26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024
December 13, 2024
November 9, 2024
November 6, 2024

കാനത്ത് ഉദിച്ച നക്ഷത്രം

ബസേലിയോസ് മാർത്തോമ മാത്യൂസ് തൃദീയൻ കാതോലിക്ക ബാവ
December 26, 2024 4:09 pm

കൂട്ടുകാരോട് കുശലം പറഞ്ഞും വീട്ടിലെ വിശേഷങ്ങൾ പങ്കിട്ടും നാട്ടിടവഴികളിലൂടെ നടന്ന് സ്കൂളിലേക്കുള്ള യാത്രയാണ് കാനം രാജേന്ദ്രനെ കുറിച്ച് ഓർക്കുമ്പോൾ മനസിൽ തെളിയുന്നത്. ബസ് സർവീസുകൾ അക്കാലത്ത് വിരളമായിരുന്നു. വാഴൂരിനടുത്ത് പുളിക്കൽ കവലയിലെ സെന്റ് പോൾസ് യുപി സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ തീർത്ഥപാദപുരം എസ് വി ആർ സ്കൂളിൽ ചേർന്നകാലം. എന്നെക്കാൾ ഒരുവയസിന് ഇളയതായിരുന്ന കാനവും ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവിടെയാണ് ചേർന്നത്. കാനം എന്ന രണ്ടക്ഷരത്തിലാണ് പ്രശസ്തനായതെങ്കിലും പി രാജേന്ദ്രൻ നായർ എന്നായിരുന്നു സ്കൂൾ രേഖകളിൽ എന്റെ ആത്മമിത്രത്തിന്റെ പേര്. ഞാൻ എം എ മത്തായിയും. 

വാഴൂരിനടുത്തായിരുന്നു ഞങ്ങളുടെ വീടുകൾ. ഉൾഗ്രാമമായ ഉദയപുരത്തായിരുന്നു എന്റെ വീട്. അദ്ദേഹത്തിന്റെ വസതി പേര് സൂചിപ്പിക്കുന്നതുപോലെ അല്പം അകലെ കാനത്തും. ഞങ്ങളൊന്നിച്ചാണ് നാല് മൈൽ നടന്ന് സ്കൂളിലേക്ക് പോകുന്നത്. മൂന്ന് വർഷത്തോളം നീണ്ട ഈ സ്കൂൾയാത്രയോടെ കാനവുമായി മാത്രമല്ല, അദ്ദേഹത്തിന്റെ കൊച്ചുകളപ്പുരയ്ക്കൽ വീടുമായും ആത്മബന്ധം സ്ഥാപിക്കാനായി. ഞാൻ ചെല്ലുന്നതും കാത്ത് കാനം വീടിനടുത്തെ ഇടവഴിയിൽ നിൽക്കുമ്പോൾ മിക്കപ്പോഴും അച്ഛനോ അമ്മയോ അടുത്തുണ്ടാകും. പൗരോഹിത്യ ജീവിതത്തെ കുറിച്ചുള്ള ചിന്തകളൊന്നും എനിക്കന്ന് ഇല്ലാതിരുന്നതിനാൽകൂടിയാവും കളിച്ചും ഉല്ലസിച്ചും ഞങ്ങളുടെ ബാല്യം കടന്നുപോയി. സ്കൂളിൽ പോകും വഴിയും അല്ലാതെയും കാനം ഇടയ്ക്കിടെ ഉദയപുരത്തെ ഞങ്ങളുടെ മറ്റത്തിൽ വീട്ടിലും വരാറുണ്ടായിരുന്നു. എന്റെ അനുജൻ ആന്ത്രയോസുമായും കാനത്തിന് നല്ല സൗഹൃദമായിരുന്നു. പെരുമാറ്റത്തിലെ ശാന്തതയും സൗമ്യതയും കൊണ്ടാവുമെന്ന് ഞാൻ കരുതുന്നു, എന്റെ മാതാപിതാക്കൾക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. 

1965ൽ എസ്എസ്എൽസി പാസായപ്പോൾ കാനം ഒൻപതിലായിരുന്നു. പിരിയാൻ വലിയ വിഷമമായിരുന്നു. കോളജിൽ ചേരാൻ ഒരുങ്ങുന്നതിനിടെ എനിക്ക് ടൈഫോയ്ഡ് പിടിപെട്ടു. നാട്ടുമരുന്നും മറ്റുമായി നാലഞ്ച് മാസം ചികിത്സ. അങ്ങിനെ ഒരു വർഷം കടന്നുപോയി. പിറ്റേകൊല്ലം ഞാൻ വാഴൂർ എൻഎസ്എസ് കോളജിൽ പ്രീഡ്രിഗ്രിക്ക് ചേരാൻ ചെന്നപ്പോൾ ആ വർഷം പത്താം ക്ലാസ്സ് ജയിച്ച കാനവും അവിടെയുണ്ട്. വീണ്ടും രണ്ട് വർഷം കൂടി ഒന്നിച്ച് പഠിക്കാൻ സാഹചര്യമൊരുങ്ങി. ഞാൻ ഫസ്റ്റ് ഗ്രൂപ്പെടുത്തു. കാനം തേർഡ് ഗ്രൂപ്പായിരുന്നെങ്കിലും ഇംഗ്ലീഷ്, മലയാളം ക്ലാസുകൾ ഒന്നിച്ചായതിനാൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കണമെന്നുള്ള ആഗ്രഹം സഫലമായി. സ്കൂളിലും കോളജിലും ഞങ്ങളുടെ ജൂനിയറായിരുന്നു കെ പി സോമൻ എന്ന പീരുമേട് എംഎൽഎ വാഴൂർ സോമൻ. ഞാനും കാനവുമൊക്കെ ഇടത് സംഘടനയുടെ സജീവ പ്രവർത്തകരായിരുന്നു. ക്ലാസ്‌മുറികളിൽ കയറിയുള്ള ചെറുപ്രസംഗങ്ങളായിരുന്നു എന്റെയും കാനത്തിന്റെയും പ്രസംഗ കലയുടെ ആദ്യപാഠം. 

പൊതിച്ചോറുമായി സ്കൂളിനും കോളജിനുമടുത്തുള്ള ആശ്രമം വളപ്പിലെ കുളക്കരയിൽ ചെന്ന് കാനത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച നാളുകൾ ഇന്നും ഓർമ്മയിലുണ്ട്. പിന്നീട് സജീവ രാഷ്ട്രീയത്തിലെ തിരക്കുകളിലേക്ക് മാറിയ കാനത്തെ ഇടയ്ക്ക് കാണുമ്പോൾ ഈ ഓർമ്മകളെല്ലാം പങ്കുവയ്ക്കുമായിരുന്നു. പ്രീഡിഗ്രിക്കുശേഷം രണ്ടുവഴിക്ക് പിരിഞ്ഞെങ്കിലും അദ്ദേഹം വിടപറയുന്നതുവരെയുള്ള 55 വർഷവും സ്നേഹബന്ധം തുടർന്നു. കാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ കോട്ടയം ജില്ലയിലെ പ്രധാന നേതാവായി. അദ്ദേഹത്തിന്റെ പേരിനൊപ്പം കാനം എന്നു ചേർന്നതും അക്കാലത്താണ്. സിഎംഎസിൽ പഠിച്ച നാളുകൾ എന്റെ പൗരോഹിത്യ വഴിയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. ചുങ്കത്തെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ പഠനം കഴിഞ്ഞ് ഞാൻ രണ്ട് വർഷം റഷ്യയിലും അഞ്ച് വർഷം റോമിലും ഉപരിപഠനത്തിന് പോയതോടെ കാനവുമായുള്ള നിരന്തര സമ്പർക്കം അസാധ്യമായി. പിന്നീട് 1984 ൽ ചുങ്കത്തെ പഴയ സെമിനാരിയിൽ അധ്യാപകനായി പ്രവേശിച്ചതോടെ പഴയ സൗഹൃദം തുടരാനായി. 

1991ൽ മെത്രാപ്പോലീത്തയായി കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയിൽ കഴിയവെ സഭാതർക്കങ്ങളുടെ അനുരഞ്ജനപാതയിൽ കാനത്തെ പലതവണ ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. സഭയോട് അതിരില്ലാത്ത സ്നേഹമാണ് കാനത്തിന് എന്നുമുണ്ടായിരുന്നത്.
വാഴൂർ കോളേജിലെ ക്ലാസ് മുറികളിൽ രണ്ടോ മൂന്നോ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചിരുന്ന കാനത്തിന്റെ പിൽക്കാലത്തെ ഉജ്വല പ്രസംഗങ്ങൾ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് ഞാൻ കേട്ടിട്ടുള്ളത്. നിരന്തരം കാണാറോ കേൾക്കാറോ ഇല്ലായിരുന്നെങ്കിലും ആത്മബന്ധത്തിന്റെ ഹർഷം ഞങ്ങൾക്കിടയിൽ എന്നുമുണ്ടായിരുന്നു. കാനത്തിന്റെ വേർപാട് ഒരു സഹോദരന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയാണ് എന്നിലുളവാക്കിയത്. 

(തയ്യാറാക്കിയത്: ജി ബാബുരാജ്)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.