ഇത്തരം കാര്യങ്ങൾ  മനസില്‍വെച്ചുകൊണ്ടാകണം പുനര്‍ നിര്‍മ്മാണം.
 പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള നിബന്ധനകള്‍ ഉള്‍ക്കൊള്ളിക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.

കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെ വിമര്‍ശിക്കുന്ന തരത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തി പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കിയിട്ടുള്ളതായി ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്നും കാനം വ്യക്തമാക്കി.
പി കെ ശശി എംഎല്‍യുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കൈകാര്യം ചെയ്യാന്‍ സിപിഐ (എം)ന് കഴിവുണ്ട്. ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമെന്ന നിലയില്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അവരുടെ സഹോദരന്‍ കഴിഞ്ഞ ദിവസം നേരിട്ടുവന്ന് കണ്ടപ്പോള്‍, അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് അറിയിച്ചതായും കാനം പറഞ്ഞു.