ഹര്‍ത്താലിന്റെ മറവില്‍ ബിജെപി- ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം: കാനം രാജേന്ദ്രന്‍

Web Desk
Posted on January 03, 2019, 10:54 pm

തിരുവനന്തപുരം: വ്യാഴാഴ്ച ബിജെപി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ബിജെപി നേതൃത്വം ക്വട്ടേഷന്‍ സംഘവുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ പൊതുപ്രവര്‍ത്തകര്‍ വിരളമായിരുന്നുവെന്നും പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാനം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കു നേരെ ഇത്രയേറെ ആക്രമണം നടന്ന ഒരു ഹര്‍ത്താല്‍ സമീപകാല കേരളം കണ്ടിട്ടില്ല. പാലക്കാട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസും മറ്റ് നിരവധി സിപിഐ ഓഫീസുകള്‍ക്കും നേരെ ആക്രമണം നടത്തി. സിപിഎമ്മിന്റെ നിരവധി ഓഫീസുകള്‍ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു.
തലസ്ഥാന നഗരിയില്‍ ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും ഇത്രയേറെ ആക്രമിക്കപ്പെട്ട ഹര്‍ത്താല്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. നിരവധി കേന്ദ്രങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമല്ല സ്വകാര്യ വാഹനങ്ങളും ആക്രമണത്തിന് ഇരയായി. വഴിയാത്രക്കാരെപ്പോലും അക്രമികള്‍ വെറുതെ വിട്ടില്ല. നിരവധി കച്ചവട സ്ഥാപനങ്ങളും വ്യാപാരി വ്യവസായികളും ആക്രമിക്കപ്പെട്ടു.

ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കുക എന്ന ഭരണഘടനാ ബാധ്യത നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. അതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അക്രമം നടത്താനാണ് ബിജെപി മുതിര്‍ന്നത്. ഭരണഘടനയ്ക്കും നിയമവ്യവസ്ഥകള്‍ക്കു മുകളില്‍ വിശ്വാസം അടിച്ചേല്‍പ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. സംസ്ഥാനത്ത് നിയമവാഴ്ചയും ക്രമസമാധാന പരിപാലനവും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്നത്.
ഈ സംഭവത്തില്‍ കരിദിനം ആചരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരിങ്കൊടി പ്രകടനം നടത്താനും ആക്രമണം നടത്താനും യുഡിഎഫും മുന്നോട്ടുവന്നു.
ഇത്തരം കേട്ടുകേഴ്‌വിയില്ലാത്ത ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായി പൊതുജന വികാരം ഉയര്‍ന്നു വരണമെന്ന് കാനം അഭ്യര്‍ത്ഥിച്ചു. ആക്രമണ സംഭവങ്ങള്‍ക്കെതിരെ ജനങ്ങളുടെ ചെറുത്തു നില്‍പ്പുണ്ടാവണം.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ കാണുമെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്ക് അക്കാര്യത്തില്‍ യോജിപ്പുണ്ടോയെന്ന് കാനം തിരിച്ചു ചോദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂല നിലപാടാണുള്ളത്. പ്രധാനമന്ത്രിയെക്കണ്ട് നിവേദനം നല്‍കുമെന്ന അവകാശവാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ്. ഒരു കേരള എഡിഷന്‍ വാര്‍ത്തയായിമാത്രം അത് അവസാനിക്കുമെന്നു കാനം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബുവും സത്യന്‍ മൊകേരിയും സംബന്ധിച്ചു.

നാളെ സിപിഐ പ്രതിഷേധ ദിനം ആചരിക്കും
ഹര്‍ത്താലിന്റെ മറവില്‍ ബിജെപി നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് സിപിഐ പ്രതിഷേധ ദിനം ആചരിക്കും. ജില്ലാ-മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഹ്വാനം ചെയ്തു.