അധികാരത്തിലെത്താന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ കേന്ദ്രം തേടുന്നു: കാനം

Web Desk
Posted on January 18, 2019, 10:23 pm

കോഴിക്കോട്: അധികാരത്തിലെത്താന്‍ തീവ്രവാദ ശക്തികളോട് പോലും സന്ധി ചെയ്യുന്ന കേന്ദ്ര സര്‍ക്കാറാണ് ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന് വ്യാജപ്രചരണം നടത്തി വിദ്യാര്‍ഥികളെ കേസില്‍ കുടുക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ദേശവിരുദ്ധ ശക്തികളുടെ പിന്തുണപോലും തേടുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഇ ബാലറാം ജന്മശതാബ്ദിയോടനുബന്ധിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിച്ച വടക്കന്‍ മേഖലാ പാര്‍ട്ടി സ്‌കൂള്‍ കോഴിക്കോട് ആരാധന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. എന്നാല്‍ ത്രിപുരയിലെ നേട്ടങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ശക്തികളുടെ പിന്തുണയുണ്ടായിരുന്നു. അധികാരത്തിലെത്താന്‍ എന്തും ചെയ്യാമെന്ന നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെങ്ങും ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളുമെല്ലാം ഫാസിസ്റ്റ് ഭരണത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രക്ഷോഭ രംഗത്താണ്. ബി ജെ പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് ചരിത്രവിജമായതിന് കാരണം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിന്നതുകൊണ്ടാണ്. ഈ ജനകീയ ഐക്യത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം സമ്മതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ ഇ സി സതീശന്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിയും ക്യാമ്പ് ലീഡറുമായ ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സി.അംഗങ്ങളായ അഡ്വ. പി വസന്തം, സി എന്‍ ചന്ദ്രന്‍, പി പി സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പാര്‍ട്ടി സംഘടനയും ബഹുജന മുന്നണികളും എന്ന വിഷയത്തിലും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് നവമാധ്യമങ്ങളും വര്‍ത്തമാനകാല രാഷ്ട്രീയവും എന്ന വിഷയത്തിലും ക്ലാസെടുത്തു. ഇന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ദേശീയ നവോത്ഥാനം എന്ന വിഷയത്തിലും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സംസ്ഥാന ഗവണ്‍മെന്റും വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തിലും ക്ലാസെടുക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജില്ലാ- മണ്ഡലം സെക്രട്ടറിമാരാണ് സ്‌കൂളില്‍ പങ്കെടുക്കുന്നത്. പരിപാടി ഇന്ന് സമാപിക്കും.