Monday
18 Feb 2019

ചാതുര്‍വര്‍ണ്യ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം: കാനം

By: Web Desk | Monday 12 February 2018 11:03 PM IST

നെടുങ്കണ്ടം: ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ശക്തികളെ കൂട്ടുപിടിച്ച് ബിജെപി നടത്തിവരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നെടുങ്കണ്ടത്ത് പി എസ് ഭാസ്‌കരന്‍ നഗറില്‍ (സഹകരണ ബാങ്ക് ഓഡിറ്റോറിയം) സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തുടങ്ങിയതോടെ രാജ്യത്തെ ജനങ്ങളുടെ പൊതുവികാരം ഭയമായി മാറിയിരിക്കുകയാണ്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടാലെ ജനാധിപത്യം നിലനില്‍ക്കുകയുള്ളു. ബിജെപിയും സംഘപരിവാര്‍ ശക്തികളും പിന്‍തുടരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം രാജ്യത്തെ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. ഫാസിസ്റ്റ് നിലപാടിനൊപ്പം സാമ്പത്തികനയങ്ങളിലും ജനവിരുദ്ധ നയങ്ങള്‍ പിന്‍തുടരുന്ന മോഡി സര്‍ക്കാര്‍ സാധാരണ ജനങ്ങളെ ശത്രുപക്ഷത്തു കണ്ടാണ് ഭരണം നടത്തുന്നത്.
തൊഴിലാളികളുടെയും കര്‍ഷകരുടെയും യുവജനങ്ങളുടെയും പ്രതീക്ഷകള്‍ തല്ലികൊടുത്തിയ മോഡി കുത്തക മുതലാളിമാര്‍ക്കു വേണ്ടിയുള്ള നയങ്ങളാണ് ഭരണത്തില്‍ സ്വീകരിച്ചു വരുന്നത്. ദുര്‍ബല ജനവിഭാഗങ്ങളെയും ദളിതരെയും പാടെ മറന്ന കേന്ദ്ര സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ അവരെ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് മത ദേശീയത വളര്‍ത്തി കൊണ്ട് വരുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. മത നിരപേക്ഷത ഉയര്‍ത്തി കൊണ്ട് വന്നാല്‍ മാത്രമേ വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. ഇതിനായി ചെറുത്തു നില്‍പ്പിന്റെ പൊതുവേദി രാജ്യത്ത് ഉയര്‍ന്നു വരണം. മതേതര സ്വഭാവമുള്ള എല്ലാവരും ഇതിനായി ഒരുമിക്കണമെന്നാണ് സിപിഐ നിലപാട്. ഇങ്ങനെ ഉയര്‍ന്നു വരുന്ന പൊതുവേദിയെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളും കൂട്ടായ്മയും ഇതിനായി ഉണ്ടാകണം. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും പ്രതിരോധം തീര്‍ക്കാനും ഓരോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും കഴിയണം. കേരളത്തില്‍ ഇടതുപക്ഷ മുന്നണി ശക്തി പ്രാപിച്ചാലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ബദല്‍ ശക്തിയാവാന്‍ കഴിയു. ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനേയും മുന്നണിയേയും ശക്തിപ്പെടുത്തിന്ന നടപടികളാണ് സിപിഐ സ്വീകരിക്കുന്നത്. എല്‍ഡിഎഫ് വിപുലപ്പെടുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എന്നാല്‍ എല്‍ഡിഎഫ് വിട്ടുപോയ പാര്‍ട്ടികള്‍ തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന അംഗവും സിപിഐ ദേശിയ കണ്‍ട്രോള്‍ കമ്മീഷനംഗവുമായ സി എ കുര്യന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സി. കെ കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു. നേതാക്കളായ കെ പി രാജേന്ദ്രന്‍, ടി. പുരുഷോത്തമന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. വൈകിട്ട് അഞ്ചിന് നവ ലിബറല്‍ നയങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗീസ് മോഡറേറ്ററായിരുന്നു.
ഇന്ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. വനം വകുപ്പ് മന്ത്രി കെ രാജു സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് ആദ്യകാല നേതാക്കളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും സിനിമാ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.