Web Desk

ആലപ്പുഴ

October 27, 2020, 10:18 pm

പുന്നപ്ര‑വയലാർ സമരത്തെ ആർക്കും തമസ്ക്കരിക്കാനാവില്ല; കാനം

Janayugom Online

പുന്നപ്ര‑വയലാർ സമരത്തെ ആർക്കും തമസ്ക്കരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുന്നപ്ര‑വയലാർ വാരാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘപരിവാർ നയിക്കുന്ന നരേന്ദ്രമോഡി സർക്കാർ ചരിത്രത്തിന്റെ താളുകളാണ് തിരുത്താൻ ശ്രമിക്കുന്നത്. ആർ എസ് എസുകാരെ കൊണ്ട് കുത്തിനിറയ്ക്കപ്പെട്ട ചരിത്ര ഗവേഷണ കൗൺസിലും അതിന്റെ പ്രസിദ്ധീകരണങ്ങളും പുന്നപ്ര‑വയലാർ സമരത്തെ തമസ്ക്കരിക്കുന്നു.

രാജ്യം ആദരിക്കുന്ന ചരിത്രകാരന്മാരെ ഒഴിവാക്കി ചരിത്ര ഗവേഷണ കൗൺസിലിൽ ആർഎസ്എസുകാരാണ് ഇപ്പോഴുള്ളത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആർഎസ്എസ്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയും രാജ്യത്തിന്റെ സ്വതന്ത്ര്യത്തിന് വേണ്ടിയും നടന്ന ഉജ്ജ്വലമായ പോരാട്ടമാണ് പുന്നപ്ര‑വയലാർ സമരം. ഈ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ പല കേന്ദ്രസർക്കാരുകളും തയ്യാറായിരുന്നില്ല.

സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്ത ആഭ്യന്തരമന്ത്രിയായ ശേഷമാണ് ഈ ഉജ്ജ്വല സമരത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിലാളികളും കർഷകരുമെല്ലാം രാഷ്ട്രീയ വ്യത്യാസമില്ലാതെ കേന്ദ്രത്തിനെതിരായുള്ള പോരാട്ടങ്ങളിലാണ്. കുത്തകകൾക്ക് വേണ്ടി മാത്രം ഭരിക്കുന്ന കേന്ദ്രസർക്കാരിന് ഈ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പോലും കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി. മുഴുവൻ സംസ്ഥാനങ്ങളിലേയും തൊഴിലാളികളും കർഷകരും കേന്ദ്രത്തിനെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; kanam statement

You may also like this video;