സംവരണേതര വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം; എതിര്‍ക്കുന്നവര്‍ “കുരുടന്‍ ആനയെ കണ്ടപോലെ”

Web Desk
Posted on October 28, 2020, 5:06 pm

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാൻ സംസ്ഥാന സർക്കാർ കൈകൊണ്ട തീരുമാനത്തെ എതിർക്കുന്നവർ ”കുരുടൻ ആനയെ കണ്ടപോലെ” ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. 2019 ജനുവരിയിൽ പാർലമെന്റ് പാസാക്കിയ 103ാം ഭരണഘടനാ ഭേദഗതിയുടേയും തുടർന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടേയും അടിസ്ഥാനത്തിലാണ് സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് ഉള്ള പത്ത് ശതമാനം സംവരണം. നിലവിലുള്ള സംവരണത്തിൽ ഒരു കുറവുമുണ്ടാവില്ല. ഓപ്പൺ മെറിറ്റിൽ ഇപ്പോഴുള്ള 50 ശതമാനത്തിൽ നിന്നാണ് പത്തു ശതമാനം നീക്കിവെക്കുന്നതെന്ന് തിരുവനന്തപുരം എം എൻ സ്മാരകത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാനം പറഞ്ഞു.

ഇതു സംബന്ധിച്ച് റിട്ടയേർഡ് ജഡ്ജി, ജസ്റ്റിസ് കെ ശശിധരൻ നായർ കൺവീനറായുള്ള രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധന നടത്തി. അതിനനുസൃതമായാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്. ഭരണഘടനാ ഭേദഗതി പാർലമെന്റിൽ വന്ന അവസരത്തിൽ ഒരു മുഖ്യധാരാ പാർട്ടിയും അതിനെ എതിർത്തില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാർക്ക് എതിരായാണ് തീരുമാനം എന്ന നിലയിൽ സാമുദായിക സംഘടനകളെ ഒരുമിച്ചു കൂട്ടാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നത്. യഥാർത്ഥ വസ്തുത മനസ്സിലാക്കുമ്പോൾ ഇന്ന് ലീഗിനൊപ്പം നിൽക്കുന്നവർതന്നെ അവരെ തള്ളിപ്പറയും.

ചില സമുദായങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് ഇടതുമുന്നണി തീരുമാനമെന്ന കെ പി സി സി പ്രസിഡന്റിന്റെ വിമർശനം ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് സംശയ നിവൃത്തി വരുത്തുകയാണ് വേണ്ടത്. നിയമം നടപ്പിലായി കഴിയുമ്പോൾ മാത്രമേ ഇപ്പോൾ ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ കഴിയൂ. സീറോ മലബാർ സഭ കാര്യങ്ങൾ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കാനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്ത നടപടി സർക്കാരിന്റെ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ശിവശങ്കർ ഇപ്പോൾ ഗവണ്മെന്റിന്റെ ഭാഗമല്ല. ആരോപണം ഉയർന്നപ്പോൾതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. സിവിൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം കഴിഞ്ഞ കുറേ നാളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത ഒരു ദിവസം ചൂണ്ടിക്കാണിക്കാനാവുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.

Eng­lish sum­ma­ry; kanam statement

You may also like this video;